രണ്ട് വര്‍ഷം മിണ്ടിയില്ല, കരഞ്ഞതു പോലുമില്ല, മരിക്കുമെന്ന് ഡോക്ടര്‍; ഷാരൂഖിന്റെ സഹോദരിയ്ക്ക് സംഭവിച്ചത്
ബോളിവുഡിന്റെ കിരീടം വെക്കാത്ത രാജാവാണ് ഷാരൂഖ് ഖാന്‍. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നുറപ്പുള്ള പ്രതിഭാസം. ഇന്ത്യന്‍ സിനിമയുടെ ഗ്ലോബല്‍ അംബാസിഡര്‍ ആണ് ഷാരൂഖ് ഖാന്‍. അദ്ദേഹത്തെ പോലെ തന്നെ താരത്തിന്റെ കുടുംബവും അതിപ്രശസ്തരാണ്. ഷാരൂഖിനെ അറിയുന്നവര്‍ക്കെല്ലാം ഭാര്യയേയും മക്കളേയും അറിയാം. അച്ഛന്റെ പാതയിലൂടെ മക്കളും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.
വളരെ സാധാരണ കുടുംബത്തില്‍ നിന്നുമാണ് ഷാരൂഖ് ഖാന്‍ കടന്നു വരുന്നത്. മധ്യവര്‍ഗ്ഗ കുടുംബത്തിലായിരുന്നു ഷാരൂഖ് ജനിച്ചത്. ഷാരൂഖ് ഖാന്റെ അച്ഛനും അമ്മയും സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. ഷാരൂഖിന് കൂട്ടായി ഉണ്ടായിരുന്നത് സഹോദരി ഷെഹ്നാസ് ലാലാരുഖ് മാത്രമായിരുന്നു. പക്ഷെ പൊതുവേദികളിലൊന്നും ഷെഹ്നാസിനെ കാണാറില്ല.

തന്റെ അച്ഛന്റേയും അമ്മയുടേയും മരണങ്ങള്‍ ഷെഹ്നാസിനെ വിഷാദരോഗിയാക്കി മാറ്റുകയായിരുന്നു. ഇതാണ് താര സഹോദരി ഇപ്പോഴും ഒതുങ്ങി ജീവിക്കുന്നതിന് പിന്നിലെ കാരണം. തങ്ങളുടെ അച്ഛന്‍ മരിച്ചപ്പോള്‍ സഹോദരിയിലുണ്ടായ മാറ്റത്തെക്കുറിച്ച് ഒരിക്കല്‍ ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു.
''അവള്‍ കരഞ്ഞില്ല. ഒന്നും പറഞ്ഞില്ല. കുറച്ച് നേരം നോക്കി നിന്ന ശേഷം ബോധം കെട്ടു വീണു. വീഴ്ചയില്‍ തല നിലത്ത് വന്നിടിച്ചു. രണ്ട് വര്‍ഷത്തോളം അവള്‍ കരഞ്ഞതേയില്ല. സംസാരിച്ചതുമില്ല. ശൂന്യതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു. അവളുടെ ലോകം തന്നെ മാറിപ്പോയി'' എന്നാണ് ഷാരൂഖ് പറഞ്ഞത്. അച്ഛന്റെ മരണത്തിന്റെ വേദനകളില്‍ നിന്നും മുക്തയാകുന്നതിന് മുമ്പ് തന്നെ ഇരുവര്‍ക്കും അമ്മയേയും നഷ്ടമായി. വളരെ മോശം അവസ്ഥയിലൂടെയാണ് അക്കാലത്ത് ഷാരൂഖിന്റെ സഹോദരി കടന്നു പോയിരുന്നത്. ഒരിക്കല്‍ മരണത്തിന്റെ വക്കോളം എത്തിയിരുന്നു ഷെഹ്നാസ്.
''അവള്‍ക്ക് ചില പ്രശ്നങ്ങളുണ്ട്. ഡിഡിഎല്‍ജെയുടെ ചിത്രീകരണത്തിനിടെ അവളെ വീണ്ടും ആശുപത്രിയിലാക്കേണ്ടി വന്നു. അവര്‍ പറഞ്ഞത് അവള്‍ രക്ഷപ്പെടില്ലെന്നായിരുന്നു. ഞാന്‍ അവളെ സ്വിറ്റ്സര്‍ലാന്റിലേക്ക് കൊണ്ടു പോയി. തുജേ ദേക്കാ തോ എന്ന പാട്ടിന്റെ ചിത്രീകരണം നടക്കുകയായിരുന്നു അപ്പോള്‍. അച്ഛന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും അവള്‍ മുക്തയായിട്ടില്ലായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുത്. പിന്നാലെ പത്ത് വര്‍ഷം കഴിഞ്ഞ് അമ്മയും പോയതോടെ അവള്‍ക്ക് താങ്ങാനായില്ല'' എന്നാണ് ഷാരൂഖ് അന്ന് പറഞ്ഞത്.

തന്റെ സഹോദരിയ്ക്ക് നല്ല വിദ്യാഭ്യാസമുണ്ടെന്നും ബുദ്ധിമതിയാണെന്നും എന്നാല്‍ തന്റെ മാതാപിതാക്കളെ നഷ്ടമായെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്നുമാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. അച്ഛന്റേയും അമ്മയുടേയും മരണത്തിന്റെ വേദനയില്‍ നിന്നും താന്‍ പുറത്ത് കടക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും ഷാരൂഖ് ഖാന്‍ മുമ്പ് സംസാരിച്ചിട്ടുണ്ട്. അഭിനയത്തിലൂടെയായിരുന്നു ഷാരൂഖ് ജീവിതത്തിലെ ആ വിടവ് നികത്തിയത്. സഹോദരിയെ പോലെയാകാതിരിക്കാനാണ് താന്‍ അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം തന്നേക്കാള്‍ വളരെ നല്ല വ്യക്തിയാണ് സഹോദരിയെന്നും തന്റെ മക്കള്‍ക്ക് തന്നേക്കാളും ഭാര്യയേക്കാളും ഇഷ്ടം ഷെഹ്നാസിനെയാണെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications