കല്യാണം കഴിക്കുന്നില്ലേ? സല്‍മാന്‍ ഖാനെ 'നുണ പരിശോധന'യ്ക്ക് വിധേയനാക്കി കത്രീന കൈഫ്
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് സല്‍മാന്‍ ഖാനും കത്രീന കൈഫും. ഇരുവരും ഒരുമിച്ച് ഒരുപാട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്്. പുതിയ സിനിമയായ ടൈഗര്‍ ത്രീയിലും ഇരുവരും ഒരുമിച്ചാണ് അഭിനയിക്കുന്നത്. ഒരുകാലത്ത് ബോളിവുഡിലെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു കത്രീനയും സല്‍മാനും തമ്മിലുള്ള പ്രണയം. ഇരുവരും ഒരുമിച്ച് പല പൊതുപരിപാടികളും പങ്കെടുത്തിട്ടുണ്ട്. വിവാഹം വരെ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ അധികനാള്‍ കഴിയും മുമ്പ് തന്നെ ഇരുവരും പിരിയുകയായിരുന്നു. പ്രണയ ബന്ധം അവസാനിച്ചുവെങ്കിലും സല്‍മാനും കത്രീനയും തമ്മിലുള്ള സൗഹൃദത്തെ അത് തെല്ലും ബാധിച്ചിട്ടില്ല. പ്രണയ തകര്‍ച്ചയ്ക്ക് ശേഷവും ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് തുടരുകയായിരുന്നു.
ഇന്നും വളരെ അടുത്ത സുഹൃത്തുക്കളാണ് കത്രീനയും സല്‍മാന്‍ ഖാനും. ഇന്ന് കത്രീനയുടെ വിവാഹമാണ്. യുവനടന്‍ വിക്കി കൗശലാണ് കത്രീനയുടെ വരന്‍. അതേസമയം അവിവാഹിതനായി തുടരുകയാണ് സല്‍മാന്‍ ഖാന്‍. കത്രീനയോട് തനിക്കുള്ള സ്‌നേഹവും ബഹുമാനവുമെല്ലാം തുറന്നു പറയുന്നതില്‍ ഇന്നും യാതൊരു മടിയും കാണിക്കാറില്ല സല്‍മാന്‍ ഖാന്‍. ഇരുവരും ഒരുമിച്ച് എത്തുന്ന നിമിഷങ്ങളും രസകരമായ ഓര്‍മ്മകള്‍ ആരാധകര്‍ക്ക് സമ്മാനിക്കാറുണ്ട്.

ബോളിവുഡിലെ സ്ഥിരം ചര്‍ച്ചകളില്‍ ഒന്നാണ് സല്‍മാന്‍ ഖാന്റെ വിവാഹം. എന്നാണ് വിവാഹിതനാകുന്നതെന്ന് ആരാധകരും താരങ്ങളുമെല്ലാം സല്‍മാന്‍ ഖാനോട് ചോദിക്കാറുണ്ട്. പക്ഷെ നാളിതുവരെ സല്‍മാന്‍ ഖാന്‍ ആ ചോദ്യത്തിന് വ്യക്തമായൊരു മറുപടി നല്‍കിയിട്ടില്ല. അത്തരത്തില്‍ ഒരിക്കല്‍ ഈ ചോദ്യം സല്‍മാന്‍ ഖാന് നേരിടേണ്ടി വന്നത് കത്രീന കൈഫില്‍ നിന്നു തന്നെയായിരുന്നു. 2017 ല്‍ തങ്ങളുടെ സിനിമയായ ടൈഗര്‍ സിന്ദാ ഹേയുടെ പ്രൊമോഷന് വേണ്ടി സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടുള്ള ബിഗ് ബോസ് പരിപാടിയില്‍ അതിഥിയായി കത്രീന എത്തിയപ്പോഴായിരുന്നു സംഭവം.

രസകരമായ നിമിഷങ്ങളായിരുന്നു പരിപാടിയില്‍ അരങ്ങേറിയത്. കത്രീനയോട് താന്‍ നല്‍കുന്ന രണ്ട് ഓപ്ഷനുകളില്‍ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാനായിരുന്നു സല്‍മാന്‍ ഖാന്‍ ആദ്യം പറഞ്ഞത്. ആമിര്‍ ഖാനില്‍ നിന്നും സല്‍മാന്‍ ഖാനില്‍ നിന്നും ഒരാളെയായിരുന്നു കത്രീനയ്ക്ക് ആദ്യം തിരഞ്ഞെടുക്കേണ്ടിയിരുന്നത്. എന്നാല്‍ സല്‍മാന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് കത്രീന പറഞ്ഞത് ആമിറിന്റെ പേരായിരുന്നു. സല്‍മാനൊപ്പമുള്ള സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്നും അതിനാല്‍ താന്‍ ആമിര്‍ ഖാന്റെ പേരാണ് പറയുന്നതെന്നായിരുന്നു കത്രീനയുടെ ഉത്തരം. അതേസമയം ആമിറും സല്‍മാനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും കത്രീന പറഞ്ഞു.

അതേസമയം ബോളിവുഡിലെ ഏത് നടിയെ ഒപ്പം നിര്‍ത്തിയാലും താന്‍ തിരഞ്ഞെടുക്കുക കത്രീന കൈഫിനെയായിരിക്കുമെന്നായിരുന്നു സല്‍മാന്‍ ഖാന്റെ മറുപടി. പിന്നാലെ നുണ പരിശോധനയായിരുന്നു നടന്നത്. ആദ്യം കത്രീനയാണ് ഹോട്ട് സീറ്റിലിരുന്നത്. സല്‍മാന്‍ ഖാനെ മാറ്റി നിര്‍ത്തിയ ശേഷം ആരാണ് ഇഷ്ടപ്പെട്ട സഹനടന്‍ എന്നായിരുന്നു ചോദ്യം. അക്ഷയ് കുമാറിന്റെ പേരായിരുന്നു കത്രീന ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നെയത് ഹൃത്വിക് റോഷന്‍ എന്ന് തിരുത്തുകയായിരുന്നു കത്രീന. ആലിയ ഭട്ട് ആണ് തന്റെ ആത്മസുഹൃത്തെന്നും കത്രീന പറഞ്ഞു. ആദ്യ കൂടിക്കാഴ്ചയില്‍ താന്‍ സല്‍മാനെ വെറുത്തിരുന്നില്ലെന്നും കത്രീന പറഞ്ഞു.

പിന്നാലെ സല്‍മാന്‍ ഖാന്‍ നുണ പരിശോധനയ്ക്ക് വിധേയനായി. ആരാധകര്‍ക്കുള്ള ചോദ്യമാമയിരുന്നു കത്രീന സല്‍മാനോട് ചോദിച്ചത്. നിങ്ങള്‍ കല്യാണം കഴിക്കുമോ ഇല്ലയോ എന്നായിരുന്നു കത്രീനയുടെ ചോദ്യം. ആളുകള്‍ പറയുന്നത് എനിക്ക് കല്യാണ പ്രായം കഴിഞ്ഞുവെന്നായിരുന്നു സല്‍മാന്‍ ഖാന്റെ മറുപടി. പക്ഷെ നുണ പരിശോധന യന്ത്രത്തില്‍ ചുവന്ന ബള്‍ബ് ആണ് കത്തിയത്. ഇതോടെ സല്‍മാന്‍ നുണ പറയുകയാണെന്ന് കത്രീന പറഞ്ഞു. നിങ്ങള്‍ക്കും കല്യാണം കഴിക്കാം എന്നും കത്രീന പറഞ്ഞു. രസകരമായ നിമിഷങ്ങളായിരുന്നു ആരാധകര്‍ക്ക് ഇതെല്ലാം.


Click it and Unblock the Notifications