അവര്‍ എന്നെ ഈ അവസ്ഥയില്‍ കാണരുത്! ആ സിനിമയുടെ ക്ലൈമാക്‌സ് ഇതുവരെ മക്കളെ കാണിച്ചിട്ടില്ലെന്ന് ഷാരൂഖ്
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. താരകുടുംബങ്ങളുടെ പിന്‍ബലമൊന്നുമില്ലാതെ ബോളിവുഡിലെത്തിയ ഷാരൂഖ് ഖാന്‍ ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡിന്റെ കിങ് ഖാന്‍ ആണ്. സമാനതകളില്ലാത്ത താര പരിവേഷമാണ് ഷാരൂഖ് ഖാനുള്ളത്. ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട് ഷാരൂഖ് ഖാന്‍. 18 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ നായകനായ ചിത്രമാണ് കല്‍ ഹോ ന ഹോ. സെയ്ഫ് അലി ഖാനും പ്രീതി സിന്റയുമായിരുന്നു ചിത്രത്തില്‍ ഷാരൂഖിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം വന്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ പാട്ടുകളും വന്‍ ഹിറ്റായി മാറിയിരുന്നു.
നിഖില്‍ അധ്വാനിയായിരുന്നു കല്‍ ഹോ ന ഹോയുടെ സംവിധായകന്‍. ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച അമന്റെ കടന്നു വരവോടെ നൈന എന്ന പ്രീതി സിന്റ അവതരിപ്പിച്ച നായിക കഥാപാത്രത്തിന്‍രെ ജീവതത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചായിരുന്നു സിനിമ പറഞ്ഞത്. എന്നാല്‍ തന്റെ മരണം മുന്നില്‍ കാണുന്ന അമന്‍ നൈനയെ അടുത്ത സുഹൃത്തായ സെയ്ഫ് അവതരിപ്പിച്ച രോഹിത്തുമായി അടുപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ കഥ. ചിത്രത്തിലെ ഏറ്റവും വികാരഭരിതമായ രംഗമായിരുന്നു ഷാരൂഖ് ഖാന്റെ കഥാപാത്രം മരിക്കുന്നത്.

ആശുപത്രി കിടക്കയില്‍ കിടന്ന് അമന്‍ മരിക്കുന്ന രംഗം ആരാധകരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു. തീയേറ്ററില്‍ നിരവധി പേരായിരുന്നു ഈ രംഗം വന്നപ്പോള്‍ കരഞ്ഞത്. ഇന്നും ആരാധകര്‍ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നതാണ് ഈ രംഗം. എന്നാല്‍ രസകരമായൊരു വസ്തുത തന്റെ കഥാപാത്രം മരിക്കുന്ന ഈ രംഗം ഷാരൂഖ് ഖാന്‍ തന്റെ മക്കളായ ആര്യനും സുഹാനയ്ക്കും ഇതുവരെ കാണിച്ചിട്ടില്ല. മാത്രമല്ല ഷാരൂഖ് ഖാന്റെ മക്കള്‍ക്ക് വേണ്ടി കരണ്‍ ജോഹര്‍ പ്രത്യേകം എഡിറ്റ് ചെയ്ത് ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയിരുന്നുവെന്നും അതായിരുന്നു അവരെ കാണിച്ചുവെന്നും താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. ക്ലൈമാക്‌സ് കണ്ട ശേഷം ഒരു പെണ്‍കുട്ടി പൊട്ടിക്കരയുന്ന വീഡിയോയായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഷാരൂഖ് ഖാന്‍ തന്നെ പ്രതികരണവുമായി എത്തുകയായിരുന്നു. കല്‍ ഹോ ന ഹോയുടെ ക്ലൈമാക്‌സ് ഇതുവരെ എന്റെ മക്കളെ കാണിച്ചു കൊടുത്തിട്ടില്ല. ചിത്രത്തില്‍ ഞാന്‍ മരിക്കുന്നതിന് മുമ്പ് തന്നെ സിനിമ അവസാനിക്കുന്ന തരത്തില്‍ പ്രത്യേകം ക്ലൈമാക്‌സ് എഡിറ്റ് ചെയ്തായിരുന്നു കരണ്‍ എന്റെ മക്കളെ കാണിച്ചത് എന്നായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം. താരത്തിന്റെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഷാരൂഖ് മരിക്കുന്ന രംഗം കണ്ട് മക്കള്‍ സങ്കടപ്പെടരുതെന്ന് കരുതിയായിരുന്നു അത്തരത്തില്‍ എഡിറ്റ് ചെയ്തത്.

അതേസമയം താന്‍ മരിക്കുന്ന രംഗത്തിന്റെ കാര്യത്തില്‍ ഷാരൂഖ് ഖാനും തൃപ്തനായിരുന്നില്ലെന്നാണ് പിന്നീട് നിഖില്‍ അദ്വാനിയും വെളിപ്പെടുത്തിയത്. ''കല്‍ ഹോ ന ഹോയിലെ മരണ രംഗം ഷാരൂഖ് ഖാന് തീരെ ഇഷ്ടമായിരുന്നില്ല. അദ്ദേഹം ആ രംഗത്തെ വെറുത്തിരുന്നു. നിങ്ങള്‍ മരണത്തെ ഒട്ടും ബഹുമാനിക്കുന്നില്ല. ഇതേ സമയം തന്നെയായിരുന്നു അദ്ദേഹം ദേവ്ദാസ് ഷൂട്ട് ചെയ്തിരുന്നത്. അതില്‍ ഗംഭീരമായൊരു മരണ രംഗമുണ്ടായിരുന്നു. അതാണ് മരണം എന്ന് ഷാരൂഖ് പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു. ദേവ്ദാസിലേത് മരണത്തെ ഒരു കോമയായി ആണ് കാണിക്കുന്നതെന്നും ഇവിടെ കാണിക്കുന്നത് മരണത്തെ ഒരു ഫുള്‍ സ്റ്റോപ്പ് ആയാണെന്നും ഞാന്‍ ഷാരൂഖ് ഖാനോട് പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു'' എന്നായിരുന്നു നിഖിലിന്റെ വെളിപ്പെടുത്തല്‍.

അതേസമയം തന്റെ കരിയറിലെ വിഷമഘട്ടത്തിലൂടെയാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. 2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് ഷാരൂഖ് ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. കത്രീന കൈഫും അനുഷ്‌ക ശര്‍മയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. ഇതോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. ഇപ്പോള്‍ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് ഷാരൂഖ് ഖാന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പിന്നാലെ സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗറിലെ അതിഥി വേഷത്തിലും ഷാരൂഖ് ഖാന്‍ എത്തുന്നത്. തുടര്‍ന്ന് ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലും ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Click it and Unblock the Notifications