'ജനപ്രീതിക്ക് വേണ്ടിയാണ് കഷ്ടപ്പെട്ടത്, പെൺകുട്ടികൾ എന്റെ വസ്ത്രം വലിച്ചുകീറണമെന്നാണ് ആഗ്രഹം'; ഷാരൂഖ് പറഞ്ഞത്
ഇന്ത്യൻ സിനിമയിലെ പകരക്കാരില്ലാത്ത നടനാണ് ഷാരൂഖ് ഖാൻ. ഷാരൂഖിനെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടൻ ഈ രാജ്യത്തില്ലെന്നതാണ് സത്യം. അത്രമാത്രം ആരാധകരാണ് കിംഗ് ഖാന് ഉള്ളത്. ബോളിവുഡിലെ താരകുടുംബങ്ങളുടെ അഡ്രസോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെ കടന്നു വന്ന് രാജ്യത്തെ ഏറ്റവും വലിയ താരമായി മാറിയ ഷാരൂഖ് ഖാന്റെ യാത്ര അമ്പരപ്പിക്കുന്നതാണ്. ഇന്ത്യൻ സിനിമയിൽ ഇനിയൊരിക്കലും ആവർത്തിക്കാൻ ഇടയില്ലാത്ത പ്രതിഭാസമാണ് ഷാരൂഖ് ഖാൻ.
ഓണ്‍ സ്‌ക്രീനിലെന്ന പോലെ ഓഫ് സ്ക്രീനിലും ആരാധകർക്ക് ഏറെ പ്രിയങ്കരനാണ് നടൻ. ആരാധകരുടെ സ്നേഹത്തോട് ഷാരൂഖ് ഒരിക്കലും മുഖം തിരിക്കാറില്ല. പിറന്നാൾ ദിനത്തിലും മറ്റു വിശേഷ ദിവസങ്ങളിലും വീടിന് മുന്നിൽ തടിച്ചുകൂടുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യാനെത്തുന്നത് അതിന് തെളിവാണ്. ആരാധകരുടെ ഇഷ്ടവും ഈ ജനപ്രീതിയുമെല്ലാം നടൻ നല്ല രീതിയിൽ ആസ്വദിക്കുന്നുമുണ്ട്. കാരണം ഒരുകാലത്ത് ഷാരൂഖ് വളരെയധികം ആഗ്രഹിച്ചിരുന്നതാണ് ഇത്.

ഒരിക്കൽ ഒരു അഭിമുഖത്തിൽ ഷാരൂഖ് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ആ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുകയാണ്. നടനാകുന്നതിന് മുൻപുണ്ടായിരുന്നത് പോലെയുള്ള സ്വകാര്യത തിരികെ വേണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഷാരൂഖ്. ഇല്ലെന്ന് മറുപടി നൽകിയ നടൻ, ഈ ജനപ്രീതിക്ക് വേണ്ടി താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു. തന്നെ കാണുമ്പോൾ പെൺകുട്ടികളും കുട്ടികളും വസ്ത്രങ്ങൾ വലിച്ചുകീറുന്നതാണ് താൻ ആഗ്രഹിക്കുന്നതെന്നും നടൻ പറയുകയുണ്ടായി.
'ഇല്ല, അങ്ങനെ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ഡോക്യുമെന്ററിയിൽ ഞാൻ പറയുന്നുണ്ട്, തിരിച്ചറിയാൻ വേണ്ടി എന്റെ ജീവിതകാലം മുഴുവൻ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആയിരക്കണക്കിന് ആളുകൾ എന്റെ പേര് വിളിച്ചുപറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പെൺകുട്ടികളും കുട്ടികളുമൊക്കെ എന്റെ വസ്ത്രം വലിച്ചുകീറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഞാൻ അതിനുവേണ്ടി അത്രമാത്രം കഠിനാധ്വാനം ചെയ്തിട്ടുണ്ട്',
'താരങ്ങൾ മുഖം മറയ്ക്കാനായി കറുത്ത കണ്ണട ധരിക്കുന്നതൊക്കെ എനിക്ക് മണ്ടത്തരമായി തോന്നാറുണ്ട്. ഞാൻ തിരിച്ചറിയപ്പെടണമെന്ന് ആഗ്രഹിക്കുന്നു. ഒരു അവസരം ലഭിച്ചാൽ എന്റെ ഇടത് കൈയും വലതു കൈയും തിരിച്ചറിയാൻ നൽകും. എനിക്ക് സ്വകാര്യത ആവശ്യമില്ല. എനിക്ക് അറിയപ്പെടണം. എന്നെ ആളുകൾ ശല്യപ്പെടുത്തണം. എത്ര വർഷക്കാലം അതിന് കഴിയുമോ അത്രയും കാലം ശല്യം ചെയ്യണം', ഷാരൂഖ് ഖാൻ പറഞ്ഞു.
അതേസമയം വീഡിയോ വൈറലായതോടെ ഷാരൂഖ് ഖാനെതിരെ വിമർശനങ്ങളും ശക്തമാണ്. പെൺകുട്ടികൾ തന്റെ വസ്ത്രങ്ങൾ വലിച്ചുകീറാൻ താൻ ആഗ്രഹിക്കുന്നു എന്ന പരാമർശത്തിനെതിരെയാണ് വിമർശനം. അതേസമയം കുറച്ചു നാളുകൾക്ക് മുൻപ് ഫെമിന മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, സൂപ്പർസ്റ്റാറായി ജീവിക്കുന്നതിന്റെ വെല്ലുവിളികളെക്കുറിച്ച് ഷാരൂഖ് ഖാൻ തുറന്നുപറഞ്ഞിരുന്നു. തന്റെ കുടുംബത്തിന്റെ സ്വകാര്യത കവർന്നെടുക്കപ്പെടുകയാണെന്നായിരുന്നു അന്ന് നടന്റെ പരാതി.

'ഞാൻ എന്റെ കുടുംബത്തിന്റെ ജീവിതത്തിൽ അനാവശ്യമായ ഒരുപാട് ശല്യങ്ങൾ കൊണ്ടുവരുന്നു. അവർ ട്രോൾ ചെയ്യപ്പെടുന്നു, അവരുടെ സ്വകാര്യത കവർന്നെടുക്കപ്പെടുന്നു, നടക്കാൻ പോകുന്നത് പോലെയുള്ള സാധാരണവും ലളിതവുമായ കാര്യങ്ങൾ ചെയ്യുന്നതിനെ കുറിച്ച് പോലും അവർക്ക് ചിന്തിക്കാൻ കഴിയുന്നില്ല', ഷാരൂഖ് ഖാൻ പറഞ്ഞു.
അതേസമയം, നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വമ്പൻ തിരിച്ചുവരവ് നടത്തി തിളങ്ങി നിൽക്കുകയാണ് ഷാരൂഖ് ഖാൻ. അവസാനം പുറത്തിറങ്ങിയ പഠാനും ജവാനും കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ കരിയർ തീർന്നെന്ന് വിധി എഴുതിയവർക്കുള്ള മറുപടിയാണ് രണ്ടു ചിത്രങ്ങളുടെയും വിജയം. രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി ആണ് ഷാരൂഖിന്റേതായി അണിയറയിൽ ഉള്ള ചിത്രം. സൽമാൻ ഖാൻ നായകനായ ടൈഗർ 3ൽ അതിഥി വേഷവും ഷാരൂഖ് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications