അയല്‍പക്കത്തെ ആന്റിമാരെല്ലാം എനിക്ക് ചുറ്റും കൂടി; ആ പ്രതികരണത്തെക്കുറിച്ച് ഷാഹിദ് കപൂര്‍
തെന്നിന്ത്യന്‍ സിനിമകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇങ്ങനെ പല തെന്നിന്ത്യന്‍ സിനിമകള്‍ ബോളിവുഡിലെത്തുകയും വലിയ വിജയമായി മാറുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ സ്ഥിരം റീമേക്കുകള്‍ ചെയ്യുന്നതിന്റെ പേരില്‍ ബോളിവുഡ് സിനിമാലോകത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കാറുമുണ്ട്. സമീപകാലത്ത് വലിയ തോതില്‍ ചര്‍ച്ചയായി മാറിയ റീമേക്ക് ആയിരുന്നു കബീര്‍ സിംഗ്. വിജയ് ദേവരക്കൊണ്ടയെ താരമാക്കി മാറ്റിയ ചിത്രമായിരുന്നു അര്‍ജുന്‍ റെഡ്ഡി. ഈ സിനിമയുടെ ഹിന്ദി റീമേക്കായിരുന്നു കബീര്‍ സിംഗ്. ഷാഹിദ് കപൂറായിരുന്നു കബീര്‍ സിംഗില്‍ നായകനായി എത്തിയത്.
തെലുങ്ക് ചിത്രമായ അര്‍ജുന്‍ റെഡ്ഡി കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രം കൂടിയായിരുന്നു. ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോഴും സിനിമയിലെ സ്ത്രീവിരുദ്ധതയും ടോക്‌സിക് റിലേഷന്‍ഷിപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നതുമൊക്കെ കടുത്ത തോതില്‍ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. പിന്നാലെ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോഴും സമാനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബോളിവുഡ് ആയതുകൊണ്ട് തന്നെ കുറേക്കൂടി വലിയൊരു ഓഡിയന്‍സിലേക്ക് എത്തിയത് കൊണ്ടു തന്നെ സിനിമയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയിലും വലിയ വിജയമായി മാറിയ ചിത്രമായിരുന്നു കബീര്‍ സിംഗ്. ഷാഹിദ് കപൂറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു കബീര്‍ സിംഗ് സ്വന്തമാക്കിയത്. ഒരിടവേളയ്ക്ക് ശേഷമുള്ള ഷാഹിദിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു ചിത്രം. കബീര്‍ സിംഗായുള്ള ഷാഹിദിന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഒരു വശത്ത് കടുത്ത വിമര്‍ശനവും മറുവശത്ത് വലിയ പ്രശംസയുമായിരുന്നു ഷാഹിദിന് ലഭിച്ചിരുന്നത്. എന്നാല്‍ ഈ സമയമത്രയും പ്രതികരിക്കാതെയിരിക്കുകയായിരുന്നു ഷാഹിദ് ചെയ്തത്. തന്റെ സിനിമ തുടങ്ങി വച്ച വിവാദങ്ങളോട് പ്രതികരിക്കാനേ ഷാഹിദ് തയ്യാറായില്ല.

ഒടുവില്‍ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാഹിദ് കപൂര്‍ ആദ്യമായി വിഷയത്തില്‍ പ്രതികരിച്ചത്. എന്തുകൊണ്ടാണ് താന്‍ നിശബ്ദത പാലിച്ചതെന്ന് ഷാഹിദ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരു്‌നനു. ''എല്ലാവരും വളരെ അഗ്രസീവ് ആയിട്ടാണ് പെരുമാറുന്നത് എന്നത് കൊണ്ടായിരുന്നു ഞാന്‍ അഭിമുഖങ്ങള്‍ നല്‍കാതിരുന്നത്. അത് ഒട്ടും ആരോഗ്യകരമായിരുന്നില്ലെന്ന് തോന്നി. എനിക്ക് വന്ന് ആരേയും കടന്നാക്രമിക്കേണ്ടയിരുന്നില്ല. ഒരു സിനിമയെ പ്രതിരോധിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. സിനിമയെക്കുറിച്ച് സംസാരിക്കേണ്ടത് എങ്ങനെയാണോ അത് പോലെ മാത്രം ആയിരുന്നു ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിച്ചത്''. എന്നായിരുന്നു തന്റെ മൗനത്തെക്കുറിച്ച് ഷാഹിദിന്റെ പ്രകടനം.

അതേസമയം തനിക്കുണ്ടായൊരു അനുഭവവും താരം പങ്കുവച്ചിരുന്നു. തന്റെ സിനിമ കണ്ട ശേഷം തന്റെ ബില്‍ഡിംഗിലെ അയല്‍വാസികളായ മുതര്‍ന്ന സ്ത്രീകള്‍ പറഞ്ഞ വാക്കുകളായിരുന്നു താരം പങ്കുവച്ചത്. ''ഞാന്‍ ലിഫ്റ്റിലേക്ക് പോവുകയായിരുന്നു. അപ്പോള്‍ ഒരു ആന്റി എന്നെ വിളിച്ചു. അവര്‍ ഒരു പത്ത് പേരുണ്ടായിരുന്നു. അവരില്‍ ഒരാള്‍ എന്റെ അടുത്തേക്ക് വന്നു, എല്ലാവരും എന്നെ തന്നെ നോക്കുകയായിരുന്നു. ഞങ്ങള്‍ക്ക് സിനിമ ഒരുപാട് ഇഷ്ടമായി എന്നവര്‍ പഞ്ഞു. സിനിമയ്‌ക്കെതിരെയുള്ള വാര്‍ത്തകളും മറ്റും കുറേ വായിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു അവരുടെ ഈ പ്രതികരണം'' എന്നായിരുന്നു ഷാഹിദ് പറഞ്ഞത്.
Recommended Video

ഇപ്പോഴിതാ മറ്റൊരു തെലുങ്ക് ചിത്രത്തിന്റെ റീമേക്കുമായി എത്തുകയാണ് ഷാഹിദ് കപൂര്‍. നാനി നായകനായ ജഴ്‌സി എന്ന ഹിറ്റ് ചിത്രമാണ് ഷാഹിദ് ഹിന്ദിയിലൊരുക്കുന്നത്. ക്രിക്കറ്റ് താരമായാണ് ചിത്രത്തില്‍ ഷാഹിദ് എത്തുന്നത്. ചിത്രത്തിന് വേണ്ടി നീണ്ടനാള്‍ ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നു ഷാഹിദ്.താരത്തിന്റെ പരിശീലന വീഡിയോയും മേക്കോവറുമൊക്കെ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പാട്ടുകള്‍ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. മൃണാല്‍ ഠാക്കൂര്‍ ആണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications