വിവാഹിതരായ പുരുഷന്മാരെ പ്രണയിക്കില്ല; എന്തുകൊണ്ടെന്ന് പ്രീതി സിന്റ; രേഖയും ശ്രീദേവിയും കേള്‍ക്കണ്ടത്
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് പ്രീതി സിന്റ. സിനിമാ പാരമ്പര്യമൊന്നുമില്ലാതെയാണ് പ്രീതി സിന്റ കടന്നു വരുന്നതും ഒരിടം നേടുന്നതും. അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും ഒരിക്കലും മായാത്തൊരു ഇടം ഇന്നും പ്രീതിയ്ക്ക് ആരാധകരുടെ മനസിലുണ്ട്. ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സിന്റെ ഉടമയാണ് പ്രീതി. ഐപിഎല്‍ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ താരത്തെ ഇപ്പോള്‍ തന്റെ ടീമിനൊപ്പം സ്ഥിരമായി കാണാം.
ഇതിനിടെ ഇപ്പോഴിതാ പ്രീതി സിന്റയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്. സിമി ഗെരേവാളിന് നല്‍കിയ അഭിമുഖത്തില്‍ പ്രീതി പറയുന്ന വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. വിവാഹിതനായ പുരുഷനുമായി താന്‍ അടുപ്പം സ്ഥാപിക്കില്ലെന്നും അത് എന്തുകൊണ്ടാണെന്നുമാണ് വീഡിയോയില്‍ പ്രീതി സിന്റ വിശദമാക്കുന്നത്.

''എനിക്ക് മൂന്നാമത്തെയാളാകാന്‍ താല്‍പര്യമില്ല. എന്റെ ഈഗോ വളരെ വലുതാണ്. എനിക്ക് ആരുടേയും ജീവിതത്തിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആളാകാനാകില്ല. കുടുംബം തകര്‍ക്കുന്നതോട് എനിക്ക് യോജിപ്പില്ല. പ്രത്യേകിച്ചും കുട്ടികളുള്ളപ്പോള്‍. ആ കുട്ടികള്‍ വളരുക വളരെ മോശം സാഹചര്യത്തിലാകും'' എന്നാണ് പ്രീതി പറയുന്നത്.
''വിവാഹതിനായ പുരുഷനോട് ഇഷ്ടം തോന്നിയാല്‍ എന്താകുമെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. എന്തൊക്കെയാണ് എനിക്ക് മുന്നിലുള്ള സാധ്യതകള്‍. അയാളോട് എനിക്ക് അതിയായ പ്രണയം തോന്നുകയും വിവാഹം കഴിക്കുകയും ചെയ്യുമോ? ഇല്ല. അതൊരു വണ്‍ നൈറ്റ് സ്റ്റാന്റില്‍ തീരുമോ? ഇല്ല. ഞാന്‍ അയാളുമായി അടുപ്പത്തിലാകും. അത് ഒരാഴ്ചയോ പത്ത് ദിവസമോ രണ്ട് മാസമോ നന്നായി പോകും. പിന്നെ ഞങ്ങള്‍ പരസ്പരം വെറുക്കാന്‍ തുടങ്ങും. പരസ്പരം കൊല്ലാന്‍ ആഗ്രഹിക്കും. എന്തിനാണ് പിന്നെ ആ വഴി പോകുന്നത്. തന്റെ ദാമ്പത്യ തകര്‍ത്തവള്‍ എന്ന് പറഞ്ഞ് മറ്റൊരു സ്ത്രീ ശപിക്കുന്ന പെണ്‍കുട്ടിയാകാന്‍ എനിക്ക് താല്‍പര്യമില്ല. അതിനാല്‍ വിവാഹിതരില്‍ നിന്നും ഞാന്‍ എന്നും അകലം പാലിച്ചിട്ടുണ്ട്'' എന്നാണ് പ്രീതി പറഞ്ഞത്.
പ്രീതിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇത് രേഖയും ശ്രീദേവിയും കേട്ടിരുന്നുവെങ്കില്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. വിവാഹിതനായ അമിതാഭ് ബച്ചനുമായി രേഖയ്ക്കുണ്ടായിരുന്ന പ്രണയവും വിവാഹിതനായ ബോണി കപൂറിനെ ശ്രീദേവി പ്രണയിച്ച് വിവാഹം കഴിച്ചതും ഓര്‍മ്മപ്പെടുത്തുകയാണ് ഈ കമന്റ്. നിരവധി പേരാണ് പ്രീതിയ്ക്ക് കയ്യടിക്കുന്നത്.

അതേസമയം 2005 മുതല്‍ 2009 വരെ പ്രീതി സിന്റയും നെസ് വാഡിയയും പ്രണയത്തിലായിരുന്നു. വിവാദത്തിലൂടെയാണ് ആ ബന്ധം അവസാനിക്കുന്നത്. നെസ് വാഡിയയ്‌ക്കെതിരെ പീഡനക്കുറ്റം വരെ പ്രീതി ആരോപിച്ചിരുന്നു. പിന്നീടാണ് പ്രീതി ജീന്‍ ഗുഡ്ഇനഫിനെ വിവാഹം കഴിക്കുന്നത്. 2016 ലായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവര്‍ക്കും രണ്ട് ഇരട്ടക്കുട്ടികളുമുണ്ട്.
1998 ല്‍ പുറത്തിറങ്ങിയ മണിരത്‌നം-ഷാരൂഖ് ഖാന്‍ ചിത്രം ദില്‍ സേ ആണ് പ്രീതിയുടെ ആദ്യ സിനിമ. അതേ വര്‍ഷം തന്നെ പ്രേമാന്റെ ഇടെറ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറി. 1998 ല്‍ പ്രീതി നായകിയായ സോള്‍ജ്യര്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുമായതോടെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല പിന്നീട്. 2018 ല്‍ പുറത്തിറങ്ങിയ ഭയ്യാജി സൂപ്പര്‍ ഹിറ്റാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ വലിയൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് പ്രീതി സിന്റ. രാജ്കുമാര്‍ സന്തോഷി ഒരുക്കുന്ന ലാഹോര്‍ 1947 ലൂടെയാണ് പ്രീതി തിരികെ വരുന്നത്.


Click it and Unblock the Notifications











