ജീവിക്കാന്‍ തൂപ്പുകാരിയായി, ഷാരൂഖിന്റെ അമ്മായിമ്മ കണ്ടെത്തിയതോടെ തലവര മാറി; സൂപ്പര്‍ നായികയുടെ ജീവിതം
താരങ്ങളായ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തുന്നവരുണ്ട്. സിനിമയിലെ ബന്ധങ്ങളുടേയും പരിചയക്കാരുടേയും പിന്‍ബലം സഹായിക്കുന്നവരുമുണ്ട്. എന്നാല്‍ എല്ലാ താരങ്ങളുടേയും ജീവിതം അങ്ങനെയായിരിക്കില്ല. കാലങ്ങളോളം കഷ്ടപ്പെട്ടും കാത്തിരുന്നുമൊക്കെ അവസരം നേടിയെടുത്തവരുണ്ട് ഒരുപാട്. കഷ്ടപ്പെട്ടും ദണ്ണിച്ചും താരങ്ങളായവര്‍. അങ്ങനെ വരും തലമുറയ്ക്ക് പ്രചോദനമായി മാറിയവര്‍. അക്കൂട്ടത്തില്‍ ഒരാളാണ് നടി മാഹിറ ഖാന്‍.
പാക് സിനിമയിലെ സൂപ്പര്‍ താരമാണ് മാഹിറ ഖാന്‍. ഇന്ത്യക്കാര്‍ക്ക് പക്ഷെ മാഹിറയെ പരിചയം ഷാരൂഖ് ഖാന്റെ നായികയായിട്ടാണ്. ഇന്ന് ലോകമെമ്പാടും ആരാധരുള്ള നായികയാണ് മാഹിറ ഖാന്‍. എന്നാല്‍ ഒരുകാലത്ത് തന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ പല ജോലികളും മാഹിറയ്ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. കടകളിലേയും മറ്റും നില തുടയ്ക്കുന്ന ജോലി പോലും അവര്‍ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്.

പാക് ഡ്രാമയായ ഹംസഫറിലൂടെയാണ് മാഹിറ താരമാകുന്നത്. ഈ ഡ്രാമ ഇന്ത്യയിലും ഒരുപാട് ആരാധകരെ നേടിയെടുത്തിരുന്നു. പിന്നാലെ ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡിലെത്തുകയായിരുന്നു. റയ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖിന്റെ നായികയാകുന്നത്. ഇതോടെ മാഹിറ അന്താരാഷ്ട്ര ശ്രദ്ധ നേടി. ചിത്രത്തിലെ മാഹിറയുടേയും ഷാരൂഖ് ഖാന്റേയും ജോഡിപ്പൊരുത്തം വലിയ കയ്യടികള്‍ നേടിയിരുന്നു.
പാക്കിസ്ഥാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ദ ലെജന്റ് ഓഫ് മൗല ജാട്ട് ആണ് മാഹിറയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലവ് ഗുരു അടക്കമുള്ള വലിയ സിനിമകള്‍ അണിയറയിലുണ്ട്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഇന്ന് മാഹിറ. എന്നാല്‍ താര പദവിയിലേക്കുള്ള മാഹിറയുടെ യാത്ര ഒട്ടും സുഖകരമായിരുന്നില്ല.
കാലിഫോര്‍ണിയയിലായിരുന്നു മാഹിറ പഠിച്ചിരുന്നത്. തന്റെ വിദ്യാഭ്യാസത്തിന്റെ ചെലവത്രയും മാഹിറ തന്നെയായിരുന്നു വഹിച്ചിരുന്നത്. ഇതിനായി പല ജോലികളും മാഹിറയ്ക്ക് ചെയ്യേണ്ടി വന്നിട്ടുമണ്ട്. ''ഞാന്‍ നിലം തുടയ്ക്കുമായിരുന്നു. ബില്ലിംഗില്‍ ഇരിക്കും. രാത്രി സ്‌റ്റോര്‍ അടയ്ക്കുന്നതും ഞാനായിരുന്നു'' എന്നാണ് ഒരിക്കല്‍ അതേക്കുറിച്ച് മാഹിറ പറയുന്നത്. ഹംസഫറിലൂടെ തന്റെ നാട്ടില്‍ മാത്രമല്ല ഇന്ത്യയിലും ആരാധകരെ നേടിയെടുക്കാന്‍ മാഹിറയ്ക്ക് സാധിച്ചു. ആ ആരാധകരില്‍ ഒരാള്‍ ഷാരൂഖ് ഖാന്റെ അമ്മായിയമ്മ സവിത ഛാപ്പറും ഉണ്ടായിരുന്നു. മാഹിറയെ ഷാരൂഖ് ഖാന് കാണിച്ചു കൊടുക്കുന്നത് സവിതയാണ്.

ബോളിവുഡില്‍ സ്വപ്‌നതുല്യമായ തുടക്കമായിരുന്നു മാഹിറയ്ക്ക് ലഭിച്ചത്. ഇതിനിടെ ഗോസിപ്പ് കോളത്തിലും മാഹിറ ഇടം നേടി. അന്ന് യുവതാരമായിരുന്ന രണ്‍ബീര്‍ കപൂറും മാഹിറയും പ്രണയത്തിലായെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്‍ബീറും മാഹിറയും ഒരുമിച്ചിരുന്ന് സിഗരറ്റ് വലിക്കുന്ന ചിത്രം പുറത്തായതോടെയാണ് ഈ ഗോസിപ്പും ശക്തമായത്. തന്റെ കരിയര്‍ തന്നെ അവസാനിച്ചുവെന്നാണ് അന്ന് താന്‍ കരുതിയതെന്നാണ് പിന്നീട് ആ സംഭവത്തെക്കുറിച്ച് മാഹിറ പറഞ്ഞത്.


Click it and Unblock the Notifications











