ജീവിച്ചിരിക്കുമ്പോള്‍ സ്നേഹം പറയാനായില്ല; അച്ഛനേയും അമ്മയേയും നെഞ്ചോട് ചേര്‍ത്ത് നടക്കുന്ന ഷാരൂഖ്
ഷാരൂഖ് ഖാന്റെ താരപരിവേഷത്തെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല. ലോക സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ സാധ്യതയില്ലാത്ത പ്രതിഭാസം. സിനിമയില്‍ വേരുകളോ ബന്ധങ്ങളോ ഇല്ലാതെ കടന്നു വന്ന സാധാരണക്കാരനായിരുന്നു ഷാരൂഖ് ഖാന്‍. തുടക്കം ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. പിന്നീട് സിനിമയിലെത്തി. അധികം വൈകാതെ ബോൡവുഡ് എന്നാല്‍ ഷാരൂഖ് ഖാന്‍ എന്നായി മാറി.
ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ മുതല്‍ പഠാന്‍ വരെ ഐക്കോണിക് വിജയങ്ങളായി മാറിയ നിരവധി സിനിമകളും കഥാപാത്രങ്ങളും. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും തന്റെ കരിഷ്മ കൊണ്ട് ഷാരൂഖ് ഖാന്‍ സൃഷ്ടിക്കുന്ന മാജിക്കിന് കാലം സാക്ഷിയാണ്. ഷാരൂഖ് ഖാന്റെ ജീവിതം തന്നെ ഒരു സിനിമാക്കഥ പോലെ സംഭവബഹുലവും നാടകീയവുമാണ്.

പകരംവെക്കാനില്ലാത്ത താരരാജാവാണ് ഷാരൂഖ് ഖാന്‍. അതേസമയം മകന്റെ വിജയങ്ങളും ഉയര്‍ച്ചയുമൊന്നും കാണാന്‍ ഷാരൂഖ് ഖാന്റെ അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അതാണെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. ഷാരൂഖ് സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ അവര്‍ ഇരുവരും മരണപ്പെട്ടിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഇരുവരേയും നഷ്ടപ്പെട്ടതിനെക്കുറിച്ച് പലപ്പോഴായി ഷാരൂഖ് ഖാന്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്.
1981 ലാണ് ഷാരൂഖ് ഖാന്റെ അച്ഛന്‍ മീര്‍ താജ് മുഹമ്മദ് ഖാന്‍ മരിക്കുന്നത്. ക്യാന്‍സറായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം 1991 ല്‍ അമ്മ ലത്തീഫ് ഫാത്തിമ ഖാനും മരണപ്പെട്ടു. ഷാരൂഖിന് തന്റെ അച്ഛനോടും അമ്മയോടുമുണ്ടായിരുന്ന സ്‌നേഹവും ആദരവുമെല്ലാം വ്യക്തമാകുന്ന സംഭവമായിരുന്നു 2016 ല്‍ റെയ്‌സിന്റെ ട്രെയിലര്‍ ലോഞ്ച്. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ധരിച്ചിരുന്ന ലോക്കറ്റിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി അന്ന് വൈറലായി മാറിയിരുന്നു.
ചിത്രത്തില്‍ താന്‍ ധരിച്ചിരുന്ന ലോക്കറ്റിനുള്ളില്‍ ഉള്ളത് തന്റെ അച്ഛന്റേയും അമ്മയുടേയും ചിത്രങ്ങളാണെന്നാണ് ഷാരൂഖ് പറഞ്ഞത്. പൊതുവെ താന്‍ ഒന്നിനോടും അറ്റാച്ച്‌മെന്റ് കാണിക്കുന്ന ആളോ എന്തെങ്കിലും സിമ്പോളിക്കലായി ചെയ്യുന്ന ആളോ അല്ല. എന്നാല്‍ തന്റെ ഒരു ജന്മത്തില്‍ ചെയ്തതാണ് ഈ ലോക്കറ്റെന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. പിന്നാലെ തന്റെ കഴുത്തില്‍ കിടക്കുന്ന ലോക്കറ്റ് അദ്ദേഹം തുറന്ന് കാണിക്കുകയും ചെയ്തു.
''ഞാന്‍ വസ്തുക്കളോട് അറ്റാച്ച്‌മെന്റ് ഇല്ലാത്ത ആളാണ്. പക്ഷെ എന്റെ ഒരു ജന്മദിനത്തില്‍ ഇതുണ്ടാക്കി. എന്റെ മാതാപിതാക്കള്‍ എനിക്ക് ചെയ്യാറുള്ള പ്രാര്‍ത്ഥന പോലെയാണിത്. എന്റെ അച്ഛന്റേയും അമ്മയുടേയും ചിത്രമാണ് ഇതിന്റെ ഉള്ളില്‍'' എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. റെയ്‌സില്‍ തന്റെ കഥാപാത്രത്തിന് ഒരു മാല നല്‍കാന്‍ സംവിധായകന്‍ തീരുമാനിച്ചപ്പോള്‍ താന്‍ തന്നെയാണ് തന്റെ ലോക്കറ്റിന്റെ കാര്യം പറയുന്നത്. ലോക്കറ്റ് കണ്ടപ്പോള്‍ ഇത് തന്നെ മതിയെന്ന് സംവിധായകനും പറഞ്ഞുവെന്നും ഷാരൂഖ് ഖാന്‍ പറയുന്നു.

മുമ്പൊരിക്കല്‍ തന്റെ അച്ഛനും അമ്മയും ജീവിച്ചിരിക്കെ തനിക്ക് അവരോടുണ്ടായിരുന്ന സ്‌നേഹത്തെക്കുറിച്ച് പറയാന്‍ സാധിക്കാതെ പോയതിനെക്കുറിച്ച് ഷാരൂഖ് ഖാന്‍ മനസ് തുറന്നിരുന്നു. ''ഞാന്‍ മൂന്ന് മക്കളുടെ അച്ഛാണ്. എല്ലാ മാതാപിതാക്കളും മാസത്തില്‍ ഒരു തവണയെങ്കിലും മക്കള്‍ തങ്ങളെ സ്‌നേഹിക്കുന്നുവെന്ന് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്റെ അച്ഛനും അമ്മയും മരിച്ചപ്പോഴാണ് ഞാനത് തിരിച്ചറിഞ്ഞത്. കുറച്ചുകൂടി തവണ അവരെ ഞാന്‍ സ്‌നേഹിക്കുന്നുവെന്ന് പറയണമായിരുന്നു'' എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.
അച്ഛന്‍ മരിക്കുമ്പോള്‍ ഷാരൂഖ് ഖാന്റെ പ്രായം വെറും 15 ആയിരുന്നു. തന്റെ 26-ാമത്തെ വയസിലാണ് അമ്മയെ നഷ്ടമാകുന്നത്. അച്ഛന്റേയും അമ്മയുടേയും മരണം സഹോദരിയെ വിഷാദത്തിലേക്ക് തള്ളിയിടുകയും ചെയ്തു. ജീവിതത്തില്‍ നേരിടേണ്ടി വന്ന ഈ നഷ്ടങ്ങള്‍ മറക്കുവാന്‍ വേണ്ടിയാണ് താന്‍ അഭിനയം ആരംഭിച്ചതെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.


Click it and Unblock the Notifications