ബോസിന്റെ മകള്‍, മിസ് ഇന്ത്യ! എത്താക്കൊമ്പെന്ന് കൂട്ടുകാര്‍; ആരുടെ മോളായാലും ഇവളെ ഞാന്‍ കെട്ടും!
ബോളിവുഡിലെ മുന്‍നിര നടനാണ് പരേഷ് റാവല്‍. വില്ലന്‍ വേഷങ്ങളിലും കോമഡി വേഷങ്ങളിലുമെല്ലാം ഒരുപോലെ കയ്യടക്കമുളള, ക്യാരക്ടര്‍ വേഷങ്ങളിലൂടെ ബോളിവുഡിലെ വിശ്വസ്തനായ നടനായി മാറിയ താരമാണ് പരേഷ് റാവല്‍. പരേഷ് റാവലിന്റെ പ്രതിഭയെക്കുറിച്ച് ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും ഒരുപാടുണ്ട്.
ഓണ്‍ സ്‌ക്രീനിലെ പരേഷിന്റെ ജീവിതം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഓഫ് സ്‌ക്രീനിലെ പരേഷ് റാവലിനെക്കുറിച്ചും പലര്‍ക്കും അറിയില്ല. അദ്ദേഹം തന്റെ വ്യക്തി ജീവിതം എന്നും ക്യാമറകണ്ണുകളില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. സിനിമ പോലെ മനോഹരമായൊരു പ്രണയ കഥയുണ്ട് അദ്ദേഹത്തിന്.

നടിയും മുന്‍ മിസ് ഇന്ത്യയുമായ സ്വരൂപ് സമ്പത്ത് ആണ് പരേഷിന്റെ ഭാര്യ. കലയാണ് ഇരുവരേയും ഒരുമിക്കുന്നത്. കോളേജ് കാലത്ത് ഇരുവരും നാടക അഭിനയത്തില്‍ താല്‍പര്യം കാണിച്ചിരുന്നു. ഒരു നാടകത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നതും. പരേഷിന്റെ പ്രകടനം കണ്ട് സ്വരൂപ് ആരാധികയായി മാറുകയായിരുന്നു. പിന്നാലെ തന്നെ അമ്പരപ്പിച്ച നടനെ അഭിനയിക്കാനായി സ്വരൂപ് നേരിട്ടെത്തി.
ഒരിക്കല്‍ തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സ്വരൂപ് തന്നെ മനസ് തുറന്നിട്ടുണ്ട്. ''ഞാന്‍ അദ്ദേഹത്തെ ഒരു നാടകത്തിലാണ് കാണുന്നത്. കോളേജില്‍ വച്ച്. ഗംഭീരമായാണ് അദ്ദേഹം അഭിനയിച്ചത്. സ്‌റ്റേജില്‍ പരേഷ് വേറെ ആളാണ്. നാടകം കഴിഞ്ഞിട്ടും കാണികള്‍ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതെ ഞെട്ടി ഇരിക്കുകയായിരുന്നു'' എന്നാണ് സ്വരൂപ് പറഞ്ഞത്. അതേസമയം പരേഷിനും ആദ്യ കാഴ്ചയില്‍ തന്നെ സ്വരൂപിനോട് പ്രണയം തോന്നുകയായിരുന്നു.
തന്നെ കാണാന്‍ വന്ന പിങ്ക് നിറത്തിലുള്ള സാരിയണിഞ്ഞ സുന്ദരിയെ കണ്ടതും പരേഷിന്റെ മനസില്‍ പ്രണയം മൊട്ടിട്ടു. മാത്രമല്ല, തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഇവളെ ഞാന്‍ വിവാഹം കഴിക്കുമെന്ന് പറയുക വരെ ചെയ്തു പരേഷ്. '' ഈ പെണ്ണ് എന്റെ ഭാര്യയാകും എന്ന് ഞാന്‍ പറഞ്ഞു. എന്റെ സുഹൃത്ത് മഹേന്ദ്ര ജോഷി കൂടെയുണ്ടായിരുന്നു. നീ പണിയെടുക്കുന്ന കമ്പനിയിലെ ബോസിന്റെ മകളാണ് അതെന്ന് നിനക്ക് അറിയില്ലേ എന്ന് അവന്‍ ചോദിച്ചു. ആരുടെ മോളാണെങ്കിലും ഞാന്‍ ഇവളെ കെട്ടുമെന്ന് ഞാന്‍ മറുപടി നല്‍കി'' എന്നാണ് പരേഷ് അതേക്കുറിച്ച് പറഞ്ഞത്.

അധികം വൈകാതെ പരേഷിനും സ്വരൂപിനും ഇടയില്‍ സൗഹൃദം ഉടലെടുത്തു. അധികം വൈകാതെ അത് പ്രണയത്തിലേക്കും വഴി മാറി. പന്ത്രണ്ട് വര്‍ഷക്കാലം ഇരുവരും പ്രണയത്തിലായിരുന്നു. ഒരിക്കല്‍ പോലും അവര്‍ പിരിയുന്നതിനെക്കുറിച്ച് ചിന്തിച്ചില്ല. ഇതിനിടെയാണ് അച്ഛന്റെ താല്‍പര്യം മാനിച്ച് സ്വരൂപ് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നത്. സ്വരൂപിന് മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ പരേഷ് പിന്തുണയുമായി കൂടെ നിന്നു.
മത്സരത്തില്‍ പങ്കെടുക്കുക മാത്രമല്ല 1979 ലെ മിസ് ഇന്ത്യയായി വിജയിക്കുകയും ചെയ്തു സ്വരൂപ്. 1987 ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമുള്ള വിവാഹം. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത, സ്വകാര്യമായ ചടങ്ങായിരുന്നു വിവാഹം. ഒരു വലിയ മരത്തിന് ചുവട്ടില്‍ വച്ചായിരുന്നു വിവാഹം നടന്നത്. പരമ്പരാഗത രീതി അനുസരിച്ചുള്ള മണ്ഡപമോ അഗ്നി സാക്ഷിയായുള്ള വിവാഹമോ ഉണ്ടായിരുന്നില്ല. നാല്‍പ്പത് വര്‍ഷം പിന്നിടുകയാണ് പരേഷിന്റേയും സ്വരൂപിന്റേയും ദാമ്പത്യത്തിന്.


Click it and Unblock the Notifications