മെട്രോയില്‍ വച്ച് ലൈംഗിക അതിക്രമം നേരിട്ടു, കണ്ടു നിന്നവരാരും സഹായിച്ചില്ല; വെളിപ്പെടുത്തി സാന്യ
ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാന്യ മല്‍ഹോത്ര. ഇപ്പോഴിതാ ജവാന്റെ ചരിത്ര വിജയത്തിന്റെ സന്തോഷത്തിലാണ് സാന്യ. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ അവകാശപ്പെടാനില്ലാതെയാണ് സാന്യ കടന്നു വരുന്നത്. തന്റെ അഭിനയ മികവിലൂടെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ഇതിനോടകം തന്നെ സാന്യയ്ക്ക് സാധിച്ചിട്ടുണ്ട്.
ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവത്തെക്കുറിച്ച് സാന്യ മനസ് തുറന്നിരുന്നു. കോളേജില്‍ നിന്നും മടങ്ങി വരുന്നതിനിടെ ഒരു സംഘം ആണുങ്ങള്‍ തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്തതും മോശമായ രീതിയില്‍ സ്പര്‍ശിച്ചതുമാണ് സാന്യ തുറന്നു പറഞ്ഞത്. തനിക്കെതിരെ നടക്കുന്ന അതിക്രമം കണ്ടിട്ടും ആരും പ്രതികരിച്ചില്ലെന്നും സാന്യ പറഞ്ഞിരുന്നു.

''ഞാന്‍ ഒറ്റയ്ക്കായിരുന്നു. അതിനാല്‍ മിണ്ടാതിരുന്നു. എനിക്ക് ഒന്നും ചെയ്യാനായില്ല. അവര്‍ തൊടാനും ശല്യം ചെയ്യാനും തുടങ്ങി. ഞാന്‍ നിസ്സഹായയായി. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ എന്തും സംഭവിച്ചേക്കാം. നീയെന്തുകൊണ്ട് ഒന്നും ചെയ്തില്ല എന്നാണ് ആളുകള്‍ പൊതുവെ ചോദിക്കുക. പക്ഷെ ഇങ്ങനൊരു സാഹചര്യം വരുമ്പോള്‍ കയ്യും കാലുമൊക്കെ അനങ്ങാതാകും. ആ സാഹചര്യത്തെ അതജീവിച്ചാല്‍ മാത്രം മതിയെന്നാകും'' എന്നാണ് സാന്യ പറഞ്ഞത്.
''ഞാന്‍ രാജീവ് ചൗക്കില്‍ ഇറങ്ങിയതും അവര്‍ എന്നെ പിന്തുടരാന്‍ തുടങ്ങി. അവര്‍ നല്ല ഉയരമുള്ള, മസ്‌കുലര്‍ ആയ പുരുഷന്മാരായിരുന്നു. ആ സ്റ്റേഷനില്‍ ആള്‍ത്തിരക്കുണ്ടായിരുന്നത് ഭാഗ്യമായി. ഞാന്‍ ഓടി വാഷ്‌റൂമില്‍ കയറി. അവിടെ നിന്ന് അച്ഛനെ വിളിച്ചു. എന്നെ വന്ന് കൂട്ടാന്‍ പറഞ്ഞു'' സാന്യ പറയുന്നു. മെട്രോയില്‍ വച്ച് തനിക്ക് മോശം അനുഭവമുണ്ടായത് കണ്ടു നിന്നവരാരും സഹായിക്കാന്‍ വന്നില്ലെന്നും സാന്യ പറയുന്നുണ്ട്.
അതേസമയം താരമായ ശേഷവും തനിക്ക് ചിലരില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്. അന്നും കണ്ടു നിന്നവര്‍ തനിക്ക് വേണ്ടി മുന്നോട്ട് വന്നില്ലെന്നും സാന്യ ഓര്‍ക്കുന്നു. ഫോട്ടോയെടുക്കാന്‍ എന്ന വ്യാജനെ അടുത്തു വന്ന ഒരാള്‍ തന്റെ ദേഹത്ത് മോശമായ രീതിയല്‍ കൈ വെക്കുകയായിരുന്നുവെന്നാണ് സാന്യ പറയുന്നത്.

''ഞാന്‍ ഞെട്ടിപ്പോയി. പക്ഷെ കണ്ടു നിന്ന ഫോട്ടോഗ്രാഫര്‍മാര്‍ എന്നെ സഹായിച്ചില്ല. ഞാന്‍ അസ്വസ്ഥയാകുന്നത് അവര്‍ കാണുന്നുണ്ടായിരുന്നു. എനിക്ക് നല്ല ദേഷ്യം വന്നു. ഞാന്‍ അയാളെ തിരിച്ച് വിളിക്കുകയും നിങ്ങള്‍ ചെയ്തത് തെറ്റാണെന്ന് പറയുകയും ചെയ്തു'' എന്നാണ് ആ സംഭവത്തെക്കുറിച്ച് സാന്യ പറയുന്നത്.
ആമിര്‍ ഖാന്‍ നായകനായ ദംഗലിലൂടെയായിരുന്നു സാന്യയുടെ അരങ്ങേറ്റം. ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടാനും സാന്യയ്ക്ക് സാധിച്ചിരുന്നു. പിന്നാലെ വന്ന പഠാക്ക, ബദായി ഹോ, ഫോട്ടോഗ്രാഫ്, ശകുന്തളാ ദേവി, ലുഡോ, പഗ്ലൈറ്റ് തുടങ്ങിയ സിനിമകളിലെല്ലാം മിന്നും പ്രകടനമാണ് സാന്യ കാഴ്ചവച്ചത്. ബിഗ് സ്‌ക്രീന് പുറമെ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സാന്യ. ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലാണ് ഒടുവിലായി എത്തിയത്. ചിത്രത്തിലെ സാന്യയുടെ കഥാപാത്രവും പ്രകടനവും ഏറെ ചര്‍ച്ചയായിരുന്നു.
വിക്കി കൗശല്‍ നായകനാകുന്ന സാം ബഹദൂര്‍ ആണ് പുതിയ സിനിമ. പിന്നാലെ നിമിഷ സജയന്‍ നായികയായി എത്തിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ ഹിന്ദി റീമേക്കിലും സാന്യ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications