'നമുക്ക് ഈ ബന്ധം അവസാനിപ്പിക്കാമെന്ന് ജെനീലിയയോട് പറഞ്ഞു, കൈവിട്ടു പോയി!'; റിതേഷിന്റെ വാക്കുകൾ
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. ഇരുവരും ഒരുമിച്ചെത്തുമ്പോഴെല്ലാം രസകരമായ നിമിഷങ്ങള്‍ ആരാധകർക്ക് ലഭിക്കാറുണ്ട്. ക്യൂട്ട് കപ്പിൾസായി ആരാധകർ വിശേഷിപ്പിക്കാറുള്ള ഇരുവരും പരസ്‌പരം കളിയാക്കുന്നതിലൊന്നും ഒരു മയയവും കാണിക്കാറില്ല. ജെനീലിയയും റിതേഷും ഒരുമിച്ചെത്തുന്ന ടെലിവിഷൻ പരിപാടികളും ചിരിയിടമായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഇരുവരും.
ജെനീലിയയും റിതേഷും പങ്കുവയ്ക്കുന്ന കോമഡി റീലുകളൊക്കെ അതിവേഗം വൈറലായി മാറാറുണ്ട്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ജെനീലിയ ഈയ്യടുത്താണ് തിരികെ വന്നത്. സിനിമകളിൽ സജീവമായതോടെ ടെലിവിഷൻ പരിപാടികളിലൊക്കെ റിതേഷിനൊപ്പം ജെനീലിയയും എത്താൻ തുടങ്ങിയിട്ടുണ്ട്. ഒരിക്കൽ ദി കപിൽ ശർമ്മ ഷോയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. അന്ന് തങ്ങളുടെ പ്രണയകാലത്തെ രസകരമായ ചില സംഭവങ്ങൾ ഇവർ പങ്കുവയ്ക്കുകയുണ്ടായി.

പ്രണയത്തിലായിരിക്കെ വേർപിരിയാമെന്ന് ജെനീലിയക്ക് മെസേജ് അയച്ചതും പണി കിട്ടിയതിനെയും കുറിച്ചാണ് റിതേഷ് പറഞ്ഞത്. തമാശയായി ചെയ്ത സംഭവം കൈവിട്ടു പോയെന്ന് റിതേഷ് പറയുന്നു. ഡേറ്റിങ്ങിലിരിക്കെ ഒരു ദിവസം നമുക്ക് ഈ ബന്ധം അവസാനിപ്പിക്കാമെന്ന് മെസേജ് അയച്ചു. തമാശയായി ചെയ്തതാണ് പക്ഷേ ജെനീലിയക്ക് ആ തമാശ മനസിലായില്ല. ജെനീലിയ അതിനെ വളരെ ഗൗരവമായി എടുത്തു. ഇനി ഒരിക്കലും ഇത്തരമൊരു തമാശ കാണിക്കാൻ തോന്നാത്ത വിധത്തിലായിരുന്നു ജെനീലിയയുടെ പ്രതികരണമെന്ന് റിതേഷ് പറയുന്നു.
ഷോയിൽ ഇരുവരും പരസ്‌പരം വിളിക്കുന്ന രസകരമായ പേരുകളും വെളിപ്പെടുത്തി. റിതേഷ് ജെനീലിയയെ ജീനി എന്ന് വിളിക്കുമ്പോൾ ജെനീലിയ റിതേഷിനെ ധോലു എന്നാണ് വിളിക്കുന്നതെന്നും ഇരുവരും പറഞ്ഞു. തുജെ മേരി കസം എന്ന സിനിമയുടെ സെറ്റിൽ വച്ച് ആദ്യമായി കണ്ടുമുട്ടിയതും ഇരുവരും ഓർമിച്ചു.
അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖിന്റെ മകനായതിനാൽ, റിതേഷ് ഒരു കുരുത്തം കേട്ടയാളാണെന്ന ധാരണയാണ് തനിക്ക് ആദ്യം ഉണ്ടായതെന്ന് ജെനീലിയ പറഞ്ഞു. പിന്നീട് ആ ധാരണകൾ തെറ്റാണെന്ന് ബോധ്യപ്പെട്ടു, അങ്ങനെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഏകദേശം പത്ത് വർഷക്കാലം റിതേഷും ജെനീലിയയും പ്രണയിച്ചു നടന്നു. എന്നാൽ ചുറ്റുമുള്ള ആർക്കും തന്നെ ഒരു സംശയം പോലും ഉണ്ടായിരുന്നില്ലെന്ന് ഇവർ പറയുന്നു.

2012 ലാണ് റിതേഷും ജെനീലിയയും വിവാഹിതരാകുന്നത്. കഴിഞ്ഞ പത്ത് വർഷത്തോളമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ. റിയാൻ, റഹിൽ എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്. കുട്ടികൾ വളർന്ന ശേഷമാണ് ജെനീലിയ വീണ്ടും സിനിമകളിൽ സജീവമായി തുടങ്ങിയത്.
2020 ൽ പുറത്തിറങ്ങിയ ഇറ്റ്സ് മൈ ലൈഫ് എന്ന സിനിമയിലൂടെയാണ് ജെനീലിയ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. പിന്നീട് റിതേഷ് നായകനായ മിസ്റ്റർ മമ്മി എന്ന സിനിമയിലും ട്രയൽ പിരീഡ് എന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ചു. തെലുങ്ക്, കന്നഡ ഭാഷകളിൽ ഒരുങ്ങുന്ന ജൂനിയർ ആണ് ജെനീലിയയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. കക്കുട, വിസ്‌ഫോട്ട്, ഹൗസ്ഫുൾ 5 എന്നിവയാണ് റിതേഷിന്റെതായി അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ.


Click it and Unblock the Notifications











