ഞാന്‍ പ്രസവിച്ചു, കുട്ടികളെ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്! തുറന്നടിച്ച് നടി സൊനാലി ബേന്ദ്രെ
താരജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഗോസിപ്പുകള്‍. വ്യാജ വാര്‍ത്തകളും ഗോസിപ്പുകളും സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ ഒരുപാടുണ്ട്. അക്കാര്യത്തില്‍ കാലം ഇത്രയും പുരോഗമിച്ചിട്ടും വലിയ മാറ്റമൊന്നുമില്ല. ഇന്ന് സോഷ്യല്‍ മീഡിയ സജീവമായതിനാല്‍ പല ഗോസിപ്പുകള്‍ക്ക് മണിക്കൂറുകളുടെ മാത്രം ആയുസാണുണ്ടാവുക. എന്നാല്‍ നേരത്തെ അങ്ങനെയായിരുന്നില്ല സ്ഥിതിഗതികള്‍.
പണ്ട് വളരെ ചുരുക്കം മാധ്യമങ്ങളും മാസികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അക്കാലത്ത് വന്നിരുന്ന പല ഗോസിപ്പുകളും ആളുകള്‍ കണ്ണുമടച്ച് വിശ്വസിച്ചിരുന്നു. പലപ്പോഴും തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വ്യാജമാണെന്നും സത്യാവസ്ഥ എന്താണെന്നും ആരാധകരെ അറിയിക്കാന്‍ പോലും താരങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. അങ്ങനെ തന്നെക്കുറിച്ചുണ്ടായിരുന്ന ഗോസിപ്പുകളെക്കുറിച്ച് ബോളിവുഡ് താരം സൊനാലി ബേന്ദ്ര ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു.

മുമ്പൊരിക്കല്‍ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സൊനാലിയുടെ വെളിപ്പെടുത്തല്‍. ''ഇന്നത്തെ മാത്രം പ്രശ്നമല്ല അതെന്നാകും ഞാന്‍ പറയുക. എന്നും അത്തരത്തിലുള്ള സംഭവങ്ങളുണ്ടായിരുന്നു. ഇന്ന് എല്ലാവരും മാധ്യമ പ്രവര്‍ത്തകരാണ്. ക്യാമറയുള്ള മൊബൈല്‍ എല്ലാവരുടേയും കൈകളിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ശബ്ദം അറിയിക്കാം'' സൊനാലി പറയുന്നു.
''പൊതുജനങ്ങളുടെ മുന്നില്‍ ജീവിക്കുന്ന ആളാകുമ്പോള്‍ ആളുകള്‍ വേഗം വിധിക്കുന്നത് സ്വാഭാവികമാണ്. സെലിബ്രിറ്റികളെക്കുറിച്ചുള്ള നെഗറ്റീവ് കഥകള്‍ വായിക്കാനും അവര്‍ക്കിഷ്ടമാണ്. സമൂഹത്തില്‍ ഒളിഞ്ഞുനോക്കാന്‍ ഇഷ്ടമുള്ളവരുണ്ട്. നേരത്തെ മൂന്നോ നാലോ മാധ്യമങ്ങളായിരുന്നുവെങ്കില്‍ ഇപ്പോഴത് നാനൂറായിട്ടുണ്ടാകും എന്ന് മാത്രമാണ്'' എന്നും സൊനാലി പറഞ്ഞിരുന്നു.
''ഗോസിപ്പുകളെ വളരെ ഗൗരവ്വമായിട്ടായിരിക്കും എടുക്കുക. ഞങ്ങള്‍ കല്യാണം കഴിക്കുകയാണെന്നും കുട്ടികളുണ്ടായെന്നും കുട്ടികളെ ഒളിപ്പിച്ചു വെക്കുകയാണെന്നും അവരങ്ങ് വിശ്വസിക്കുകയാണ്. അതെല്ലാം സത്യമാണെന്ന് അവര്‍ കരുതിയിരുന്നു. സിനിമാ മേഖല എന്നും ഇത്തരക്കാരുടെ ടാര്‍ജറ്റായിരുന്നു'' എന്നും സൊനാലി പറഞ്ഞിരുന്നു.
ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു സൊനാലി. 1994 ലായിരുന്നു സൊനാലി ബേന്ദ്ര സിനിമയിലെത്തുന്നത്. ബോളിവുഡില്‍ മാത്രമല്ല പല ഭാഷകളിലും സാന്നിധ്യം അറിയിക്കുകയും ചെയ്തിരുന്നു സൊനാലി. അതേക്കുറിച്ചും ആ അഭിമുഖത്തില്‍ സൊനാലി സംസാരിച്ചിരുന്നു. താന്‍ അന്നത്തെ പാന്‍ ഇന്ത്യന്‍ താരമായിരുന്നുവെന്നാണ് സൊനാലി പറഞ്ഞത്.

''ഹിന്ദിയില്‍ ഞാന്‍ വിജയം കണ്ടെത്തിയിരുന്നു. ഇന്ന് വളരെ അഭിമാനത്തോടെ ആ സിനിമ വലിയ വിജയമായിരുന്നുവെന്ന് പറയാന്‍ സാധിക്കുന്ന സിനിമകള്‍ ചെയ്തിട്ടുണ്ട്. തെലുങ്കിലും തമിഴിവും മറാത്തയിലും വിജയ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ന് പറയുന്ന പാന്‍ ഇന്ത്യന്‍ താരം എന്നത് പോലെയായിരുന്നു അന്നത്തെ ഞാന്‍'' താരം പറയുന്നു.
ഈയ്യടുത്താണ് സൊനാലി അഭിനയത്തിലേക്ക് തിരികെ വരുന്നത്. ഒടിടിയിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ സൊനാലിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അര്‍ബുദത്തെയടക്കം പൊരുതി ജയിച്ചാണ് സൊനാലി ജീവിതത്തിലേക്കും കരിയറിലേക്കും തിരികെ വരുന്നത്. അതേസമയം താരങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് ഇന്നും ഒരു കുറവുമില്ലെന്നത് സങ്കടകരമായ വസ്തുതയാണ്.


Click it and Unblock the Notifications











