കാജോൾ എന്റെ ക്രഷ്! ലിപ് ലോക്ക് രംഗം ചെയ്യാൻ ഒരു മടിയും തോന്നിയില്ല, ശേഷം കാജോൾ പറഞ്ഞത്; നടൻ അലി ഖാൻ
ബോളിവുഡ് നായികമാരിൽ പ്രേക്ഷകമനസിൽ പ്രത്യേക സ്ഥാനമുള്ള നടിയാണ് കാജോൾ. ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായ കാജോൾ ഇന്നും സിനിമകളിൽ സജീവമാണ്. വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ചിട്ടുള്ള കാജോൾ ഇന്നും അത് തുടരുന്നു. അതിനിടെ ഓടിടിയിലും സജീവമാവുകയാണ് താരം. ദി ട്രയൽ എന്ന സീരീസിലൂടെ തന്റെ വെബ് സീരീസ് അരങ്ങേറ്റം നടത്തിയിരിക്കുകയാണ് കാജോൾ.
പാകിസ്ഥാൻ നടൻ അലി ഖാൻ, ബംഗാളി നടൻ ജിഷു സെൻഗുപ്ത എന്നിവരാണ് സീരീസിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തന്റെ ആദ്യത്തെ വെബ് സീരീസിൽ ചില നിലപാടുകളിൽ മാറ്റം വരുത്തിയാണ് കജോൾ അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ 29 വർഷമായി കൊണ്ടുനടന്നിരുന്ന നോ കിസിങ് പോളിസിയിൽ കജോൾ വിട്ടുവീഴ്ച വരുത്തിയിരിക്കുകയാണ്.

സീരീസിൽ അലി ഖാനും ജിഷു സെൻഗുപ്തയ്ക്കുമൊപ്പം കാജോളിന്റെ ലിപ് ലോക്ക് രംഗമുണ്ട്. കരിയറിൽ ഇതിനു മുൻപ് രണ്ടുതവണ മാത്രമേ കജോൾ ചുംബന രംഗങ്ങൾ ചെയ്തിട്ടുള്ളു. അരങ്ങേറ്റ ചിത്രമായ ബെഖുദിയിൽ ആയിരുന്നു ആദ്യത്തേത്. 1994 ൽ പുറത്തിറങ്ങിയ യേ ദില്ലഗിയിലായിരുന്നു രണ്ടാമത്തേത്. അതിനുശേഷമാണ് കജോൾ ഇനി ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന തീരുമാനം എടുക്കുന്നത്. എന്നാൽ ട്രയലിന് വേണ്ടി ആ തീരുമാനം മാറ്റുകയായിരുന്നു. സീരീസിലെ ചുംബന രംഗം ഇതിനകം ചർച്ചയായി മാറുകയും ചെയ്തതിട്ടുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കാജോളിനൊപ്പം ചുംബന രംഗത്തിൽ അഭിനയിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അലി ഖാൻ. കാജോളാണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയെന്നും തനിക്ക് അവരോട് വലിയ ക്രഷ് ഉണ്ടെന്നും വെളിപ്പെടുത്തിയ ശേഷമാണ് അലി ഖാൻ ചുംബന രംഗത്തെ കുറിച്ച് സംസാരിച്ചത്.
'അങ്ങനെ, ഈ വർഷം ഒടുവിൽ എനിക്ക് കാജോളിനൊപ്പം അവളുടെ കാമുകനായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു, അതും ഒരു ചുംബന രംഗം ഉൾപ്പടെയായി. സ്‌ക്രിപ്റ്റ് പ്രകാരം അതൊരു ലിപ് ലോക്ക് ആയിരുന്നു', അലി ഖാൻ പറഞ്ഞു. ആ രംഗം ചെയ്യുമ്പോൾ രണ്ടുപേർക്കും യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും തോന്നിയിരുന്നില്ലെന്നും അലി വ്യക്തമാക്കി.

'ഞങ്ങൾക്ക് നാണമോ മടിയോ ഇല്ലായിരുന്നു. അത്ര പ്രൊഫഷണലായാണ് ആ രംഗം ചിത്രീകരിച്ചത്. ഞങ്ങൾ രണ്ടു മൂന്ന് തവണ റിഹേഴ്സൽ നടത്തിയ ശേഷമാണ് ആ രംഗം ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ അത് മോണിറ്ററിൽ കണ്ടപ്പോൾ കുറ്റമറ്റ രീതിയിലുള്ള ഒന്നായിരുന്നു. ഷോട്ടിന് ശേഷം ഓക്കെ ആണോയെന്ന് കജോളിനോട് ചോദിച്ചു. എനിക്ക് ഇഷ്ടപ്പെട്ടു എന്നായിരുന്നു മറുപടി. അതിൽ ലൈംഗികത ഒന്നുമില്ല. പ്രൊഫഷണലിസം മാത്രമാണ്', അലി ഖാൻ പറഞ്ഞു.
ഹോളിവുഡിൽ അടക്കം പ്രവർത്തിച്ചിട്ടുള്ള ബ്രിട്ടീഷ്-പാകിസ്ഥാൻ നടനും അവതാരകനുമാണ് അലി ഖാൻ. ബോളിവുഡിലും നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എ മൈറ്റി ഹാർട്ട്, ട്രേറ്റർ, ഡോൺ 2, ബഹദൂർ, ആക്ടർ ഇൻ ലോ, മൊഗുൾ മൗഗ്ലി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അറിയപ്പെടുന്നത്. ദ ബിൽ, സാത്ത് പാർഡൺ മേ, പക്കീസാ, മേരെ ഹംസഫർ തുടങ്ങിയ സീരീസുകളിലും അലി ഖാൻ അഭിനയിച്ചിട്ടുണ്ട്. അതേ സമയം ഹോട്ട്സ്റ്റാറിലാണ് ദി ട്രയൽ സ്ട്രീം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് സീരീസിന് ലഭിക്കുന്നത്.


Click it and Unblock the Notifications