അയാള്‍ എന്നെ തലോടി, ഇന്നും അരോചകം തോന്നുന്ന ഓര്‍മ്മ; ദുരനുഭവം വെളിപ്പെടുത്തി റിച്ച ഛദ്ദ
തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് റിച്ച ഛദ്ദ. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് റിച്ച സ്വന്തമായൊരു കണ്ടെത്തുന്നത്. തന്റെ അഭിനയ മികവു കൊണ്ട് റിച്ച കയ്യടി നേടിയ സിനിമകള്‍ നിരവധിയാണ്. നീരജ് ഗയ്വാനയുടെ ആദ്യ ചിത്രമായ 'മസാന്‍'നില്‍ റിച്ച അവതരിപ്പിച്ച ദേവി എന്ന കഥാപത്രവും, അനുരാഗ് കശ്യപിന്റെ 'ഗ്യാങ്ങ് ഓഫ് വാസിപ്പൂര്‍' ലെ നഗ്മ എന്ന കഥാപാത്രവും ആരാധകര്‍ ഒരിക്കലും മറക്കില്ല.
അതേസമയം തന്റെ നിലപാടുകളിലൂടേയും റിച്ച കയ്യടി നേടാറുണ്ട്. സിനിമയ്ക്ക് പുറമെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും റിച്ച നിലപാടുകള്‍ തുറന്ന് പറയാറുണ്ട്. ഇതിന്റെ പേരില്‍ തന്റേടി എന്ന് തന്നെ വിളിക്കാറുണ്ടെന്ന് ഒരിക്കല്‍ റിച്ച തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഹീരാമണ്ഡി സീരീസിലെ റിച്ചയുടെ പ്രകടനം കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്.

കരിയറിന്റെ തുടക്കകാലത്ത് പേരിനൊപ്പം പറയാന്‍ വേരുകളില്ലാത്തതിനാല്‍ ധാരാളം മോശം അനുഭവങ്ങളും റിച്ചയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഇതേക്കുറിച്ച് റിച്ച തന്നെ തുറന്നു പറഞ്ഞിരുന്നു. തനിക്ക് ഒരാളില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് അന്നൊരു അഭിമുഖത്തില്‍ റിച്ച് മനസ് തുറക്കുകയായിരുന്നു.
''ഒരിക്കല്‍ ഒരാള്‍ എന്റെ അടുത്ത് വന്ന് 'നമുക്ക് അത്താഴം കഴിക്കാന്‍ പോകാമെന്ന് പറഞ്ഞു വന്നു. അപരിചിതനായ ഒരാളോടൊപ്പം ഒറ്റയ്ക്ക് പോയി ഭക്ഷണം കഴിക്കാന്‍ ധൈര്യമില്ലാത്ത സമയം ആയിരുന്നു അത്. ഭക്ഷണം കഴിച്ചുവെന്ന് അയാള്‍ക്ക് മറുപടി നല്‍കിയെങ്കിലും അദ്ദേഹം തന്നെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിപ്പിച്ച് കൊണ്ടിരുന്നു നടി പറഞ്ഞു. അന്ന് അയാള്‍ തന്റെ കൈകളില്‍ തലോടി. അത് എന്നെ ഇന്നും അരോചകപ്പെടുത്തുന്നു'' റിച്ച പറയുന്നു.
കാലങ്ങള്‍ കഴിഞ്ഞ്, സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയ ശേഷവും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും റിച്ച പറഞ്ഞു. സിനിമ മേഖലയില്‍ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ പുതുമയുളളതല്ല. ഇതിനെയല്ലാം പൊരുതി മുന്നോട്ട് പോവുക എന്നതാണ് നമുക്കുളളതെന്ന് നടി കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ ബോളിവുഡ് സിനിമ ലോകത്തെ ഇരുണ്ട വശങ്ങളെ കുറിച്ച് റിച്ച ഛദ്ദ ഒരിക്കല്‍ സംസാരിച്ചിരുന്നു.

ബോളിവുഡ് എന്നത് ബാന്ദ്രയ്ക്കും ഗോരേഗാവിനും ഇടയിലുള്ള ഒരു സാങ്കല്‍പ്പിക ഇടമാണ്. ഇവിടെ നിങ്ങള്‍ മറ്റുളളവരുടെ ഇഷ്ടത്തിനും അവരുടെ ആവശ്യങ്ങള്‍ക്കും പണിയെടുക്കേണ്ടി വരും. അത് നിങ്ങളുടെ വളര്‍ച്ചയിലെക്കുളള വഴിയാണെന്ന് അവര്‍ നിങ്ങളോട് പറയും. അവര്‍ക്ക് വേണ്ടി നിങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ, അതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് അന്ന് റിച്ച പറഞ്ഞത്.
ഹീരാമണ്ഡിയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് റിച്ച ഛദ്ദ ഇപ്പോള്‍. ഏറെനാളത്തെ പ്രണയത്തിന് ശേഷം ഈയ്യടുത്താണ് റിച്ച ഛദ്ദയും നടന്‍ അലി ഫസലും വിവാഹിതരാകുന്നത്. തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ് റിച്ചയും അലിയും. ഫുക്രെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് റിച്ചയും അലിയും പ്രണയത്തിലാകുന്നത്.


Click it and Unblock the Notifications











