അമ്മയുടെ സങ്കടം കാണാന്‍ വയ്യ; അച്ഛന്റെ രണ്ടാം വിവാഹം കുടുംബത്തെ തകര്‍ത്തുവെന്ന് സല്‍മാന്‍ ഖാന്‍
ബോളിവുഡിലെ ഐക്കോണിക് തിരക്കഥാകൃത്തുകളില്‍ ഒരാളാണ് സലീം ഖാന്‍. ബോളിവുഡിന്റെ അതുവരെയുണ്ടായിരുന്ന കഥ പറച്ചില്‍ രീതികളേയും ഡയലോഗുകളിലുണ്ടായിരുന്ന ശൈലിയുമൊക്കെ മാറ്റിയെഴുതിയ ജോഡിയാണ് സലീം-ജാവേദ്. ഷോലെ പോലുള്ള എക്കാലത്തേയും വലിയ സിനിമകള്‍ എഴുതി സലീമും ജാവേദും ബോളിവുഡിന്റെ തലവര തന്നെ മാറ്റുകയായിരുന്നു.
തന്റെ ഓണ്‍ സ്‌ക്രീന്‍ സൃഷ്ടികളിലൂടെ കയ്യടി നേടിയത് പോലെ തന്നെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലൂടേയും സലീം ഖാന്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സലീ ഖാന്റെ ദാമ്പത്യ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ളതാണ്. നേരത്തെ തന്നെ വിവാഹിതനായിരുന്ന സലീം നടി ഹെലനെ വിവാഹം കഴിച്ചത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു.

നേരത്തെ തന്നെ സുശിലയെ വിവാഹം ചെയ്തിരുന്നു സലീം ഖാന്‍. ഇരുവര്‍ക്കും നാല് മക്കളുമുണ്ടായിരുന്നു. സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍, അല്‍വിറ ഖാന്‍. അച്ഛന്റെ പാതയിലൂടെ ആണ്‍മക്കളെല്ലാം സിനിമയിലെത്തുകയും ചെയ്തു. സല്‍മാന്‍ ഖാന്‍ ബോളിവുഡിലെ താരരാജാവായി വളരുകയും ചെയ്തു. സിനിമയിലെത്തുന്നതിനും ഒരുപാട് മുമ്പാണ് സലീം സുശിലയെ കാണുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം.
ബോളിവുഡില്‍ സലീമിന്റെ പേരും പ്രശസ്തിയും വളര്‍ന്നു കൊണ്ടിരുന്നു. എന്നാല്‍ സുശീലയുമായുമുള്ള ബന്ധത്തില്‍ അകലം വന്നു കൊണ്ടിരുന്നു. ഈ സമയത്താണ് സലീം ഹെലനുമായി അടുപ്പത്തിലാകുന്നത്. ആ സൗഹൃദം അധികം വൈകാതെ പ്രണയത്തിലേക്ക് എത്തി. എന്നാല്‍ വിവാഹിതനായ സലീമുമായി പ്രണയത്തിലായതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നാണ് ഒരിക്കല്‍ ഹെലന്‍ തുറന്ന് പറഞ്ഞത്.
''സലീം വിവാഹിതനാണെന്ന കാര്യം എന്നെ അലട്ടിയിരുന്നു. തുടക്കത്തില്‍ എനിക്ക് കുറ്റബോധം തോന്നിയിരുന്നു. സലീമിനെ ഇന്‍ഡസ്ട്രിയിലെ മറ്റ് പുരുഷന്മാരില്‍ നിന്നും വേറിട്ട് നിര്‍ത്തിയിരുന്ന എന്തോ ഒന്നുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. എന്നെ ചുഷണം ചെയ്യണം എന്ന ഉദ്ദേശമില്ലാതെ ആത്മാര്‍ത്ഥമായി സഹായിച്ച മനുഷ്യനാണ്'' എന്നാണ് ഹെലന്‍ പറയുന്നത്.

തന്റെ അച്ഛന്‍ അമ്മയുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെ തന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത് സല്‍മാന്‍ ഖാനെ കാര്യമായി തന്നെ അലട്ടിയിരുന്നു. ''എനിക്ക് സംഭവിച്ചിട്ടുള്ളതില്‍ ഏറ്റവും നല്ല കാര്യമാണ് എന്റെ അമ്മ. എങ്ങനെയെന്ന് പറയാനാകില്ല. വിശദീകരിക്കേണ്ടതില്ലെന്ന് തോന്നുന്നു. ഞാന്‍ ബേസിക്കലി അമ്മക്കുട്ടിയാണ്. ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമാണ്. അമ്മയെ സങ്കടപ്പെട്ട് കാണാന്‍ എനിക്ക് ഇഷ്ടമല്ല. അച്ഛന്‍ വീണ്ടും വിവാഹം കഴിച്ചത് അമ്മയ്ക്ക് വേദനയായി. അദ്ദേഹം വരുന്നതും കാത്ത് അമ്മ ഇരിക്കുന്നത് കാണുമ്പോള്‍ എനിക്ക് വെറുപ്പ് തോന്നുമായിരുന്നു'' എന്നാണ് സല്‍മാന്‍ ഖാന്‍ ഒരിക്കല്‍ പറഞ്ഞത്.
എന്നാല്‍ കാലം ആ വേദനയേയും മുറിവിനേയുമെല്ലാം മായ്ച്ചു. ഹെലനെ സുശിലയും മക്കളും അംഗീകരിച്ചു. സല്‍മാനും സഹോദരങ്ങളും ഹെലനേയും അമ്മയുടെ സ്ഥാനത്ത് കാണാന്‍ ആരംഭിച്ചു. ഇന്നും സലീം ഖാന്‍ തന്റെ രണ്ട് ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്. ഹെലനുമായി വളരെ അടുത്ത ബന്ധമാണ് സല്‍മാന്‍ ഖാന് ഇപ്പോഴുള്ളത്.


Click it and Unblock the Notifications