റാണി മുഖര്‍ജി സിനിമ തട്ടിയെടുത്തു, കാമുകനെ സ്വന്തമാക്കി ഐശ്വര്യ; ബെസ്റ്റികള്‍ ഇന്ന് കണ്ടാല്‍ മിണ്ടില്ല
താരങ്ങള്‍ തമ്മിലുള്ള ഇണക്കവും പിണക്കവുമെല്ലാം ബോളിവുഡില്‍ പതിവാണ്. വലിയ താരങ്ങള്‍ ആകുന്തോറും ഈഗോയും വളരുന്നതാണ് കാണാറുള്ളത്. വളരെ അടുത്ത സുഹൃത്തുക്കള്‍ പോലും ചെറിയ കാരണങ്ങള്‍ക്ക് തല്ലിപ്പിരിയുന്നത് കണ്ടിട്ടുണ്ട്. ചിലരൊക്കെ കാലങ്ങള്‍ക്ക് ശേഷം പിണക്കം മറന്ന് ഒന്നാവുകയും ചെയ്യും. എന്നാല്‍ മറ്റ് ചിലരാകട്ടെ ഒരിക്കലും പൊറുക്കാന്‍ തയ്യാറാകാതെ പിണക്കം തുടരും. അങ്ങനെ സുഹൃത്തുക്കള്‍ ചിരിവൈരികളായി മാറിയ കഥയാണ് റാണി മുഖര്‍ജിയുടേയും ഐശ്വര്യ റായിയുടേയും.
ബോളിവുഡിലെ ഐക്കോണിക് നായികമാരാണ് ഐശ്വര്യയും റാണിയും. ഏതാണ്ട് ഒരേ സമയത്ത് ബോളിവുഡിലെ മുന്‍നിര നായികയായി മാറിയവര്‍. വിവാഹ ശേഷവും മുന്‍നിര താരങ്ങളായി തുടരുകയും ഇപ്പോഴും അഭിനയത്തിലൂടെ കയ്യടി നേടുകയും ചെയ്യുന്നവരാണ് ഇരുവരും. ഒരുകാലത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു റാണിയും ഐശ്വര്യയും. എന്നാല്‍ ഇന്ന് പരസ്പരം സംസാരിക്കാന്‍ പോലും ഇരുവരും തയ്യാറല്ല.

ഐശ്വര്യയും റാണിയും തമ്മിലുള്ള പ്രശ്‌നം ആരംഭിക്കുന്നത് ഷാരൂഖ് ഖാന്‍ നായകനായ ചല്‍തേ ചല്‍തേയില്‍ വച്ചാണ്. ഷാരൂഖ് ഖാനും ഐശ്വര്യയും നായകനും നായികയും ആകേണ്ടിയിരുന്ന സിനിമയായിരുന്നു ചല്‍തേ ചല്‍തേ. എന്നാല്‍ ഐശ്വര്യയുടെ അന്നത്തെ കാമുകനായിരുന്ന സല്‍മാന്‍ ഖാന്‍ സെറ്റിലെത്തി പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും ഐശ്വര്യയെ മാറ്റി. പകരം നായികയായത് റാണി മുഖര്‍ജിയായിരുന്നു. ഇത് ഐശ്വര്യയെ വല്ലാതെ വിഷമിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തനിക്ക് പകരക്കാരിയായി തന്റെ ആത്മസുഹൃത്ത് വന്നത് ഐശ്വര്യയ്ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. തന്റെ വേഷം റാണി തട്ടിയെടുത്തെന്നാണ് ഐശ്വര്യ കരുതിയിരുന്നത്. പിന്നീടൊരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ ഐശ്വര്യയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് റാണി മുഖര്‍ജി തുറന്ന് പറഞ്ഞിരുന്നു. തനിക്ക് ഐശ്വര്യയുമായി പ്രശ്‌നമില്ലെന്നും എന്നാല്‍ ഐശ്വര്യയ്ക്ക് തന്നോട് പ്രശ്‌നമുണ്ടെന്നുമാണ് അന്ന് റാണി മുഖര്‍ജി പറഞ്ഞത്.
''എനിക്ക് ആരുമായും പ്രശ്‌നങ്ങളില്ല. എനിക്ക് ഇപ്പോഴും ഐശ്വര്യയോട് വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. എനിക്ക് തോന്നുന്നത് ഐശ്വര്യയ്ക്ക് പ്രശ്‌നമുണ്ടെന്നാണ്. കാരണം അവള്‍ എന്റെ ഫോണ്‍ എടുക്കാറില്ല. അവളെ ഞാന്‍ കാണാറുമില്ല. പക്ഷെ ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ സൗഹൃദം കാണിക്കുമെന്നാണ് കരുതുന്നത്'' എന്നായിരുന്നു റാണി മുഖര്‍ജി പറഞ്ഞത്. അതേസമയം റാണിയ്ക്കും ഐശ്വര്യയ്ക്കും ഇടയില്‍ മറ്റൊരു കോമണ്‍ ഫാക്ടര്‍ കൂടിയുണ്ട്.

റാണി മുഖര്‍ജിയും അഭിഷേക് ബച്ചനും ഒരുകാലത്ത് പ്രണയത്തിലായിരുന്നു. ഇരുവരും കരിയറിന്റെ തുടക്കകാലത്ത് ബണ്ടി ഓര്‍ ബബ്ലിയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സമയത്താണ് പ്രണയത്തിലാകുന്നത്.എന്നാല്‍ ഈ ബന്ധത്തെ അഭിഷേകിന്റെ അമ്മ ജയ ബച്ചന്‍ എതിര്‍ത്തു. മകനോട് റാണിയില്‍ നിന്നും അകലം പാലിക്കാന്‍ ജയ ആവശ്യപ്പെട്ടു. പിന്നീടാണ് അഭിഷേക് ഐശ്വര്യയുമായി പ്രണയത്തിലാകുന്നത്. തന്റെ മുന്‍ കാമുകനെ തന്റെ ആത്മസുഹൃത്ത് പ്രണയിച്ചതും വിവാഹം കഴിച്ചതുമെല്ലാം റാണി മുഖര്‍ജിയെ അലട്ടിയിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
ഐശ്വര്യയും അഭിഷേകും വിവാഹം കഴിച്ചപ്പോള്‍ റാണി മുഖര്‍ജിയ്ക്ക് ക്ഷണമുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമായിരുന്നു. കല്യാണത്തിന് ഐശ്വര്യ തന്‍റെ ആത്മസുഹൃത്തിനെ വിളിക്കാതിരുന്നത് ആരാധകര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചിരുന്നു. റാണി മുഖര്‍ജിയും അഭിഷേകും തമ്മിലുള്ള ഭൂതകാലമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ബണ്ടി ഓര്‍ ബബ്ലിയുടെ രണ്ടാം ഭാഗം ഒരുക്കിയപ്പോള്‍ അഭിഷേക് അതിലുണ്ടായിരുന്നില്ല. റാണിയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും അഭിഷേകിനെ ഐശ്വര്യ തടഞ്ഞുവെന്നാണ് കരുതപ്പെടുന്നത്. അഭിഷേകിന് പകരം സെയ്ഫ് അലി ഖാന്‍ ആയിരുന്നു അഭിനയിച്ചത്.


Click it and Unblock the Notifications