സിനിമ തട്ടിയെടുത്ത റാണി, കാമുകനെ തട്ടിയെടുത്ത ഐശ്വര്യ; ബെസ്റ്റ് ഫ്രണ്ടില്‍ നിന്നും ശത്രുക്കളായ താരസുന്ദരിമാര്‍
ബോളിവുഡിലെ മുന്‍നിര നായികമാരാണ് റാണി മുഖര്‍ജിയും ഐശ്വര്യ റായും. തങ്ങളുടെ പ്രകടനത്തിലൂടെ സമാനതകളില്ലാത്ത വിജയം നേടിയ, സ്വന്തമായ ഇടങ്ങള്‍ സ്വന്തമാക്കിയ രണ്ടു പേര്‍. രണ്ടു പേരും കരിയര്‍ ആരംഭിക്കുന്നതും മുന്‍നിരയിലെത്തുന്നതുമൊക്കെ ഏതാണ്ട് ഒരുകാലത്ത് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും നല്ല സുഹൃത്തുക്കളുമായിരുന്നു. എന്നാല്‍ പിന്നീട് പരസ്പരം സംസാരിക്കുന്നത് പോലും അവസാനിക്കുന്ന തരത്തിലേക്ക് അവര്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തു.
റാണി മുഖര്‍ജിയ്ക്കും ഐശ്വര്യ റായ്ക്കും ഇടയിലെ ശീതയുദ്ധം ബോളിവുഡില്‍ വലിയ ചര്‍ച്ചയായി മാറിയ ഒന്നാണ്. ആത്മസുഹൃത്തുക്കളായ രണ്ടു പേര്‍ തമ്മില്‍ മിണ്ടാന്‍ പോലും പറ്റാത്ത അത്ര അകലത്തിലേക്ക് പിരിഞ്ഞത് എന്തുകൊണ്ട്? ഒരിക്കല്‍ റാണി മുഖര്‍ജി പറഞ്ഞത് ഐശ്വര്യയ്ക്ക് തന്നോട് പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു.

ഐശ്വര്യ റായ്-ഷാരൂഖ് ഖാന്‍ കോമ്പോയില്‍ പുറത്തിറങ്ങാനിരുന്ന സിനിമയായിരുന്നു ചല്‍തെ ചല്‍തെ. എന്നാല്‍ പകുതിയ്ക്ക് വച്ച് ഐശ്വര്യയെ ചിത്രത്തില്‍ നിന്നും മാറ്റുകയും പകരം റാണി മുഖര്‍ജി ഷാരൂഖിന്റെ നായികയാവുകയും ചെയ്തു. ഐശ്വര്യ റായുടെ അന്നത്തെ കാമുകനായിരുന്ന നടന്‍ സല്‍മാന്‍ ഖാന്‍ സെറ്റില്‍ വച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഐശ്വര്യയെ മാറ്റാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുന്നത്.
ഐശ്വര്യയെ വല്ലാതെ വിഷമിപ്പിക്കുന്നതായിരുന്നു ഈ തീരുമാനം. തനിക്ക് പകരം തന്റെ ആത്മമിത്രം നായികയാകുന്നുവെന്നു കൂടി അറിഞ്ഞതോടെ ഐശ്വര്യ തകര്‍ന്നു. റാണി തന്നെ വഞ്ചിച്ചതായി ഐശ്വര്യയ്ക്ക് തോന്നി. ഇതോടെയാണ് ഐശ്വര്യയ്ക്കും റാണിയ്ക്കും ഇടയില്‍ ഭിന്നത ഉടലെടുക്കുന്നത്. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥികളായി എത്തിയപ്പോള്‍ റാണി മുഖര്‍ജി ഐശ്വര്യയുമായുള്ള ശീതയുദ്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
''എനിക്ക് ആരോടും പ്രശ്‌നങ്ങളില്ല. ഇപ്പോഴും എനിക്ക് ആഷുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. എനിക്ക് തോന്നുന്നത് അവള്‍ക്ക് പ്രശ്‌നമുണ്ടെന്നാണ്. അതുകൊണ്ടാകും അവള്‍ എന്നോട് ഫോണില്‍ സംസാരിക്കുന്നത് നിര്‍ത്തിയത്. ഞാന്‍ അവളെ പിന്നീട് എവിടെ വച്ചും കണ്ടിട്ടുമില്ല. ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം സൗഹൃദം കാണിക്കുമെന്നാണ് കരുതുന്നത്'' എന്നായിരുന്നു കോഫി വിത്ത് കരണില്‍ വച്ച് റാണി മുഖര്‍ജി പറഞ്ഞത്.

അതേസമയം റാണി മുഖര്‍ജിയു അഭിഷേക് ബച്ചനും പ്രണയത്തിലാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ ഈ ബന്ധത്തിന് അഭിഷേകിന്റെ അമ്മ ജയ ബച്ചന്‍ എതിര്‍പ്പ് അറിയിച്ചു. റാണി അഹങ്കാരിയാണെന്നായിരുന്നു ജയയുടെ വാദം. മകനോട് റാണിയില്‍ നിന്നും അകലം പാലിക്കാനും അമ്മ ആവശ്യപ്പെട്ടു. പിന്നീടാണ് അഭിഷേക് ഐശ്വര്യയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.
അഭിഷേകും റാണിയും നല്ല സുഹത്തുക്കളും നിരവധി ഹിറ്റുകളില്‍ ഒരുമിച്ച് അഭിനയിച്ചവരുമാണ്. ഐശ്വര്യയും റാണിയുടെ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ ഐശ്വര്യയും അഭിഷേകും വിവാഹം കഴിച്ചപ്പോള്‍ റാണി മുഖര്‍ജിയെ ക്ഷണിച്ചിരുന്നില്ല. റാണിയ്ക്കും ഐശ്വര്യയ്ക്കുമിടയിലെ പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം റാണി മുഖര്‍ജിയുടേയും അഭിഷേകിന്റേയും ഹിറ്റ് സിനിമയായ ബണ്ടി ഓര്‍ ബബ്ലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ നായകന്‍ അഭിഷേക് ആയിരുന്നില്ല. ഐശ്വര്യയാണ് അഭിഷേകിനെ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും വിലക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Click it and Unblock the Notifications