കരിഷ്മയ്ക്കും അജയ്ക്കും കുട്ടികളുണ്ടായാല്‍ 'സീബ്ര'യെ പോലെയുണ്ടാകും; വഞ്ചനയില്‍ കുപിതയായി രവീണ
രവീണ ടണ്ടനും കരിഷ്മ കപൂറും അജയ് ദേവ്ഗണും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ബോളിവുഡിലെ എക്കാലത്തേയും വലിയ നാടകീയ സംഭവങ്ങളില്‍ ഒന്നായിരുന്നു. ഒരുകാലത്ത് ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഹോട്ട് കപ്പിളായിരുന്നു രവീണയും അജയ് ദേവ്ഗണും. പിന്നീട് ജിഗര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അജയ് കരിഷ്മയെ പരിചയപ്പെട്ടു. ഇരുവര്‍ക്കുമിടയില്‍ പ്രണയം ഉടലെടുത്തതോടെ അജയ് രവീണയെ ഉപേക്ഷിച്ചു.
സ്വാഭാവികമായും അത് രവീണയെ തളര്‍ത്തി. ആ വേദന രവീണയ്ക്ക് താങ്ങാന്‍ സാധിച്ചില്ല. അജയ്ക്കും കരിഷ്മയ്ക്കുമെതിരെ പരസ്യമായി തന്നെ രവീണ ആരോപണങ്ങള്‍ ഉന്നയിച്ചു. ഒരു ഘട്ടത്തില്‍ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും രവീണ തുറന്ന് പറഞ്ഞു. താനും അജയും പരസ്പരം പ്രണയ ലേഖനങ്ങള്‍ എഴുതുമായിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം അജയ് എല്ലാം അവസാനിപ്പിച്ചെന്നാണ് രവീണ പറഞ്ഞത്. എന്നാല്‍ രവീണയുടെ ആത്മഹത്യ ശ്രമമൊക്കെ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് അജയ് പറഞ്ഞത്.

അജയ്‌ക്കെതിരെ മാത്രമല്ല, തന്റെ കാമുകനെ തട്ടിയെടുത്തെന്ന കാരണത്താല്‍ കരിഷ്മയ്‌ക്കെതിരേയും രീവണ രംഗത്തെത്തി. ഒരിക്കല്‍ സ്റ്റാര്‍ഡസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അജയ് ദേവ്ഗണും കരിഷ്മ കപൂറും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് രവീണ നടത്തിയ പരാമര്‍ശം വംശീയത നിറഞ്ഞതായിരുന്നു. ''അജയ് ദേവ്ഗണിനെ അവള്‍ എടുത്തോട്ടെ. എനിക്ക് താല്‍പര്യമല്ല. അജയ്ക്കും കരിഷ്മയ്ക്കും കുട്ടികളുണ്ടായാല്‍ അവര്‍ സീബ്രയെ പോലെയുണ്ടാകും'' എന്നാണ് രവീണ പറഞ്ഞത്.
രവീണയ്ക്ക് മാനസിക പ്രശ്‌നമാണെന്നും ഡോക്ടറെ കാണിക്കണമെന്നും അജയ് പറഞ്ഞതിന് പിന്നാലെയായിരുന്നു താരത്തിന്റെ ഈ പ്രതികരണം. കരിഷ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളും രവീണ ഉയര്‍ത്തി. കരിഷ്മയ്ക്ക് അപകര്‍ഷതാ ബോധമാണെന്നും തന്നെ നാല് സിനിമകളില്‍ നിന്നും കരിഷ്മ ഒഴിവാക്കിയെന്നുമാണ് രവീണ പറഞ്ഞത്.
ഒരു സിനിമയില്‍ താനും കരിഷ്മയും ഒരുമിച്ച് അഭിനയിക്കാനിരുന്നതാണ്. എന്നാല്‍ നിര്‍മ്മാതാവും നായകനും കരിഷ്മയുടെ സുഹൃത്തുക്കളാണ്. അവരോട് പറഞ്ഞ് കരിഷ്മ തന്നെ ചിത്രത്തില്‍ നിന്നും പുറത്താക്കിയെന്നാണ് രവീണയുടെ ആരോപണം. പക്ഷെ താന്‍ ഇത്തരം ഗെയിമുകള്‍ കളിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും രവീണ പറഞ്ഞു.

എന്നാല്‍ കാലങ്ങള്‍ പിന്നിട്ടതോടെ മൂവര്‍ക്കുമിടയിലെ പ്രശ്‌നങ്ങളും ഒതുങ്ങി. ഇന്ന് തങ്ങളെല്ലാം മുതിര്‍ന്നവരാണെന്നും തങ്ങള്‍ക്കിടയിലെ സമവാക്യം മാറിയതായും രവീണ പിന്നീട് പറഞ്ഞിട്ടുണ്ട്. ''ഞാന്‍ പ്രൊഫഷണലാണ്. ഞാനതൊന്നും കാര്യമാക്കുന്നില്ല. വേണമെങ്കില്‍ ഒരു കുറ്റിച്ചൂലിനൊപ്പം വരെ നിന്ന് ഞാന്‍ ഫോട്ടോയെടുക്കും. കരിഷ്മയും ഞാനും അടുത്ത സുഹൃത്തുക്കളല്ല. അജയും അങ്ങനെ തന്നെ. പക്ഷെ അജയ്‌ക്കൊപ്പവും കരിഷ്മയ്‌ക്കൊപ്പവും ജോലി ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ജോലിയുടെ കാര്യത്തില്‍ എനിക്ക് മണ്ടന്‍ ഈഗോ പ്രശ്‌നങ്ങളില്ല'' എന്നാണ് രവീണ പറഞ്ഞത്.
പതിയെ രവീണ ആ പ്രണയ തകർച്ചയില്‍ നിന്നും കരകയറി. അജയ് ദേവ്ഗണും കരിഷ്മ കപൂറും പിരിയുകയും ചെയ്തു. മൂന്ന് പേരും മൂന്ന് വഴികളിലൂടെയാണ് പിന്നീട് സഞ്ചരിച്ചത്. അജയ് നടി കജോളിനെ വിവാഹം കഴിച്ചു. കരിഷ്മയും വിവാഹിതയായി. രവീണയും. ഇന്ന് മൂവരുടേയും മക്കള്‍ സിനിമയിലേക്ക് കടന്നുവരാന്‍ തയ്യാറാവുകയാണ്. കരിഷ്മ അഭിനയത്തില്‍ സജീവമല്ല. അതേസമയം രവീണ ഒരിടവേളയ്ക്ക് ശേഷം ശക്തമായി തന്നെ തിരികെ എത്തി. കെജിഎഫ് 2വിലാണ് രവീണയെ ഒടുവിലായി കണ്ടത്.


Click it and Unblock the Notifications











