ഗൗരിയ്ക്ക് കൊടുത്ത വാക്ക്, കയ്യിലുള്ളതെല്ലാം വലിച്ചെറിഞ്ഞ ഷാരൂഖ് ഖാന്‍; ഇന്നതിന് കോടികള്‍ വില മതിക്കും!
മുംബൈയില പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ ഒന്നാണ് ഇന്ന് മന്നത്ത്. സാക്ഷാല്‍ ഷാരൂഖ് ഖാന്റെ വീട്. ബോളിവുഡിന്റെ രാജാവിന്റെ കൊട്ടാരം. മന്നത്തിന് മുന്നില്‍ തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്ക് കാണാനായി എന്നും ആരാധകര്‍ ഒഴുകിയെത്തും. പിറന്നാള്‍ ദിവസങ്ങളില്‍ ഒരു ആചാരം പോലെ അദ്ദേഹം മന്നത്തിന്റെ മട്ടുപ്പാവിലേക്ക് വരും, ആരാധകരെ അഭിവാദ്യം ചെയ്യും. ഷാരൂഖ് ഖാന്റെ കടുത്ത ആരാധകര്‍ക്ക് തീര്‍ത്ഥാടന കേന്ദ്രമാണ് ആ കൊട്ടാരതുല്യമായ വസതി.
എന്നാല്‍ ഒരുകാലത്ത് ആ ബംഗ്ലാവ് സ്വന്തമാക്കുക എന്നത് ഷാരൂഖ് ഖാനെ സംബന്ധിച്ച് വലിയൊരു സ്വപ്‌നമായിരുന്നു. തന്റെ ഭാര്യ ഗൗരി ഖാന് നല്‍കിയ വാക്ക് പാലിക്കാനാണ് ഷാരൂഖ് ഖാന്‍ മന്നത്ത് വാങ്ങുന്നത്. യെസ് ബോസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷാരൂഖ് ഖാന്‍ മന്നത്ത് ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിലെ ആ വലിയ ബംഗ്ലാവ് അദ്ദേഹത്തിന്റെ മനസില്‍ കയറിക്കൂടി.

യെസ് ബോസില്‍ അഭിനയിക്കുമ്പോള്‍ ഷാരൂഖ് ഖാന്‍ ബോളിവുഡില്‍ തന്റേതായൊരു ഇടം കണ്ടെത്തി വരികയായിരുന്നു. 1997 ല്‍ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് അസീസ് മിര്‍സയാണ്. അന്ന് ഷാരൂഖ് ഖാനും ഗൗരിയും താമസിച്ചിരുന്നത് അസീസിന്റെ വീട്ടിലാണ്. മന്നത്തിന്റെ സമീപത്തായിരുന്നു യെസ് ബോസിലെ ചാന്ദ് താരെ എന്ന ഗാനം ചിത്രീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാന്‍ മന്നത്ത് സ്വന്തമാക്കിയ കഥ പങ്കുവെക്കുകയാണ് അസീസ് മിര്‍സ.
''ഷാരൂഖ് ഖാന്‍ എന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മന്നത്തിന്റെ തൊട്ടടുത്തായിരുന്നു. അന്ന് അദ്ദേഹവും ഗൗരിയും ചെറുപ്പമാണ്. ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. അവര്‍ നടക്കാന്‍ പോകുന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. അങ്ങനെയുള്ളൊരു നടത്തത്തിനിടെ ഷാരൂഖ് അവള്‍ക്ക് വാക്ക് നല്‍കിക്കാണണം. ഒരു നാള്‍ ഈ വീട് ഞാന്‍ നിനക്കായി വാങ്ങുമെന്ന്. ജീവിതം അദ്ദേഹത്തിന് നല്ലത് വരുത്തി. ഒരുനാള്‍ തന്റെ സ്വപ്‌നം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു'' എന്നാണ് അസീസ് മിര്‍സ പറയുന്നത്.
ഷാരൂഖ് ഖാന്‍ മന്നത്ത് വാങ്ങുന്നത് 2001 ലാണ്. ബായ് ഖോര്‍ഷേദ് ഭാനു സഞ്ജന ട്രസ്റ്റില്‍ നിന്നാണ് അദ്ദേഹം മന്നത്ത് വാങ്ങുന്നത്. അന്ന് ആ ബംഗ്ലാവിന്റെ പേര് വില്ല വിയന്ന എന്നായിരുന്നു. 13.01 കോടി രൂപയ്ക്കാണ് അന്ന് ഷാരൂഖ് ഖാന്‍ ബംഗ്ലാവ് സ്വന്തമാക്കുന്നത്. അതേക്കുറിച്ചും അസീസ് സംസാരിക്കുന്നുണ്ട്.
''ഞാന്‍ വ്യക്തമായി തന്നെ ഓര്‍ക്കുന്നുണ്ട്. കഫേ സീസൈഡില്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെ ഷാരൂഖ് ഖാന്‍ മന്നത്തിലേക്ക് വിരല്‍ ചൂണ്ടി, അസീസ് ഞാന്‍ ആ വീട് വാങ്ങിയെന്ന് പറഞ്ഞു. ഒരുപാട് നിയമ വെല്ലുവിളികള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. മുന്‍സിപ്പാലിറ്റിയുമായും അയല്‍വാസികളുമായും തര്‍ക്കങ്ങളുണ്ടായിരുന്നു. എന്നാല്‍ പതിയെ അതിനെയെല്ലാം മറികടക്കാന്‍ അദ്ദേഹത്തിന് സാധിച്ചു'' എന്നാണ് അസീസ് പറയുന്നത്.
വലിയ വില കൊടുത്ത് വാങ്ങിയ ബംഗ്ലാവ് ആണെങ്കിലും പഴയൊരു കെട്ടിടമാണ്. ബംഗ്ലാവ് മോടി പിടിപ്പിക്കുകയെന്നത് തങ്ങള്‍ക്ക് മുന്നില്‍ വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് ഗൗരിയുടെ പുസ്തകമായ മൈ ലൈഫ് ഇന്‍ ഡിസൈനില്‍ ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്.

''മന്നത്ത് വാങ്ങാന്‍ സാധിച്ചു. പക്ഷെ അത് പൊളിഞ്ഞു കിടക്കുന്നതിനാല്‍ പുതുക്കി പണിയണമായിരുന്നു. പിന്നെ ഫര്‍ണിഷ് ചെയ്യാനുള്ള പണം ഞങ്ങളുടെ പക്കലുണ്ടായിരുന്നില്ല. ഞങ്ങളൊരു ഡിസൈനറെ വിളിപ്പിച്ചു. അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയ ഉച്ചയൂണിന് പോലും എന്റെ ഒരു മാസത്തെ സമ്പാദ്യത്തേക്കാള്‍ വിലയുണ്ടായിരുന്നു. ഇയാള്‍ ഞങ്ങളോട് കുറേ കാശ് ചോദിക്കുമെന്ന് കരുതി. അതോടെ ഞാന്‍ ഗൗരിയോട് വീടിന്റെ ഡിസൈനര്‍ നീ തന്നെയാകണമെന്ന് പറഞ്ഞു. അങ്ങനെയാണ് മന്നത്ത് ആരംഭിക്കുന്നത്. ഞങ്ങളുടെ സമ്പാദ്യം മുഴുവന്‍ വീട്ടിലേക്കുള്ള ഓരോ സാധനങ്ങള്‍ വാങ്ങാനാണ് ചിലവിട്ടത്'' എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ന് മന്നത്തിന്റെ വില 200 കോടിയലധികം വരും. ബംഗ്ലാവിന്റെ പുതുക്കി പണിയല്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനായി മറ്റൊരിടത്തേക്ക് രണ്ട് വര്‍ഷക്കാലം താമസം മാറ്റിയിരിക്കുകയാണ് ഷാരൂഖ് ഖാനും കുടുംബവും


Click it and Unblock the Notifications











