17-ാം വയസില്‍ അമ്മ, ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ അരക്കെട്ടില്‍ പിടിച്ചു; മൗഷമിയുടെ ജീവിതത്തില്‍ സംഭവിച്ചത്
ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു മൗഷമി ചാറ്റര്‍ജി. എഴുപതുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നായികമാരില്‍ ഒരാള്‍. തന്റെ പത്താം വയസില്‍ ബാലികാ വധു എന്ന സിനിമയിലൂടെയായിരുന്നു മൗഷമിയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ നായികയായി. സിനിമ പോലെ തന്നെ മൗഷമിയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഗായകന്‍ ഹേമന്ത് കുമാറിന്റെ മകനായ ജയന്ത് മുഖര്‍ജിയെയാണ് മൗഷമി വിവാഹം കഴിച്ചത്. ജയന്തുമായുള്ള വിവാഹ നിശ്ചയം നടക്കുമ്പോള്‍ താന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു എന്ന് ഒരിക്കല്‍ മൗഷമി പറഞ്ഞിട്ടുണ്ട്. ക്യാന്‍സര്‍ രോഗിയായ പിതൃസഹോദരിയുടെ അവസാനത്തെ ആഗ്രഹമായിരുന്നു തന്റെ വിവാഹം. ഭര്‍തൃപിതാവായ ഹേമന്ത് കുമാറായിരുന്നു മൗഷമിയോട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടത്.

''അച്ഛന് തന്റെ ചേച്ചിയുമായി വളരെ അടുത്ത ബന്ധമായിരുന്നു. അവര്‍ ക്യാന്‍സറിന്റെ അവസാന ഘട്ടത്തിലായിരുന്നു. എന്റെ വിവാഹം ആയിരുന്നു അവരുട അവസാന ആഗ്രഹം. അതിനാല്‍ വിവാഹം നടത്തണമെന്ന് ഭര്‍തൃപിതാവും ആവശ്യപ്പെട്ടു. ഞാന്‍ പരീക്ഷകള്‍ എഴുതിയില്ല. ആ സമയത്ത് തന്നെ എനിക്കൊരു സിനിമയും കിട്ടി. എല്ലാം ആ സമയത്ത് അനുയോജ്യമായി വരികയായിരുന്നു'' എന്നാണ് മൗഷമി പറയുന്നത്.
മൗഷമിയ്ക്കും ജയന്തിനും രണ്ട് പെണ്‍മക്കളാണ്. പായല്‍ മുഖര്‍ജിയും മേഘ മുഖര്‍ജിയും. എന്നാല്‍ 2019 ല്‍ മൂത്ത മകള്‍ പായല്‍ മുഖര്‍ജി മരണപ്പെട്ടു. നന്നേ ചെറുപ്രായത്തില്‍ തന്നെ കരിയറില്‍ വലിയ നേട്ടങ്ങളും ജീവിതത്തില്‍ വലിയ മാറ്റങ്ങളും മൗഷമിയ്ക്ക് സംഭവിച്ചു. ''എന്റെ പതിനേഴാം വയസില്‍ ഞാന്‍ അമ്മയായി. സ്വന്തമായൊരു മെഴ്‌സിഡസ് കാര്‍ വാങ്ങി. അന്ന് എനിക്ക് വിജയത്തിന്റെ അര്‍ത്ഥം പോലും അറിയില്ലായിരുന്നു. സ്‌ക്രീനില്‍ എന്റെ മുഖം കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നിയിരുന്നു'' മൗഷമി പറയുന്നു.
താന്‍ വളരെ കണ്‍സര്‍വേറ്റീവായൊരു കുടംബത്തില്‍ നിന്നുമാണ് വരുന്നത്. അതിന്റെ പേരില്‍ ഭര്‍ത്താവിന്റെ സ്ത്രീസുഹൃത്തുക്കള്‍ പോലും തന്നെ പരിഹസിക്കുമായിരുന്നു എന്നാണ് മൗഷമി പറയുന്നത്. എന്തിനാണ് ഞാന്‍ ആവശ്യമില്ലാതെ കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും എന്നാണ് മൗഷമി അവരോടായി ചോദിച്ചത്. തന്റെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ തന്റെ അരക്കെട്ടില്‍ കൈ വച്ചതിനെക്കുറിച്ചും മൗഷമി സംസാരിച്ചിരുന്നു.

''പാക്കപ്പിന് ശേഷം നടന്മാര്‍ എന്റെ തോളില്‍ കൈ വെക്കുന്നത് എനിക്കിഷ്ടമല്ല. ഒരിക്കല്‍ എന്റെ ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ എന്റെ അരക്കെട്ടില്‍ കൈ വച്ചു. ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞു. അതെന്താ നിന്റെ ഭര്‍ത്താവ് എന്റെ ഭാര്യയുടെ അരക്കെട്ടില്‍ കൈ വച്ചിട്ടുണ്ടല്ലോ എന്ന് അയാള്‍ ചോദിച്ചു. നിങ്ങളുടെ ഭാര്യ അനുവദിച്ചതു കൊണ്ടാണ് അത്, ഞാന്‍ അനുവദിച്ചിട്ടില്ല എന്ന് ഞാന്‍ പറഞ്ഞു'' മൗഷമി പറയുന്നു.
ഒരിക്കല്‍ അമ്മയാകുന്നത് കരിയറിനെ ബാധിക്കുമെന്ന് പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ട് തന്നോട് പറഞ്ഞുവെന്നാണ് മൗഷമി പറയുന്നത്. ഗര്‍ഭിണിയാകുന്നത് കരിയറില്‍ ഒരു തടസമാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ തന്നെ സംബന്ധിച്ച് ജീവിതത്തിന് നിറം നല്‍കുന്ന ഒന്നായിരുന്നു ഗര്‍ഭകാലം എന്നാണ് മഹേഷ് ഭട്ടിന് മൗഷമി നല്‍കിയ മറുപടി. ബോളിവുഡില്‍ മാത്രമല്ല ബംഗാളി സിനിമയിലേയും വലിയ താരമായിരുന്നു മൗഷമി. ഒരിടവേളയ്ക്ക് ശേഷം മൗഷമി ബോളിവുഡിലേക്ക് മടങ്ങി വരുന്നത് പിക്കുവിലൂടെയായിരുന്നു.


Click it and Unblock the Notifications