പണത്തിന് വേണ്ടി ചെയ്തത് ഒരേയൊരു സിനിമ! അന്നെനിക്ക് അത് വേണമായിരുന്നു; ഷാരൂഖ് ഖാൻ പറഞ്ഞത്
ബോളിവുഡിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ താരരാജാവാണ് ഷാരൂഖ് ഖാൻ. ഷാരൂഖിനെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടൻ ഈ രാജ്യത്തില്ലെന്നതാണ് സത്യം. നീണ്ടൊരു ഇടവേളയ്ക്കു ശേഷം വമ്പൻ തിരിച്ചുവരവ് നടത്തി വീണ്ടും ആരാധകരെ വിസ്‍മയിപ്പിച്ചിരിക്കുകയാണ് ഷാരൂഖ്. പഠാനിലൂടേയും ജവാനിലൂടേയും എന്തുകൊണ്ടാണ് താൻ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരമാകുന്നതെന്ന് കാണിച്ചു തന്നിരിക്കുകയാണ് ഷാരൂഖ് ഖാൻ.
രണ്ട് സിനിമകളും 1000 കോടി എന്ന അപൂർവ നേട്ടം സ്വന്തമാക്കിയാണ് തിയേറ്ററുകളിൽ നിന്നും പോയത്. എക്കാലവും ശ്രദ്ധിച്ചു സിനിമകൾ തിരഞ്ഞെടുക്കുന്ന നടനാണ് ഷാരൂഖ്. അതുകൊണ്ട് തന്നെ ഒരുപാട് ഹിറ്റുകൾ നടന്റെ പേരിലുണ്ട്. പലതും സാമ്പത്തികമായി വലിയ നേട്ടങ്ങൾ സ്വന്തമാക്കിയവയാണ്. എന്നാൽ ഇത്രയും നാളത്തെ കരിയറിൽ ഒരു സിനിമ മാത്രമാണ് താൻ പണത്തിന് വേണ്ടി ചെയ്തിട്ടുള്ളൂ എന്നാണ് ഷാരൂഖ് പറയുന്നത്.

യാരോന്‍ കി ബരാത് എന്ന ടിവി ഷോയില്‍ പങ്കെടുക്കവെ 2016 ലാണ് ഷാരൂഖ് ഖാന്‍ ഇക്കാര്യം പറഞ്ഞത്. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. "പണത്തിനുവേണ്ടി ഒറ്റ സിനിമയേ ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളൂ. 60 സിനിമകള്‍ (ആ സമയത്തെ കണക്ക്) ഞാന്‍ ഇതിനകം ചെയ്തിട്ടുണ്ട്. ആ ചിത്രത്തില്‍ നിന്ന് ലഭിച്ച പ്രതിഫലം കൊണ്ടാണ് എന്‍റെ ആദ്യത്തെ വീട് ഞാന്‍ വാങ്ങിയത്. ആ പൈസ എനിക്ക് വേണമായിരുന്നു," അദ്ദേഹം പറഞ്ഞു.
"പക്ഷേ പിന്നീട് സാമ്പത്തികനില മെച്ചപ്പെട്ടപ്പോള്‍, സിനിമകള്‍ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ആദ്യം വാങ്ങിയ സിനിമയും അതായിരുന്നു. ആ ചിത്രത്തിന് വാങ്ങിയ പ്രതിഫലം തിരിച്ചുകൊടുക്കണമെന്ന് എനിക്ക് തോന്നി. ആ സിനിമ ചെയ്യാനുള്ള മനസ് എനിക്കുണ്ടായിരുന്നില്ല. പക്ഷേ പണത്തിനുവേണ്ടി ഞാന്‍ എന്റെ മനസാക്ഷിയെ വിറ്റ ചിത്രം അത് മാത്രമായിരിക്കും", ഷാരൂഖ് ഖാന്‍ പറഞ്ഞു.
അതേസമയം ഷോയിൽ സിനിമയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല. കരിയറിന്‍റെ തുടക്കകാലത്ത് വീട് എന്ന ലക്ഷ്യം നിറവേറ്റാനായി ചെറിയ തുകയ്ക്ക് പരസ്യത്തില്‍ അഭിനയിക്കാന്‍ തയ്യാറായ ഷാരൂഖ് ഖാനെക്കുറിച്ച് പ്രശസ്ത പരസ്യ സംവിധായകനായ പ്രഹ്ളാദ് കക്കര്‍ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞതും ശ്രദ്ധനേടിയിരുന്നു.
980 കളുടെ അവസാനമാണ് കാലം. ഖയാമത്ത് സേ ഖയാമത്ത് തക് ഒക്കെ ഇറങ്ങി ആമിര്‍ ഖാന്‍ ജനപ്രീതിയില്‍ നില്‍ക്കുന്ന സമയമാണ്. അതേസമയം ദൂരദര്‍ശന്‍റെ പരമ്പരയായ ഫൌജിയിലെ അഭിനയത്തിലൂടെ ഷാരൂഖിനും അത്യാവശ്യം പ്രശസ്തിയുണ്ട്. പുതുതായി ചെയ്യാന്‍ പോകുന്ന പരസ്യത്തിലേക്ക് ഇവര്‍ ഇരുവരുടെയും പേരുകള്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും തനിക്ക് താല്‍പര്യം ആമിര്‍ വരണമെന്നായിരുന്നുവെന്ന് പ്രഹ്ലാദ് കക്കര്‍ പറയുന്നു.

"ആമിര്‍ ഖാന്‍ ആണ് കൂടുതല്‍ പ്രതിഫലവും ആവശ്യപ്പെട്ടത്. 25 ലക്ഷമാണ് അദ്ദേഹം ചോദിച്ചത്. എന്നാല്‍ 6 ലക്ഷത്തിന് താന്‍ അഭിനയിക്കാമെന്ന് ഷാരൂഖ് സമ്മതിച്ചു. അന്ന് മുംബൈയില്‍ ഒരു വീട് വാങ്ങാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഷാരൂഖ്. അതിന് അടിയന്തിരമായി പണം കണ്ടെത്തേണ്ടതുണ്ടായിരുന്നു അദ്ദേഹത്തിന്,"
"കൂടുതല്‍ പ്രതിഫലം ചോദിക്കുമ്പോഴും ആമിറിന് ശരിക്കും ആ പരസ്യം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. കാരണം അക്കാലത്ത് പരസ്യങ്ങളില്‍ അഭിനയിക്കാന്‍ സിനിമാതാരങ്ങള്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. കാരണം സിനിമയില്‍ നല്ല അവസ്ഥയിലല്ല ഉള്ളതെന്ന ഒരു പ്രതിച്ഛായ പുറത്ത് വരും എന്നതായിരുന്നു കാരണം. ഈ പരസ്യം താങ്കള്‍ക്ക് ഒരു വലിയ നടനെന്ന പ്രതിച്ഛായ നല്‍കുമെന്ന് ഞാന്‍ പറഞ്ഞെങ്കിലും ആമിര്‍ അത് അംഗീകരിച്ചില്ല. സിനിമകളിലൂടെയേ അത് സാധിക്കൂ എന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന്," പ്രഹ്ലാദ് കക്കര്‍ ഓർമിച്ചു.
പിന്നീട് 25 ലക്ഷം വാങ്ങി ആമിര്‍ പരസ്യത്തില്‍ അഭിനയിച്ചെന്നും ഏറെ വൈകാതെ ഷാരൂഖ് ഖാനെ വച്ച് മറ്റൊരു പരസ്യം തങ്ങള്‍ ചിത്രീകരിച്ചെന്നും പ്രഹ്ളാദ് കക്കര്‍ സൂമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications