സിനിമ പടക്കമാണെന്ന് ഫറാ ഖാന്റെ ഭർത്താവ്, കയ്യേറ്റം ചെയ്ത് ഷാരൂഖ് ഖാൻ; സഞ്ജയ് ദത്തിന്റെ പാർട്ടിയിൽ നടന്നത്!
ബോളിവുഡിലെ താരരാജാവാണ് നടൻ ഷാരൂഖ് ഖാന്‍. ഷാരൂഖിനെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടൻ ഇന്ത്യൻ സിനിമയിലില്ല. അത്രമാത്രം ആരാധകരാണ് കിംഗ് ഖാന് ഉള്ളത്. നീണ്ടൊരു ഇടവേളയ്ക്കു ശേഷം വമ്പൻ തിരിച്ചുവരവ് നടത്തി വീണ്ടും ആരാധകരെ വിസ്‍മയിപ്പിച്ചിരിക്കുകയാണ് നടനിപ്പോൾ. പഠാനിലൂടേയും ജവാനിലൂടേയും എന്തുകൊണ്ടാണ് താൻ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരമാകുന്നതെന്ന് കാണിച്ചു തന്നിരിക്കുകയാണ് ഷാരൂഖ് ഖാൻ.
ഓണ്‍ സ്‌ക്രീനിലെന്ന പോലെ ഓഫ് സ്ക്രീനിലും തന്റെ ഇടപെടലുകൾ കൊണ്ട് ഷാരൂഖ് കയ്യടി നേടാറുണ്ട്. നടന്റെ വ്യക്തിത്വം പലരെയും ആകർഷിക്കാറുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽപ്പോലും വളരെ ശാന്തനായാണ് ഷാരൂഖിനെ കാണാറുള്ളത്. എന്നാൽ ഷാരൂഖ് പൊട്ടിത്തെറിക്കുന്ന ചില സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. പൊതുവെ പറയാറുള്ളത് പോലെ, ചില കാര്യങ്ങൾ ക്ഷമിക്കുന്നതിന് പരിധിയുണ്ട്. അതിപ്പോൾ ഷാരൂഖ് ഖാന് ആയാലും അങ്ങനെ തന്നെയാണ്.

അത്തരത്തിൽ മുൻപ് നടന്നൊരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ക്ഷമ നശിച്ച ഷാരൂഖ് ഖാൻ ഒരിക്കൽ സംവിധായികയും നിർമാതാവുമായ ഫറാ ഖാന്റെ ഭർത്താവ് ശിരീഷ് കുന്ദറിനെ കയ്യേറ്റം ചെയ്തതായാണ് പറയപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2012ലാണ് സംഭവം നടക്കുന്നത്. സഞ്ജയ് ദത്ത് തന്റെ സുഹൃത്തുക്കൾക്കായി ജുഹുവിലെ ഒരു നിശാക്ലബിൽ വെച്ച് നടത്തിയ താരനിബിഡമായ പാർട്ടിയിൽ വെച്ചാണ് സംഭവം.
പുലർച്ചെ 3:15 ഓടെ ഷാരൂഖ് ഖാൻ പാർട്ടിയിൽ പങ്കെടുക്കാനെത്തി. ഫറാ ഖാന്റെ ഭർത്താവ് ശിരീഷ് കുന്ദറും അവിടെ ഉണ്ടായിരുന്നു. പാർട്ടിക്കിടെ ഷാരൂഖ് തന്റെ ബി-ടൗൺ സുഹൃത്തുക്കളുമായി സംസാരിക്കുകയൊക്കെ ചെയ്തിരുന്നെങ്കിലും ശിരീഷിൽ നിന്ന് അകലം പാലിച്ചു. അന്ന് ഷാരൂഖും ശിരീഷും തമ്മിൽ അത്ര നല്ല രസത്തിൽ ആയിരുന്നില്ല. ശിരീഷ് ഷാരൂഖിന്റെ റാ.വൺ സിനിമയ്ക്കെതിരെ രംഗത്തെത്തുകയും, ചിത്രമൊരു പടക്കമാണെന്ന് പറയുകയും ചെയ്തിരുന്നു. ഇതായിരുന്നു ഇവർക്കിടയിലെ പ്രശ്നത്തിന് കാരണം.
ഇതേ തുടർന്നാണ് ഷാരൂഖ് പാർട്ടിക്കിടെ ശിരീഷിന് കണ്ടിട്ടും മിണ്ടാതിരുന്നത്. അതിനിടെ സഞ്ജയ് ദത്ത് ഷാരൂഖിനെ തന്റെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്താൻ പുറത്തേക്ക് കൊണ്ടുപോയി. ശിരീഷും ഇവരെ പിന്തുടർന്നു. മദ്യലഹരിയിൽ ആയിരുന്നു ശിരീഷ്. ഷാരൂഖിന് പിന്നാലെ ടോയ്‌ലറ്റ് ഉൾപ്പടെ എല്ലായിടത്തേക്കും ശിരീഷ് പോയി. അതിനിടെ ഷാരൂഖിന് പിന്നിൽ ചെന്ന് ചെവിയിൽ എന്തോ പിറുപിറുത്തു.

അതോടെ ഷാരൂഖിന് ക്ഷമ നശിച്ചു. അടുത്തുള്ള സോഫയിലേക്ക് ശിരീഷിനെ തള്ളിയിട്ട്, അടിച്ചു. കാര്യങ്ങൾ കൈവിട്ടുപോയതോടെ സഞ്ജയ് ദത്ത് ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാളാണ് ഇക്കാര്യം ഒരിക്കൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. പിന്നീട് ഫറാ ഖാനും ഇങ്ങനെയൊരു സംഭവം നടന്നതായി പറയുകയുണ്ടായി. സഞ്ജയ് ദത്തിന്റെ പാർട്ടിയിൽ വെച്ച് ഷാരൂഖ് ഖാനും മൂന്ന് അംഗരക്ഷകരും ചേർന്ന് തന്റെ ഭർത്താവ് ശിരീഷിനെ മർദിച്ചെന്നാണ് ഫറാ ഖാൻ പറഞ്ഞത്.
തനിക്കെതിരെ ട്വീറ്റ് ചെയ്തത് എന്തിനാണ് എന്ന് ചോദിച്ചായിരുന്നു മർദ്ദനം. യാതൊരു പ്രകോപനവുമില്ലാതെയാണ് ഷാരൂഖ് ഭർത്താവിനെ തല്ലിയത്. തന്റെ കരിയർ തകർക്കുമെന്നടക്കം പറഞ്ഞു എന്നായിരുന്നു ഫറാ ഖാന്റെ ആരോപണം. ഷാരൂഖ് ഇങ്ങനെ പെരുമാറുന്നത് കാണുന്നതിൽ വിഷമമുണ്ടെന്നും ഫറാ പറയുകയുണ്ടായി. സംഭവം വലിയ ചർച്ചയായി മാറി.
ഷാരൂഖിനെതിരേ കേസ് കൊടുക്കാൻ ഒരുങ്ങുകയാണെന്ന് വാർത്തകൾ വന്നു. എന്നാൽ അത് വെറും കിംവദന്തികൾ ആണെന്നും കേസ് നൽകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യകതമാക്കി ശിരീഷ് രംഗത്തെത്തുകയായിരുന്നു. അതോടെ ആ വിഷയം അവിടെ അവസാനിക്കുകയും ചെയ്തു.


Click it and Unblock the Notifications