കരിയര്‍ രക്ഷിക്കണമായിരുന്നു! ഗാംഗുലിയുമായി പിരിഞ്ഞതിനെക്കുറിച്ച് നഗ്മ പറഞ്ഞത്
ക്രിക്കറ്റും സിനിമാ ലോകവും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ കഥ പറയാനുണ്ട്. ക്രിക്കറ്റും ബോളിവുഡും തമ്മില്‍ കൈകോര്‍ക്കുന്നത് പതിവാണ്. ഇരു മേഖലകളില്‍ നിന്നുമുള്ള താരങ്ങളുടെ വിവാഹങ്ങളും പിതാവ്. വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും ഏറ്റവും ഒടുവിലെ ഉദാഹരണമാണ്. ഇപ്പോഴിതാ കെഎല്‍ രാഹുലും അതിയ ഷെട്ടിയും വിവാഹിതരാകാന്‍ പോവുകയാണെന്ന വാര്‍ത്തകളും സജീവമായി മാറിയിരിക്കുകയാണ്. മുമ്പും ഇത്തരത്തിലുള്ള പ്രണയ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല.
ഒരിക്കല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പ്രണയ വാര്‍ത്തയിലെ താരങ്ങളായിരുന്നു സൗരവ് ഗാംഗുലിയും നഗ്മയും. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച നായകന്മാരില്‍ ഒരാളും നിലവിലെ ബിസിസിഐ പ്രസിഡന്റുമാണ് സൗരവ് ഗാംഗുലി. ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറിയ ദാദ. നഗ്മയാകട്ടെ തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ നിറ സാന്നിധ്യമായി മാറിയ നടിയും. 2000 ലായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഈ വാര്‍ത്തകള്‍ പുറത്ത് വരുന്ന സമയത്ത് ഗാംഗുലി വിവാഹിതനായിരുന്നു.

എന്നാല്‍ വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത എന്തെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. ഒടുവില്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നഗ്മ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു. പ്രണയവാര്‍ത്തകള്‍ താന്‍ ഒരിക്കലും നിരസിച്ചിരുന്നില്ലെന്നായിരുന്നു നഗ്മയുടെ പ്രതികരണം. ''ഒരാള്‍ എന്തൊക്കെ പറഞ്ഞാലും ആരും ഒന്നും നിരസിച്ചിട്ടില്ല. രണ്ടു പേരുടേയും ജീവിതത്തില്‍ മറ്റൊരാളുടെ സാന്നിധ്യത്തെ നിഷേധിക്കാത്തിടത്തോളം കാലം ആര്‍ക്കും എന്തും പറയാം'' എന്നായിരുന്നു നഗ്മ പറഞ്ഞത്.
1999 ലെ ലോകകപ്പിനിടെയായിരുന്നു നഗ്മയും സൗരവ് ഗാംഗുലിയും കണ്ടുമുട്ടുന്നത്. ഇരുവരും പിന്നീട് പലപ്പോഴായി ഒരുമിച്ച് കാണപ്പെട്ടതോടെയാണ് പ്രണയ വാര്‍ത്തകള്‍ സജീവമായി മാറിയത്. ഇരുവര്‍ക്കുമിടയിലെ വളരുന്ന സൗഹൃദം ഗാംഗുലിയുടെ വിവാഹ ജീവിതത്തെ തന്നെ അലട്ടിയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്തിരുന്നാലും അധികം വൈകാതെ തന്നെ പ്രണയ വാര്‍ത്തകള്‍ അവസാനിക്കുകയായിരുന്നു. തങ്ങളുടെ ബ്രേക്കപ്പ് വാര്‍ത്തകളോടും നഗ്മ പ്രതികരിച്ചിരുന്നു.
''കരിയര്‍ ആയിരുന്നു അവിടെ ഞാണിന്മേലുണ്ടായിരുന്നത്. മറ്റ് ചില കാര്യങ്ങളും. പിരിയുക തന്നെ ചെയ്യണമായിരുന്നു. ഈഗോയില്‍ മുറുകെ പിടിച്ച് ഒരുമിച്ച് തന്നെ നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കാതെ പിരിയുന്നതായിരുന്നു നല്ലത്'' എന്നാണ് നഗ്മ പറഞ്ഞത്. ക്രിക്കറ്റ് മൈതാനത്തെ സൗരവ്വ് ഗാംഗുലിയുടെ മോശം പ്രകടനത്തിന് നഗ്മയെ ആരാധകര്‍ അധിക്ഷേപിക്കുന്നതും ഒരിടയ്ക്ക് പതിവായിരുന്നു. ''വല്ലാതെയാകുമ്പോള്‍ രണ്ടു പേരുടേയും താല്‍പര്യങ്ങളെ അത് ബാധിക്കും. പിന്നെ പതിയെ, മറ്റൊരാളുടെ ജീവിതത്തില്‍ സന്തോഷമാണ് കൊണ്ടു വരേണ്ടതെങ്കിലും, നിങ്ങള്‍ കൊണ്ട് വരിക ദുരിതമായിരിക്കും. പിന്നെ നല്ലത് പിരിയുകയും മുന്നോട്ട് പോവുകയുമാണ്'' എന്നും നഗ്മ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം 2020 ല്‍ നഗ്മ സൗരവ് ഗാംഗുലിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത് വാര്‍ത്തയായി മാറിയിരുന്നു.


Click it and Unblock the Notifications