അച്ഛനും അമ്മയും എന്നും വഴക്ക്, പേടിച്ച് സ്റ്റെയര്‍കേസിന് താഴെയാണ് കുട്ടിക്കാലം മുഴുവന്‍ ജീവിച്ചത്: രണ്‍ബീര്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. താരകുടുംബത്തില്‍ നിന്നുമാണ് രണ്‍ബീര്‍ കപൂര്‍ സിനിമയിലെത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ നിരവധി ഐക്കോണിക് താരങ്ങളെ സമ്മാനിച്ച കപൂര്‍ കുടുംബത്തിലെ ഈ തലമുറയിലെ താരമാണ് രണ്‍ബീര്‍ കപൂര്‍. അച്ഛന്‍ ഋഷി കപൂറിന്റേയും അമ്മ നീതു കപൂറിന്റേയും പാതയിലൂടെയാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്താനും രണ്‍ബീറിന് സാധിച്ചു.
താരപുത്രനായതിനാല്‍ രണ്‍ബീറിന് സിനിമയിലേക്കുള്ള വഴി എളുപ്പമായിരുന്നു. എന്നാല്‍ രണ്‍ബീറിന്റെ വ്യക്തി ജീവിതവും, പ്രത്യേകിച്ച് ബാല്യവും പ്രശ്‌നഭരിതമായിരുന്നു. തന്റെ അച്ഛന്‍ ഋഷി കപൂറും അമ്മ നീതു കപൂറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രണ്‍ബീറിന്റെ ബാല്യ ജീവിതത്തെ സാരമായി തന്നെ ബാധിച്ചിരുന്നു. ഒരിക്കല്‍ അതേക്കുറിച്ച് രണ്‍ബീര്‍ തുറന്ന് പറഞ്ഞിരുന്നു.

അച്ഛനും അമ്മയും തമ്മില്‍ പതിവായി വഴക്കുണ്ടാക്കുമായിരുന്നു. അത് തന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നുവെന്നും ഇപ്പോഴും തനിക്ക് ആ ഭയം ഉണ്ടെന്നുമാണ് നേരത്തെ നിഖില്‍ കാമത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞത്. ''കുട്ടിക്കാലം മുതല്‍ ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ എന്നെ ഭയപ്പെടുത്തിയിരുന്നു. എന്റെ അച്ഛനും അമ്മയും തമ്മില്‍ പതിവായി വഴിക്കിടുമായിരുന്നു. ഞങ്ങള്‍ ഒരു ബംഗ്ലാവിലായിരുന്നു താമസിച്ചിരുന്നത്. എന്റെ കുട്ടിക്കാലം മുഴുവന്‍ ഞാന്‍ സ്‌റ്റെയര്‍കേസില്‍ അവരുടെ വഴക്ക് കേട്ട് ഇരിക്കുകയായിരുന്നു. എപ്പോഴും ഭയന്നാണ് ജീവിച്ചത്'' എന്നാണ് രണ്‍ബീര്‍ പറഞ്ഞത്.
''എനിക്ക് തോന്നുന്നത് അവര്‍ ആ സമയത്ത് മോശം സമയത്തിലൂടെ കടന്നു പോവുകയായിരുന്നു എന്നാണ്. എന്റെ പെങ്ങള്‍ ആ സമയം കൂടെ ഉണ്ടായിരുന്നില്ല. അതിനാല്‍ എനിക്ക് ഉത്തരവാദിത്ത ബോധമുണ്ടായിരുന്നു. എന്റെ അമ്മ അവരുടെ ഫീലിംഗ്‌സ് എന്നോട് പങ്കുവെക്കുമായിരുന്നു. പക്ഷെ എന്റെ അച്ഛന്‍ അങ്ങനെ വികാരങ്ങള്‍ പ്രകടിപ്പിക്കാറില്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഞാന്‍ കേള്‍ക്കുകയോ മനസിലാക്കാന്‍ സാധിക്കുകയോ ചെയ്തിട്ടില്ല'' എന്നാണ് രണ്‍ബീര്‍ പറഞ്ഞത്.
''എന്റെ അച്ഛന്‍ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനായിരുന്നു. പക്ഷെ അദ്ദേഹം നല്ല മനുഷ്യനായിരുന്നു. അദ്ദേഹം തന്റെ കുടുംബത്തേയും ജോലിയേയും ഭക്ഷണത്തേയും മദ്യത്തേയും സ്‌നേഹിച്ചിരുന്നു. അദ്ദേഹം വളരെ ഓപ്പണ്‍ ആയ വ്യക്തിയായിരുന്നു. തന്റെ മനസിലുള്ളത് അദ്ദേഹം തുറന്ന് പറയുമായിരുന്നു. അദ്ദേഹം ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. അദ്ദേഹം ഞങ്ങള്‍ക്ക് നേരെ കൈ ഉയര്‍ത്തിയിട്ടില്ല. അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ദേഷ്യം വരാം. അതിനാല്‍ അദ്ദേഹം അടുത്തുള്ളപ്പോള്‍ ഞങ്ങള്‍ ഭയന്നിരുന്നു'' എന്നും താരം പറയുന്നുണ്ട്.

അതേസമയം അച്ഛന് ക്യാന്‍സര്‍ വന്നപ്പോള്‍ അമ്മ എങ്ങനെയാണ് അച്ഛനെ നോക്കിയിരുന്നതെന്നും രണ്‍ബീര്‍ ചൂണ്ടിക്കാണിക്കുന്നു. ''എന്റെ അമ്മ അച്ഛന് വേണ്ടി ചെയ്തതെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലൊരു സ്‌നേഹം എനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നതായിരുന്നില്ല'' എന്നും രണ്‍ബീര്‍ പറയുന്നുണ്ട്. 1980 ജനുവരി 22 ലായിരുന്നു ഋഷി കപൂറിന്റേയും നീതുവിന്റേയും വിവാഹം.


Click it and Unblock the Notifications











