ഊര്‍മിളയുടെ ഫോട്ടോ വെക്കാന്‍ മാത്രം ഒരു മുറി; ആ സൗന്ദര്യം ഒപ്പിയെടുക്കാന്‍ മാത്രം സിനിമയെടുത്തു!
നായകന്മാരും സംവിധായകരും തമ്മിലുള്ള കോമ്പോയെക്കുറിച്ച് നമ്മള്‍ എപ്പോഴും സംസാരിക്കാറുണ്ട്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ മുതല്‍ അക്ഷയ് കുമാര്‍-പ്രിയദര്‍ശന്‍, യാഷ് ചോപ്ര-ഷാരൂഖ് ഖാന്‍ തുടങ്ങി നിരവധി ഹിറ്റ് കോമ്പോകളെ നമുക്ക് ഓരോ ഇന്‍ഡസ്ട്രിയിലും കാണാന്‍ സാധിക്കും. എന്നാല്‍ നായികമാരും സംവിധായകരും തമ്മിലുള്ള കോമ്പോകള്‍ അധികം ചര്‍ച്ചയാകാറില്ല. അങ്ങനെ ഓരോ തവണ ഒരുമിക്കുമ്പോഴും ഐക്കോണിക് സിനിമകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള സംവിധായകന്‍-നായിക കോമ്പോയാണ് രാം ഗോപാല്‍ വര്‍മയും ഊര്‍മിള മതോണ്ഡ്കറും.
തൊണ്ണൂറുകളിലെ സൂപ്പര്‍ നായികയായിരുന്നു ഊര്‍മിള. സ്ഥിരം നായിക സങ്കല്‍പ്പത്തില്‍ നിന്നും ഊര്‍മിളയെ സൂപ്പര്‍ നായികയാക്കി മാറ്റുന്നത് രാം ഗോപാല്‍ വര്‍മയുടെ സിനിമകളായിരുന്നു. ഊര്‍മിളയുടെ താരപരിവേഷത്തേയും അഭിനയ മികവിനേയും രാമുവിനോളം ഉപയോഗപ്പെടുത്തിയിട്ടുള്ള മറ്റൊരു സംവിധായകനുമില്ലെന്നതാണ് വസ്തുത. രംഗീല, സത്യ, കോന്‍, ഭൂത് തുടങ്ങി ഇരുവരും ഒരുമിച്ചപ്പോഴൊക്കെ പിറന്നത് ഐക്കോണിക് സിനിമകളാണ്.

തുടര്‍ച്ചയായി രാം ഗോപാലിന്റെ സിനിമകളില്‍ നായികയായി എത്തിയിരുന്നു ഊര്‍മിള. തന്റെ സിനിമയില്‍ നായകന്മാര്‍ ആരൊക്കെ മാറി വന്നാലും നായിക ഊര്‍മിള മതിയെന്നായിരുന്നു രാം ഗോപാല്‍ വര്‍മയുടെ കാഴ്ചപ്പാട്. ഊര്‍മിളയുടെ സൗന്ദര്യത്തില്‍ രാം ഗോപാല്‍ വര്‍മ മയങ്ങിപ്പോയെന്നാണ് പറയപ്പെടു്‌നത്. തന്റെ ആത്മകഥയായ ഗണ്‍സ് ആന്റ് തൈസില്‍ രാം ഗോപാല്‍ വര്‍മ ഊര്‍മിളയെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
''ഞാന്‍ രംഗീല ചെയ്തതിന് പിന്നിലെ പ്രഥമ ലക്ഷ്യം ഊര്‍മിളയുടെ സൗന്ദര്യം എന്നന്നേക്കുമായി ക്യാമറയിലേക്ക് പകര്‍ത്തുകയെന്നതായിരുന്നു. രംഗീലയുടെ സെറ്റില്‍ എന്റെ ക്യാമറയിലൂടെ ഊര്‍മിളയെ കണ്ടതിലും വലിയൊരു സിനിമാറ്റിക് ലഹരി എനിക്ക് ലഭിച്ചിട്ടില്ല.'' എന്നാണ് അദ്ദേഹം പറഞ്ഞത്. ''ഇത് എങ്ങനെ വായിക്കപ്പെടുമെന്ന് അറിയില്ല, പക്ഷെ എനിക്ക് ഊര്‍മിളയുമായുള്ള വ്യക്തിപരമായ ഏറ്റവും വലിയ പ്രശ്‌നം, അവരൊരു സാധാരണ മനുഷ്യനാണെന്ന് എനിക്ക് അംഗീകരിക്കാനേ സാധിക്കില്ല എന്നതാണ്. ഒരു സ്ത്രീയില്‍ നിന്നുള്ള തീര്‍ത്തും അയാഥാര്‍ത്ഥ്യമായ പ്രതീക്ഷയാണത്. പക്ഷെ ഞാന്‍ വളരെയധികം ഫില്‍മി ആയ വ്യക്തിയാണ്'' എന്നും അദ്ദേഹം പറയുന്നു.

ജീവിതത്തില്‍ ഇവര്‍ വളരെ നല്ലൊരു പെണ്‍കുട്ടിയാണ്. പക്ഷെ അവളെ എപ്പോഴും ലാര്‍ജര്‍ ദാന്‍ ലൈഫ് ആയിട്ട് കാണാന്‍ ആണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം സ്ഥിരമായി രാം ഗോപാല്‍ വര്‍മയുടെ നായികയായി താന്‍ എത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍ ഊര്‍മിള സംസാരിച്ചിരുന്നു. രാമുജി ചെയ്തിട്ടുള്ള എല്ലാ സിനിമയിലും താന്‍ ഇല്ല. അതുപോലെ എല്ലാത്തിലും താന്‍ ഉണ്ടാകണമെന്നുമില്ലെന്നുമായിരുന്നു ഊര്‍മിള പറഞ്ഞത്.
അതേസമയം രാം ഗോപാല്‍ വര്‍മയ്ക്ക് ഊര്‍മിളയോടുള്ള ആരാധന വളരെ വലുതായിരുന്നു. ഒരു ഘട്ടത്തില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഊര്‍മിളയുടെ പോസ്റ്റര്‍ രാം ഗോപാല്‍ വര്‍മ തന്റെ ഓഫീസ് മുറിയില്‍ വച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഊര്‍മിളയുടെ ഫോട്ടോകള്‍ സൂക്ഷിക്കാന്‍ രാമു മുറി വരെ ഒരുക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അത് രാമുവിന്റെ ഭാര്യയെ അസ്വസ്ഥയാക്കിയെന്നും നടിയെ അവര്‍ തല്ലിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.


Click it and Unblock the Notifications











