ആ നടന്‍ രാത്രി ഫോണ്‍ വിളിച്ച് കൊഞ്ചി, കൂടെ കിടക്കാന്‍ പറഞ്ഞു; തുറന്നടിച്ച് രാധിക ആപ്‌തെ
ഒരിക്കല്‍ ഒരു തെന്നിന്ത്യന്‍ താരത്തില്‍ നിന്നുമുണ്ടായ മോശം അനുഭവം രാധിക തുറന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു
സിനിമ എന്നത് മിക്കവരുടേയും സ്വപ്‌നമാണ്. തങ്ങളുടെ മുഖം ഒരിക്കലെങ്കിലും സ്‌ക്രീനില്‍ കാണാന്‍, ഒരു ഡയലോഗെങ്കിലും പറയാനൊക്കെ ആഗ്രഹിച്ച് സിനിമയ്ക്ക് പിന്നാലെ നടക്കുന്ന ഒരുപാട് പേരുണ്ട്. ഇന്നത്തെ മിക്ക താരങ്ങളും അങ്ങനൊക്കെ തന്നെയായിരിക്കും സിനിമയിലേക്ക് എത്തിപ്പെട്ടത്. എന്നാല്‍ സിനിമാ താരമാവുക എന്ന അടങ്ങാത്ത ആഗ്രഹവുമായി എത്തുന്നവരെ ചൂഷണം ചെയ്യാന്‍ ഒരുങ്ങി നടക്കുന്നവരും ഒരുപാടുണ്ട്.
അവസരം നല്‍കാം പക്ഷെ പകരം അഡ്ജസ്റ്റുമെന്റിന് തയ്യാറാകണം എന്നാവശ്യപ്പെടുന്നവരെക്കുറിച്ച് പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് പല വലിയ താരങ്ങള്‍ പോലും തുറന്ന് പറഞ്ഞിട്ടുണ്ട്. ഹോളിവുഡ് മുതല്‍ മോളിവുഡ് വരെ ഇത്തരത്തിലുള്ള ദുരനുഭവങ്ങളുടെ കഥകള്‍ വാര്‍ത്തയാവുകയും ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.

രണ്‍വീര്‍ സിംഗ്, സ്വര ഭാസ്‌കര്‍, റിച്ച ഛദ്ദ തുടങ്ങിയ ബോളിവുഡ് താരങ്ങളും തങ്ങളുടെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് രാധിക ആപ്‌തെ. ബോളിവുഡിലെ താരകുടുംബങ്ങളുടെ വേരുകളൊന്നുമില്ലാതെ കടന്ന് വരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് രാധിക. തെന്നിന്ത്യന്‍ സിനിമകളിലും രാധിക അഭിനയിച്ചിട്ടുണ്ട്. സിനിമാ ലോകത്തു നിന്നും തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള പല ദുരനുഭവങ്ങളും രാധിക തുറന്ന് പറഞ്ഞിട്ടുള്ളതാണ്.
ഒരിക്കല്‍ ഒരു തെന്നിന്ത്യന്‍ താരത്തില്‍ നിന്നുമുണ്ടായ മോശം അനുഭവം രാധിക തുറന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. 2016 ലായിരുന്നു രാധികയുടെ തുറന്ന് പറച്ചില്‍. ഒരു അഭിമുഖത്തിലാണ് രാധിക മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ഒരിക്കല്‍ ഒരു തെന്നിന്ത്യന്‍ നടന്‍ എന്റെ മുറിയിലേക്ക് ഫോണ്‍ ചെയ്തു. എന്നോട് അയാള്‍ പഞ്ചാരയടിക്കാന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ അയാളോട് പരുക്കമായാണ് പെരുമാറിയത്. പിന്നീട് അയാള്‍ എന്നോട് അടിയുണ്ടാക്കി. പക്ഷെ നിങ്ങള്‍ എനിക്കൊപ്പം കിടക്ക പങ്കിടണം എന്നൊരിക്കലും എന്നോട് പറഞ്ഞിട്ടില്ല'' എന്നാണ് താരം പറയുന്നത്.
''ഒരിക്കല്‍ എനിക്കൊരു കോള്‍ വന്നു. അവര്‍ ബോളിവുഡിലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അവരെ അതിനായി കാണണമെന്നും പറഞ്ഞു. പക്ഷെ ഇയാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പൊട്ടിച്ചിരിച്ചു. നിങ്ങള്‍ നല്ല തമാശക്കാരനാണെന്ന് പറഞ്ഞു. ഇല്ല, ഞാന്‍ ആ സിനിമ ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. അയാളോട് പോയി ചാകാന്‍ പറഞ്ഞു'' എന്നും രാധിക പറയുന്നുണ്ട്.

തന്റെ അഭിനയ മികവു കൊണ്ടും നിലപാടു കൊണ്ടും സിനിമാ ലോകത്ത് സ്വന്തമായൊരു ഇടം നേടിയെടുത്ത നടിയാണ് രാധിക ആപ്‌തെ. ഹിന്ദിയ്ക്ക് പുറമെ തെലുങ്കിലും തമിഴിലും മലയാളത്തിലും ബംഗാളിയിലും ഇംഗ്ലീഷിലുമെല്ലാം രാധിക അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. ലസ്റ്റ് സ്റ്റോറീസ്, പാര്‍ച്ച്ഡ് പോലുള്ള സിനിമകളിലൂടെ നായികാ സങ്കല്‍പ്പത്തെ തന്നെ മാറ്റിയെഴുതിയ താരമാണ് രാധിക. ഫഹദ് ഫാസില്‍ നായകനായ ഹരം എന്ന ചിത്രത്തിലൂടെയാണ് രാധിക മലയാളത്തിലെത്തുന്നത്.
നെറ്റ്ഫ്‌ളിക്‌സ് സീരീസുകളിലും ചിത്രങ്ങളും സ്ഥിരമായി അഭിനയിക്കുന്നതില്‍ ആരാധകര്‍ സ്‌നേഹത്തോടെ നെറ്റ്ഫ്‌ളിക്‌സ് ഗേള്‍ എന്നും രാധികയെ വിളിക്കാറുണ്ട്. സേക്രഡ് ഗെയിംസ്, ഗൗള്‍, രാത് ആകേലി ഹേ, മോണിക്ക ഓ മൈ ഡാര്‍ലിംഗ് തുടങ്ങിയ നെറ്റ്ഫ്‌ളിക്‌സ് ഷോകളുടെ ഭാഗമായിരുന്നു രാധിക ആപ്‌തെ. വിക്രം വേദയിലാണ് രാധിക ഒടുവിലായി അഭിനയിച്ചത്. തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍. പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.


Click it and Unblock the Notifications