മക്കളെ കാണാന്‍ സമ്മതിക്കുന്നില്ല, മോന്റെ ഫോട്ടോ കണ്ട് കരഞ്ഞു; മുന്‍ ഭാര്യയ്‌ക്കെതിരെ സെയ്ഫ് അലി ഖാന്‍
താരങ്ങള്‍ തമ്മിലുള്ള പ്രണയവും വിവാഹവും പോലെ തന്നെ ബോളിവുഡിലെ സ്ഥിരം സംഭവമാണ് വിവാഹ മോചനം. ചില വിവാഹ മോചനങ്ങള്‍ പരസ്പര ധാരണയോടെയുള്ളതായിരിക്കും. രണ്ട് കൂട്ടരും സൗഹൃദം നിലനിര്‍ത്തി തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കും. എന്നാല്‍ മറ്റ് ചിലപ്പോഴാകട്ടെ പരസ്പരം വഴക്കിട്ട് പിരിയുന്നവരേയും കാണാം. അങ്ങനെ പരസ്യമായി പരസ്പരം തല്ലു പിടിച്ച് പിരിഞ്ഞവരാണ് സെയ്ഫ് അലി ഖാനും അമൃത സിംഗും.
സിനിമാറ്റിക് പ്രണയവും വിവാഹവുമായിരുന്നു സെയ്ഫിന്റേയും അമൃതയുടേയും. 1991 ലാണ് ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ലാണ് ഇരുവരും പിരിയാന്‍ തീരുമാനിക്കുന്നത്. ഇരുവരും പരസ്യമായി തന്നെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് വിവാഹ മോചനം നേടിയതും മറ്റുമൊക്കെ.

വിവാഹ മോചനത്തില്‍ അമൃത സിംഗിന് ജീവനാംശമായി സെയ്ഫിന് നല്‍കേണ്ടി വന്നത് അഞ്ച് കോടിയായിരുന്നു. കൂടാതെ മക്കള്‍ക്ക് 18 വയസാകുന്നത് വരെ അവരുടെ ചെലവുകള്‍ നോക്കേണ്ടതും സെയ്ഫിന്റെ ഉത്തരവാദിത്തമായിരുന്നു. മക്കളുടെ ഉത്തരവാദിത്തം കോടതി നല്‍കിയത് അമൃതയ്ക്കായിരുന്നു. സെയ്ഫിന് അവരെ ഇടയ്ക്ക് കാണാന്‍ മാത്രമായിരുന്നു അവകാശമുണ്ടായിരുന്നത്.
എന്നാല്‍ അമൃത തന്നെ മക്കളെ കാണുന്നതില്‍ നിന്നും തടയുകയാണെന്ന് പിന്നീട് സെയ്ഫ് അലി ഖാന്‍ ആരോപിക്കുകയുണ്ടായി. ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് മനസ് തുറന്നത്.
''എന്നെ എന്റെ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല. എന്നെ കാണാന്‍ വരാന്‍ അവരേയും. എന്തിന്? എന്റെ ജീവിതത്തില്‍ പുതിയൊരു സ്ത്രീയുണ്ടെന്നും അവള്‍ മക്കളെ അവരുടെ അമ്മയ്‌ക്കെതിരെ തിരിക്കുമെന്നും കരുതിയിട്ടോ? അത് വിവരക്കേടാണെന്ന് അമൃതയ്ക്ക് തന്നെ അറിയാം. എന്റെ മക്കളെ അമൃതയുടെ ബന്ധുക്കളും ജോലിക്കാരുമാണ് ഇപ്പോള്‍ നോക്കുന്നത്. അവള്‍ സീരിയലില്‍ അഭിനയിക്കുകയാണ്. അവളെന്തിന് അങ്ങനെ ചെയ്യണം? ഞാന്‍ എന്റെ കുടുംബത്തെ സഹായിക്കാന്‍ തയ്യാറാണ്'' എന്നായിരുന്നു സെയ്ഫ് പറഞ്ഞത്.
''ഞാനും എന്റെ ഭാര്യയും രണ്ട് വഴിക്ക് പിരിഞ്ഞു. എന്റെ ഭാര്യയുടെ ഇടം ഞാന്‍ ബഹുമാനിക്കുന്നുണ്ട്. പക്ഷെ എന്തിനാണ് ഞാനൊരു മോശം ഭര്‍ത്താവാണെന്നും അച്ഛനാണെന്നും എപ്പോഴും ഓര്‍മ്മിപ്പിക്കുന്നത്? എന്റെ പേഴ്‌സില്‍ മകന്‍ ഇബ്രാഹിമിന്റെ പടമുണ്ട്. ഓരോ തവണയും അത് കാണുമ്പോള്‍ എനിക്ക് കരച്ചില്‍ വരും. എന്റെ മകള്‍ സാറയെ ഞാന്‍ എപ്പോഴും മിസ് ചെയ്യുന്നുണ്ട്'' എന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

അതേസമയം അമൃതയ്ക്ക് ജീവനാംശം നല്‍കാന്‍ പോലും തന്റെ പക്കല്‍ പണമില്ലായിരുന്നുവെന്ന് മറ്റൊരു അഭിമുഖത്തില്‍ സെയ്ഫ് പറയുന്നുണ്ട്. ''എന്റെ പക്കല്‍ അത്രയും കാശില്ല. ബാക്കി തരുമെന്ന് ഞാനവള്‍ക്ക് വാക്കു കൊടുത്തിട്ടുണ്ട്. ഞാന്‍ കൊടുക്കും. അതിനായി മരിച്ച് വീഴും വരെ പണിയെടുക്കും. പരസ്യത്തിലൂടേയും സ്റ്റേജ് ഷോയിലൂടേയുിമൊക്കെ നേടിയതൊക്കെ മക്കള്‍ക്ക് വേണ്ടി നല്‍കുകയാണ്. എന്റെ പക്കല്‍ കാശില്ല'' എന്നാണ് സെയ്ഫ് പറഞ്ഞത്.
എന്തായാലും കാലാന്തരത്തില്‍ സെയ്ഫിനും അമൃതയ്ക്കും ഇടയിലെ മഞ്ഞുരുകി. സെയ്ഫ് കരീനയെ വിവാഹം കഴിക്കാന്‍ പോകുന്ന കാര്യം ആദ്യം അറിയിച്ചത് അമൃതയെ ആയിരുന്നു. മക്കളായ ഇബ്രാഹിമും സാറയും സെയ്ഫുമായും കരീനയുമായും മക്കളുമായുമെല്ലാം വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സാറ സിനിമയിലെത്തുകയും ചെയ്തു. ഇപ്പോഴിതാ ഇബ്രാഹിം അലി ഖാനും അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ്.


Click it and Unblock the Notifications











