പേഴ്‌സില്‍ ഫോട്ടോ, പ്രേമം മൂത്ത് സൊനാലിയെ തട്ടിക്കൊണ്ടു പോകാന്‍ പ്ലാനിട്ട് അക്തര്‍; അന്ന് സംഭവിച്ചത്
ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ളത് വളരെ ആഴത്തിലുള്ള ബന്ധമാണ്. ക്രിക്കറ്റ് താരത്തെ വിവാഹം കഴിച്ച് ബോളിവുഡ് നടിമാരുടെ നീണ്ടൊരു പട്ടിക തന്നെയുണ്ട്. പ്രണയിതാക്കളായിരുന്നവര്‍ വേറെ. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി മാത്രമല്ല മറ്റ് ടീമിലെ താരങ്ങളുമായി വരെ പ്രണയത്തിലായിരുന്ന നടിമാരുണ്ട്. ക്രിക്കറ്റും സിനിമയും പോലെ ഇന്ത്യയില്‍ ഇത്ര പ്രചാരമുള്ള രണ്ട് മേഖലയിലുള്ളവരുടെ പ്രണയമായതിനാല്‍ അത് നേടുന്ന വാര്‍ത്താ പ്രാധാന്യവും വളരെ വലുതാണ്.
അങ്ങനെ ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന പ്രണയമാണ് പാക് പേസ് ഇതിഹാസം ഷൊയ്ബ് അക്തറും ബോളിവുഡിലെ താരറാണി സൊനാവി ബേന്ദ്രയും തമ്മിലുള്ളത്. അക്തര്‍ തന്റെ പേഴ്‌സില്‍ സൊനാലിയുടെ ഫോട്ടോ കൊണ്ട് നടക്കാറുണ്ടെന്ന് വരെ ഒരുകാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു അഭിമുഖത്തില്‍ തനിക്ക് സൊനാലിയെ ഒരുപാടിഷ്ടമാണെന്നും തട്ടിക്കൊണ്ടു പോകാന്‍ പോലും തോന്നാറുണ്ടെന്നും അക്തര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ അതേക്കുറിച്ച് സൊനാലിയോട് ചോദിച്ചപ്പോള്‍ തീര്‍ത്തും വിരുദ്ധമായൊരു മറുപടിയായിരുന്നു സൊനാലിയ്ക്ക് നല്‍കാനുണ്ടായിരുന്നത്. തനിക്ക് അക്തറിനെ അറിയില്ലെന്നാണ് സൊനാലി പറഞ്ഞത്. ''എനിക്ക് ഷൊയ്ബ് അക്തര്‍ എന്നൊരു പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരത്തെ അറിയില്ല. ഞാനൊരു ക്രിക്കറ്റ് ആരാധികയെ അല്ല'' എന്നായിരുന്നു സൊനാലിയുടെ മറുപടി. എന്നാല്‍ അതൊന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ അവസാനിപ്പിച്ചു.
ഒടുവില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും സൊനാലിയും തമ്മിലുള്ള പ്രണയ വാര്‍ത്തകളോട് ഷൊയ്ബ് അക്തര്‍ പ്രതികരിക്കുക തന്നെ ചെയ്തു. ''കുറേ നാളുകളായി ഞാനൊരു കാര്യം കേള്‍ക്കുന്നുണ്ട്. പക്ഷെ ഇതെന്തുകൊണ്ട് പറയുന്നുവെന്നോ ആര് പറയുന്നുവെന്നോ അറിയില്ല. ആദ്യമായും അവസാനമായും സൊനാലി ബേന്ദ്രയുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് പറയാം. സൊനാലിയെ ഞാന്‍ സിനിമകള്‍ തീര്‍ച്ചയായും കണ്ടിട്ടുണ്ട്. കുറേയൊന്നും കണ്ടിട്ടുമില്ല. ഞാന്‍ അവരുടെ ഫോട്ടോ പേഴ്‌സില്‍ കൊണ്ട് നടക്കുന്നുവെന്നും തട്ടിക്കൊണ്ടു പോകാന്‍ നോക്കിയെന്നുമാണ് വാര്‍ത്ത വരുന്നത്'' അക്തര്‍ പറയുന്നു.
എന്നാല്‍ താന്‍ ഒരിക്കലും സൊനാലിയെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് അക്തര്‍ പറയുന്നത്. താന്‍ സൊനാലിയുടെ ആരാധകനല്ലെന്നും അക്തര്‍ പറയുന്നുണ്ട്. ''ആദ്യം തന്നെ പറയട്ടെ ഞാന്‍ സൊനാലിയെ നേരിട്ട് കണ്ടിട്ടില്ല. ഞാന്‍ ഒരിക്കലും അവരുടെ ആരാധകനുമല്ല. അവര്‍ തനിക്ക് വന്ന രോഗത്തെ നേരിടുകയും അതിനെ അതിജീവിച്ച് തിരിച്ചു വരുന്നതുമൊക്കെ കണ്ടപ്പോള്‍ ഞാന്‍ അവരുടെ ഫാനായി'' എന്നും അക്തര്‍ പറയുന്നുണ്ട്.

''എന്നാല്‍ എനിക്ക് അവരുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ അവരുടെ ഫോട്ടോയും കൊണ്ട് നടക്കുകയാണെന്നാണ് പറയുന്നത്. എന്റെ മുറിയില്‍ ഒരാളുടെ ഫോട്ടോ മാത്രമാണുള്ളത്, അത് എന്നും ഇമ്രാന്‍ ഖാന്റേതാണ്'' എന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് ഷൊയ്ബ് അക്തര്‍. അതേസമയം തന്നെ ദിയ മിര്‍സയോടൊപ്പം ചേര്‍ത്തുവച്ചതിനേയും അക്തര്‍ വിമര്‍ശിക്കുന്നുണ്ട്. താനും ദിയയും വിവാഹം കഴിക്കുന്നുവെന്നായിരുന്നു വാര്‍ത്ത, എന്നാല്‍ താന്‍ അവരെ കണ്ടിട്ട് പോലുമില്ലെന്നാണ് അക്തര്‍ പറഞ്ഞത്.
സൊനാലി ക്യാന്‍സറിനെ നേരിടുന്ന സമയത്തായിരുന്നു അക്തറുടെ വിശദീകരണം. സൊനാലി രോഗത്തെ നേരിടുന്ന സമയമായതില്‍ താന്‍ വിശദീകരണം നല്‍കേണ്ടത് അത്യാവശ്യമാണെന്നതിനാലാണ് വീഡിയോയുമായി വന്നതെന്നാണ് അക്തര്‍ പറഞ്ഞത്.


Click it and Unblock the Notifications











