എന്നെ ഗ്യാസ് ടാങ്കര്‍ എന്ന് വിളിച്ച് കളിയാക്കി; റാഷി ഖന്ന തെന്നിന്ത്യന്‍ സിനിമയില്‍ നേരിട്ട അപമാനം
ബോഡി ഷെയ്മിംഗ് എന്നത് കാലങ്ങളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. സോഷ്യല്‍ മീഡിയ ഇത്രത്തോളം സജീവമായ ഈ കാലത്ത് ബോഡി ഷെയ്മിംഗ് എന്നത് അനിയന്ത്രിതമായി മാറിയിരിക്കുകയാണ്. യാതൊരു പരിചയമില്ലാത്തവരെ പോലും അവരുടെ ശരീരത്തിന്റെ പേരില്‍ കളിയാക്കാനും വിമര്‍ശിക്കാനുമൊക്കെ സാധിക്കും. സോഷ്യല്‍ മീഡിയ നല്‍കുന്ന സ്വകാര്യതയാണ് പലരേയും ഇത്തരം പ്രവര്‍ത്തികളിലേക്ക് നയിക്കുന്നത്.
താരങ്ങളെ സംബന്ധിച്ച് ബോഡി ഷെയ്മിംഗ് കടുത്ത പ്രതിസന്ധിയാണ്. വണ്ണം കൂടിയാലും കുറഞ്ഞാലും ബോഡി ഷെയ്മിംഗ് നേരിടേണ്ടി വരും. പ്രത്യേകിച്ചും നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന പരിഹാസങ്ങളും മറ്റും പലപ്പോഴും അസഹനീയമാണ്. ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട് നടി റാഷി ഖന്ന.

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമാണ് റാഷി ഖന്ന. സിനിമയ്ക്ക് പുറമെ ഒടിടി സീരീസുകളിലും റാഷി കയ്യടി നേടുന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ തന്റെ കരിയറിന്റെ തുടക്കകാലത്ത് കടുത്ത ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഒരിക്കല്‍ റാഷി ഖന്ന വെളിപ്പെടുത്തിയത്. വണ്ണം കൂടുതലാണെന്ന് പറഞ്ഞായിരുന്നു വിമര്‍ശനം. തന്നെ ഗ്യാസ് ടാങ്കര്‍ എന്നാണ് വിളിച്ചിരുന്നതെന്നും റാഷി പറയുന്നു.
ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റാഷി മനസ് തുറന്നത്. തന്റെ കരിയറില്‍ നേരിട്ട ഏറ്റവും മോശം വിമര്‍ശനം എന്തായിരുന്നുവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റാഷി ഖന്ന. തെന്നിന്ത്യന്‍ സിനിമയിലെ തന്റെ തുടക്കകാലം ഓര്‍ത്തു കൊണ്ടായിരുന്നു റാഷിയുടെ പ്രതികരണം.
''എന്റെ ഭാരത്തെ ചൊല്ലിയുള്ളത് തന്നെയാണഅ. തുടക്കകാലത്ത് സൗത്തില്‍ അവര്‍ പറഞ്ഞിരുന്നത് ഞാനൊരു ഗ്യാസ് ടാങ്കര്‍ ആണെന്നായിരുന്നു. പക്ഷെ ഞാന്‍ ഒന്നും എതിര്‍ത്ത് പറഞ്ഞിരുന്നില്ല. കാരണം മുഖ്യധാരയിലുള്ളവരെ അപേക്ഷിച്ച് എനിക്ക് വലിപ്പം കൂടുതലായിരുന്നു. പിന്നീട് ഞാന്‍ ഫിറ്റായി. അതുപക്ഷെ ആരേയും സന്തോഷിപ്പിക്കാനല്ല. എന്റെ ജോലി ്അത് ആവശ്യപ്പെടുന്നതിനാലാണ്. ഓണ്‍ലൈനിലും അല്ലാതെയും ഞാന്‍ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ട്. സത്യത്തില്‍ അതൊന്നും ഞാന്‍ ഗൗനിച്ചിരുന്നില്ല'' എന്നാണ് റാഷി പറഞ്ഞത്.
തനിക്ക് പിസിഒഡിയുണ്ടെന്നും അതിനാല്‍ തടി നിയന്ത്രിക്കുക തനിക്ക് പ്രയാസമാണെന്നാണ് റാഷി പറയുന്നത്. ആളുകള്‍ക്ക് സ്‌ക്രീനില്‍ കാണുന്നത് മാത്രമേ അറിയുള്ളൂവെന്നും റാഷി പറയുന്നു. താന്‍ ആത്മീയതില്‍ വിശ്വസിക്കുന്ന വ്യക്തിയാണെന്നും അതിനാല്‍ നെഗറ്റീവിറ്റിയില്‍ നിന്നും മാറി നടക്കാന്‍ തനിക്ക് സാധിക്കാറുണ്ടെന്നും റാഷി പറഞ്ഞിരുന്നു.

''ഞാന്‍ ആലോചിച്ചു, എന്തിനാണ് ഇതിത്ര ബാധിക്കുന്നതെന്ന്. ഇപ്പോഴും നന്നായിട്ട് തന്നെയാണ് എല്ലാം പോകുന്നത്. എനിക്ക് പിസിഒഡിയുണ്ടായിരുന്നു. അതിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷെ അതൊന്നും ആര്‍ക്കും അറിയില്ല. അവര്‍ സ്‌ക്രീനില്‍ കാണുന്നതേ കാണൂ. അവരെ കുറ്റം പറയാനാകില്ല. തുടക്കത്തില്‍ എന്നെ ഇതൊക്കെ ബാധിച്ചിരുന്നു. പക്ഷെ ഞാന്‍ ആത്മീയതയില്‍ താല്‍പര്യമുള്ളയാളാണ്. അതിനാല്‍ ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാന്‍ സാധിച്ചു'' എന്നാണ് റാഷി പറയുന്നത്.
യോദ്ധ, അരണ്‍മനൈ 4, മേതാവി എന്നീ സിനിമകളാണ് റാഷിയുടേതായി അണിയറയിലുള്ളത്. ഈയ്യടുത്തിറങ്ങിയ രുദ്ര, ഫര്‍സി എന്നീ സീരീസുകളിലെ റാഷിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു.


Click it and Unblock the Notifications











