അപ്പോള്‍ ഇവള്‍ക്ക് നല്ലത് കിട്ടും! കത്രീനയെ തല്ലാറുണ്ടെന്ന് പരസ്യമായി സമ്മതിച്ച് സല്‍മാന്‍: വിവാദം
ബോളിവുഡിലെ ആസ്ഥാന ബാച്ചിലറാണ് സല്‍മാന്‍ ഖാന്‍. പ്രണയങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് സല്‍മാന്‍ ഖാന്‍. സംഗീത ബിജ്‌ലാനി മുതല്‍ ഐശ്വര്യ റായും കത്രീന കൈഫും വരെ സല്‍മാനൊപ്പം പേരു ചേര്‍ക്കപ്പെട്ടവരാണ്. സല്‍മാന്റെ പ്രണയങ്ങള്‍ മിക്കതും അവസാനിച്ചത് വിവാദങ്ങളിലാണ്. ഐശ്വര്യ റായ്, സോമി അലി എന്നിവര്‍ താരത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ബോളിവുഡിനെയാകെ പിടിച്ചുലച്ച സംഭവങ്ങളാണ്.
സല്‍മാന്‍ തന്റെ കാമുകിമാരോട് പലപ്പോഴും മോശമായി പെരുമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. സല്‍മാന്‍ ഐശ്വര്യയെ മര്‍ദ്ദിച്ചതായി ഐശ്വര്യ തന്നെ പരസ്യമായി വെളിപ്പെടുത്തിയതാണ്. സോമി അലിയും ഗുരുതര ആരോപണങ്ങളാണ് താരത്തിനെതിരെ ഉന്നയിച്ചത്. ഈയ്യടുത്തും സല്‍മാന്‍ ഖാന്‍ തനിക്കെതിരെ നടത്തിയ ലൈംഗിക അതിക്രമങ്ങളും മര്‍ദ്ദനങ്ങളുമൊക്കെ സോമി തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ സല്‍മാന്റെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സല്‍മാന്‍ ഖാനും അന്നത്തെ കാമുകയായിരുന്ന കത്രീന കൈഫുമാണ് വീഡിയോയിലുള്ളത്. താന്‍ കത്രീനയെ തല്ലാറുണ്ടെന്ന് സല്‍മാന്‍ ഖാന്‍ തന്നെ തുറന്ന് പറയുന്നതാണ് വീഡിയോ. സെറ്റില്‍ കത്രീനയുമായി കോസ്റ്റിയുമിന്റെ പേരില്‍ വഴക്കുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് സല്‍മാന്റെ തുറന്ന് പറച്ചില്‍.
''ക്രിയാത്മകതയുടെ പേരില്‍ എപ്പോഴും വഴക്കുണ്ടാകാറുണ്ട്. ഇവള്‍ പിന്നീട് വന്നതാണ്. ഞാന്‍ ഇവിടെ കുറേനാളുകളായി. ഇടയ്ക്ക് ഇവള്‍ ഓവര്‍ സ്മാര്‍ട്ടാകും. അപ്പോള്‍ ഇവള്‍ക്ക് ഒരോന്ന് കിട്ടും. അതോടെ ഇവള്‍ കറക്ടാകും. എന്നിട്ട് പറയും ഇത് ശരിയാണല്ലോ എന്ന്. ശരിയാണെങ്കില്‍ ശരിയാണ്, തെറ്റാണെങ്കില്‍ തെറ്റാണ്'' എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.
''ക്യാമറയ്ക്ക് മുന്നില്‍ എത്ര അനായാസമായാണ് അയാള്‍ തന്റെ വയലന്‍സ് സമ്മതിച്ചത്. അസഹനീയം. കത്രീന അയാളെ അവഗണിക്കാന്‍ ശ്രമിക്കുന്നത് കാണാം. അവള്‍ സത്യത്തില്‍ അയാളില്‍ നിന്നും രക്ഷപ്പെട്ടതാണ്. തല്ലുന്നത് സമ്മതിക്കുക മാത്രമല്ല, അതിലെ തെറ്റ് പോലും അയാള്‍ക്ക് ബോധ്യപ്പെടുന്നില്ല. അഭിമാനത്തോടെയാണ് ഞാനവളെ തല്ലുമെന്ന് പറയുന്നത്'' എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

സല്‍മാന്‍ ഖാനും കത്രീന കൈഫും ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹത്തിന്റെ വക്കോളം എത്തിയതാണ്. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. സല്‍മാന്‍ ഖാനുമായുള്ള പ്രണയം അവസാനിച്ച ശേഷമാണ് കത്രീന രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലാകുന്നത്.ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ആ ബന്ധവും അവസാനിക്കുന്നത്. ഇന്ന് വിവാഹിതയാണ് കത്രീന കൈഫ്. നടന്‍ വിക്കി കൗശലിനെയാണ് കത്രീന വിവാഹം കഴിച്ചത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് കത്രീനയും വിക്കിയും.
സല്‍മാന്‍ ഖാനും റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രണയത്തിലാണ്. ഗായികയും മോഡലുമായ ലുലിയ വാന്‍തൂറും സല്‍മാനും നാളുകളായി പ്രണയത്തിലാണ്. അതേസമയം സല്‍മാന്‍ ഖാന്‍ വിവാഹത്തില്‍ നിന്നും ഒളിച്ചു നടക്കുകയാണ്. പ്രണയം തകര്‍ന്നുവെങ്കിലും സല്‍മാന്‍ ഖാനും കത്രീന കൈഫും തുടര്‍ന്നും ഒരുമിച്ച് അഭിനയിച്ചു. ഇപ്പോഴിതാ ഇരുവരും ഒരുമിക്കുന്ന ടൈഗര്‍ പരമ്പരയിലെ ടൈഗര്‍ ത്രീ റിലീസിന് തയ്യാറെടുക്കുകയാണ്.


Click it and Unblock the Notifications











