എന്റെ കാമുകിയെ ആദിത്യ റോയ് കപൂര്‍ തട്ടിയെടുത്തു! ആരോപണവുമായി രണ്‍വീര്‍ സിംഗ്; അന്ന് നടന്നത്
ബോളിവുഡിലെ മിന്നും താരമാണ് രണ്‍വീര്‍ സിംഗ്. ഓണ്‍ സ്‌ക്രീനില്‍ തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കുന്ന രണ്‍വീര്‍ ഓഫ് സ്‌ക്രീനില്‍ തന്റെ എനര്‍ജി കൊണ്ട് അത്ഭുതപ്പെടുത്താറുണ്ട്. രണ്‍വീറിനോളം എനര്‍ജിയോടെ വേദികളിലെത്തുന്ന മറ്റൊരു നടനുണ്ടാകില്ല. തന്റെ വേറിട്ട വസ്ത്രധാരണ രീതി കൊണ്ടും രണ്‍വീര്‍ വാര്‍ത്തകൡ നിറയാറുണ്ട്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും തീര്‍ത്തും വ്യത്യസ്തനാണ് രണ്‍വീര്‍.
രണ്‍വീറിന്റെ സിനിമകളും ഫാഷനും പോലെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. രണ്‍വീറിന്റെ പ്രണയങ്ങളും ആരാധകരുടെ ഇഷ്ട ചര്‍ച്ചാ വിഷയമാണ്. ആദ്യ സിനിമയിലെ നായികയായ അനുഷ്‌ക ശര്‍മ മുതല്‍ പിന്നീട് തന്റെ ഭാര്യയായി മാറിയ ദീപിക പദുക്കോണ്‍ വരെ രണ്‍വീറിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന സ്ത്രീകള്‍ ഒരുപാടുണ്ട്.

അതേസമയം രണ്‍വീറും ബോളിവുഡിലെ മറ്റൊരു യുവനടനായ ആദിത്യ റോയ് കപൂറും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ച കഥയും ആരാധകര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. 2017 ല്‍ നേഹ ധൂപിയയുടെ നോ ഫില്‍റ്റര്‍ വിത്ത് നേഹയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് രണ്‍വീര്‍ മനസ് തുറന്നത്. തന്റെ കാമുകിയെ ആദിത്യ തട്ടിയെടുത്തെന്നായിരുന്നു രണ്‍വീര്‍ പറഞ്ഞത്.
''അവന്‍ ജൂനിയര്‍ സ്‌കൂളിലെ എല്ലാ പെണ്‍കുട്ടികളുടേയും സ്വപ്‌ന നായകനായിരുന്നു. എനിക്ക് അന്നൊരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു. ഇന്നവള്‍ കല്യാണം കഴിച്ച് അമ്മയായി. എനിക്ക് അവളോട് ഭ്രാന്തമായ പ്രണയമായിരുന്നു. നാലഞ്ച് വര്‍ഷം എനിക്ക് അവളോട് അതിയായ പ്രണയമായിരുന്നു. പക്ഷെ ഒടുവില്‍ അവള്‍ എന്നെ ഉപേക്ഷിച്ചു പോയി. അതൊരു ആദിത്യ റോയ് കപൂറുമായി പ്രണയത്തിലായതോടെയായിരുന്നു'' എന്നായിരുന്നു അന്ന് രണ്‍വീര്‍ സിംഗ് പറഞ്ഞത്.
രണ്‍വീറിന്റെ വാക്കുകള്‍ വാര്‍ത്തയായി മാറി. പിന്നാലെ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് ആദിത്യ റോയ് കപൂര്‍ തന്നെ പ്രതികരിക്കുകയുണ്ടായി. എന്നാല്‍ താന്‍ രണ്‍വീറിന്റെ കാമുകിയെ തട്ടിയെടുത്തിട്ടില്ലെന്നും രണ്‍വീര്‍ കുറച്ച് നാടകീയത കലര്‍ത്തിയതാണെന്നുമായിരുന്നു ആദിത്യയുടെ പ്രതികരണം. രണ്‍വീറിന് എങ്ങനെയാണ് അനുഭവപ്പെട്ടതെന്ന് തനിക്ക് അറിയില്ലെന്നും താന്‍ രണ്‍വീറിന്റെ കാമുകിയെ തട്ടിയെടുത്തിട്ടില്ലെന്നും ആദിത്യ പറഞ്ഞു.
രണ്‍വീറുമായി പിരിഞ്ഞ് എട്ട് മാസത്തിന് ശേഷമാണ് താന്‍ ആ പെണ്‍കുട്ടിയുമായി പ്രണയത്തിലായതെന്നും ആദിത്യ പറയുന്നു. എന്തായാലും ഇരുവര്‍ക്കുമിടയില്‍ അതൊരു വിള്ളലുണ്ടാക്കിയിട്ടില്ല എന്നതാണ് വസ്തുത. ഒരുമിച്ച് അഭിനയിച്ചില്ലെങ്കിലും നല്ല സുഹൃത്തുക്കളാണ് ഇന്ന് ആദിത്യയും രണ്‍വീറും.

രണ്‍വീര്‍ സിംഗ് പിന്നീട് ദീപിക പദുക്കോണുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം ആദിത്യ റോയ് കപൂറും പ്രണയത്തിലാണ്. യുവനടി അനന്യ പാണ്ഡെയും ആദിത്യയും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള യാത്രയുടേയും മറ്റും ചിത്രങ്ങള്‍ ഈയ്യടുത്ത് വൈറലായിരുന്നു. കോഫി വിത്ത് കരണില്‍ കരണ്‍ ജോഹറാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യം സംസാരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന ചിത്രങ്ങള്‍ ആ വാക്കുകള്‍ ശരി വെക്കുന്നതായിരുന്നു.
രണ്‍വീര്‍ നായകനായ പുതിയ സിനിമ റോക്കി ഓര്‍ റാണി കി പ്രേം കഹാനി ഇന്ന് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആലിയ ഭട്ട് നായികയാകുന്ന സിനിമയുടെ സംവിധാനം കരണ്‍ ജോഹര്‍ ആണ്. ധര്‍മ്മേന്ദ്ര, ഷബാന അസ്മി, ജയ ബച്ചന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications











