ഞങ്ങളുടെ ബന്ധത്തിന് ഷാഹിദ് ഒരു തടസമായിരുന്നില്ല; അത് ഞങ്ങൾക്കിടയിലെ പൊതുവായ ഒന്ന് മാത്രം; പ്രിയങ്ക പറഞ്ഞത്
ബോളിവുഡിലെ ഏറ്റവും വലിയ നായികമാരാണ് പ്രിയങ്ക ചോപ്രയും കരീന കപൂറും. ഒരേസമയം മുൻനിരയിലേക്ക് ഉയർന്നു വന്ന നായികമാരാണ് ഇരുവരും. എന്നാൽ അടുത്ത കാലം വരെ അത്ര നല്ല സുഹൃത്തുക്കളായിരുന്നില്ല കരീനയും പ്രിയങ്കയും. അഭിമുഖത്തിൽ പരസ്പരം കളിയാക്കുന്ന, മോശം പരാമർശങ്ങൾ നടത്തുന്ന രണ്ടുപേരായിരുന്നു ഇവർ. അഭിനയ മികവിനേയും സംസാരരീതിയേയും വരെ ഇരുവരും പരസ്പരം കളിയാക്കിയിരുന്നു.
കരീനയുടെ മുന്‍ കാമുകനായ ഷാഹിദ് കപൂറുമായി പ്രിയങ്ക ചോപ്ര പ്രണയത്തിലായ ശേഷമാണ് ഇവർക്കിടയിലെ പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് അന്ന് ആരാധകർ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് അതെല്ലാം പഴങ്കഥയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നല്ല സുഹൃത്തുക്കളാണ് ഇരുവരും. ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഇവർക്കിടയിലെ മഞ്ഞുരുകിയത്. കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ കരീനയും പ്രിയങ്കയും ഒരുമിച്ച് എത്തിയപ്പോഴാണ് ആരാധകർ ഇത് തിരിച്ചറിഞ്ഞതും.

കോഫി വിത്ത് കരൺ സീസൺ സിക്‌സിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരും ഒരുമിച്ച് എത്തിയത്. അന്ന് തങ്ങളെ കുറിച്ചുണ്ടായ അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അന്ന് ഇരുവരും പറഞ്ഞ കാര്യങ്ങൾ വീണ്ടും ആരാധകരുടെ ശ്രദ്ധനേടുകയാണ്.
വിവാദങ്ങളുടെ തോഴനായ അവതാരകൻ കരൺ ജോഹറിന് ഷോയിൽ ഇരുവരോടും ആദ്യ ചോദിക്കാനുണ്ടായിരുന്ന ചോദ്യം തന്നെ ഇവർക്കിടയിലെ ശത്രുതയെ കുറിച്ചായിരുന്നു. അതിന് ആദ്യം മറുപടി നൽകിയത് പ്രിയങ്ക ചോപ്രയാണ്. 'നേരത്തെ ഞങ്ങൾക്ക് പരസ്പരം അറിയുക പോലുമില്ലായിരുന്നുവെന്ന് ഞാൻ കരുതുന്നു. അതായത്, ഞങ്ങൾ ഒരുമിച്ച് വേണ്ടത്ര സമയം ചെലവഴിച്ചിട്ടില്ല. പക്ഷെ പിന്നീട് ഞങ്ങൾ ഇടയ്ക്ക് ഒത്തുചേരാൻ തുടങ്ങി. എന്നാൽ ഞങ്ങൾ അത് ചെയ്യാത്തത് വരെ, ആളുകൾ ഉണ്ടാക്കിയെടുത്ത ഒരു വിചിത്രമായ കാര്യമായിരുന്നു അത്', പ്രിയങ്ക പറഞ്ഞു.
ഇരുവർക്കും ഇടയിൽ പൊതുവായി ഉണ്ടായിരുന്ന മുൻ കാമുകനായിരുന്നോ കാരണമെന്ന് കരൺ ചോദിച്ചപ്പോൾ, കരീനയുമായുള്ള തന്റെ ബന്ധത്തിന് അത് ഒരിക്കലും തടസ്സമായിരുന്നില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. 'യഥാർത്ഥത്തിൽ, അതൊരു തർക്കവിഷയമായിരുന്നില്ല. അത് പൊതുവായുള്ള ഒരേയൊരു കാര്യം മാത്രമായിരുന്നു,' എന്നാണ് പ്രിയങ്ക പറഞ്ഞത്.

എന്നാൽ, കരീനയുമായി അഞ്ച് വർഷമായി പ്രണയത്തിലായിരുന്ന ഷാഹിദ് കപൂറിനെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്ന് കരൺ വെളിപ്പെടുത്തിയതോടെ നടി നിലപാട് മാറ്റി. പ്രിയങ്ക അറിയാത്ത പോലെ നടിച്ചപ്പോൾ കരൺ ചോദിച്ചു, 'ഓ, നിങ്ങൾ ഇപ്പോഴും അത് നിഷേധിക്കുകയാണോ?' 'ഞാൻ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല' എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
അതേസമയം ചർച്ചയായ ആ പ്രണയത്തിന് ശേഷം, പ്രിയങ്ക 2018 ൽ നിക്ക് ജോനാസിനെ വിവാഹം കഴിച്ചു. ഇരുവരും ഇപ്പോൾ ലോസ് ഏഞ്ചൽസിൽ മകളോടൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. ഏറെക്കാലം അവിവാഹിതയായി തുടർന്ന കരീനയും 2012 ൽ സെയ്ഫ് അലി ഖാനെ വിവാഹം ചെയ്തിരുന്നു. രണ്ടു മക്കളാണ് ഇവർക്കുള്ളത്. ഷാഹിദ് കപൂറും വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്ക് കടന്നിരുന്നു. മീരാ രാജ്പുത്തിനെയാണ് ഷാഹിദ് വിവാഹം ചെയ്തത്. 2015 ൽ ആയിരുന്നു ഇവരുടെ വിവാഹം, രണ്ടു മക്കളാണ് ഷാഹിദിന് ഉള്ളത്.


Click it and Unblock the Notifications