കടുത്ത പനിയിലും മഴയത്ത് രാത്രി 2 മണി വരെ ഡാന്‍സ് ചെയ്ത് ശ്രീദേവി; 10 ദിവസം കിടപ്പിലായി താരസുന്ദരി
ഇന്ത്യന്‍ സിനിമയിലെ ആദ്യ സൂപ്പര്‍ നായികയാണ് ശ്രീദേവി. അഭിനയിച്ച ഭാഷയിലെല്ലാം നമ്പര്‍ വണ്‍ നായികയാകാന്‍ ശ്രീദേവിയ്ക്ക് സാധിച്ചു. തെന്നിന്ത്യയിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിന്റെ താരറാണിയായി വളരുകയായിരുന്നു ശ്രീദേവി. കഴിവും സൗന്ദര്യവുമെല്ലാം ഒരുപോലെ ശ്രീദേവിയില്‍ സംഗമിച്ചിരുന്നു. വൈകാരിക രംഗങ്ങളും കോമഡിയും ആക്ഷനുമെല്ലാം അസാധാരണ മികവോടെ ശ്രീദേവി കൈകാര്യം ചെയ്തു. ശ്രീദേവിയ്ക്ക് ഇന്നും പകരക്കാരില്ല, ഇനി ഉണ്ടാവുകയുമില്ല.
ഓണ്‍ സ്‌ക്രീനിലെ തന്റെ പ്രകടനങ്ങളിലൂടെ വിസ്മയിപ്പിച്ചിട്ടുണ്ട് ശ്രീദേവി. കരിയറില്‍ അവര്‍ നേടിയ വിജയങ്ങളുടെയെല്ലാം അടിസ്ഥാനം ശ്രീദേവി കലയോട് കാണിച്ചിരുന്ന സമര്‍പ്പണമായിരുന്നു. അസാധ്യം എന്നൊന്ന് ശ്രീദേവിയുടെ നിഘണ്ടുവിലില്ലായിരുന്നു. ജോലിയുടെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും ഒഴിവുകഴിവുകള്‍ക്കും ഇടം നല്‍കിയിട്ടില്ല ശ്രീദേവി. ഇപ്പോഴിതാ ശ്രീദേവിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ പങ്കജ് പരാശര്‍.

ശ്രീദേവിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയാണ് ചാല്‍ബാസ്. ഈ സിനിമയിലെ ന ജാനേ കഹാസേ എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്. കടുത്ത പനിയെ പോലും അവഗണിച്ച് ശ്രീദേവി മണിക്കൂറുകളോളം മഴയത്ത് നൃത്തം ചെയ്തതിനെക്കുറിച്ചാണ് പങ്കജ് സംസാരിക്കുന്നത്. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഓര്‍മ പങ്കുവെക്കുന്നത്.
ചാല്‍ബാസിലെ തന്റെ ഡാന്‍സ് താനതുവരെ ചെയ്തിട്ടുള്ള എല്ലാ ഡാന്‍സുകളില്‍ നിന്നും വ്യത്യസ്തമായിരിക്കണം എന്ന കാര്യത്തില്‍ ശ്രീദേവിയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നാണ് പങ്കജ് പറയുന്നത്. അത് താനൊരു വെല്ലുവിളിയായി കണ്ടാണ് രംഗം ചിട്ടപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു. ശ്രീദേവിയ്ക്ക് ആ സമയം കടുത്ത പനിയായിരുന്നു. ഇക്കാര്യം ശ്രീദേവിയുടെ അമ്മ അറിഞ്ഞാല്‍ ഷൂട്ട് നിര്‍ത്തിവെക്കേണ്ടി വന്നേനെ. എന്നാല്‍ ഷൂട്ട് പൂര്‍ത്തിയാക്കാന്‍ ശ്രീദേവി നിര്‍ബന്ധം പിടിച്ചുവെന്നാണ് പങ്കജ് പറയുന്നത്.
''രാത്രി രണ്ട് മണിയ്ക്കാണ് പാട്ട് ചിത്രീകരിച്ച് തീരുന്നത്. മികച്ച കൊറിയോഗ്രഫിയ്ക്കുള്ള ഫിലിംഫെയര്‍ നേടുകയും ചെയ്തു ആ പാട്ട് പിന്നീട്. അതൊരു ക്ലാസിക് ആകുമെന്ന് അവര്‍ക്ക് അപ്പോഴേ മനസിലായിരുന്നു. രണ്ട് മണിയ്ക്ക് ഞാന്‍ അവരോട് വീട്ടില്‍ പൊക്കോളാന്‍ പറഞ്ഞു. പക്ഷെ അവര്‍ കൂട്ടാക്കിയില്ല. പത്ത് മിനുറ്റിനുള്ളില്‍ ശ്രീദേവി കുളി കഴിഞ്ഞെത്തി. അവരുടെ കയ്യില്‍ ഒരു ബാഗ് നിറയെ പണമുണ്ടായിരുന്നു. അവര്‍ അന്ന് വളരെ സന്തുഷ്ടയായിരുന്നു. യൂണിറ്റിലെ എല്ലാവരേയും വിളിച്ച് ആ പണം അവര്‍ വിതരണം ചെയ്തു. ഇന്ന് നമ്മള്‍ സാധിച്ചത് എന്താണെന്ന് നിങ്ങളൊരു ഐഡിയ ഇല്ല എന്നാണ് അവര്‍ പറഞ്ഞത്'' പങ്കജ് ഓര്‍ക്കുന്നു.

അതിന് ശേഷം ശ്രീദേവി തങ്ങള്‍ക്കായി ഒരുക്കിയ പ്രത്യേക ആഘോഷ പരിപാടിയിലേക്കാണ് തങ്ങളെല്ലാം പോയതെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. പാര്‍ട്ടിയെല്ലാം കഴിഞ്ഞ് ശ്രീദേവി വീട്ടിലേക്ക് പോകുമ്പോള്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയായിരുന്നു. അടുത്ത പത്ത് ദിവസത്തേക്ക് ശ്രീദേവി കിടപ്പിലായിപ്പോയി എന്നും അദ്ദേഹം ഓര്‍ക്കുന്നു. അത്ര വയ്യാത്ത അവസ്ഥയിലാണ് ശ്രീദേവി നേരം പുലരുവോളം നൃത്തം ചെയ്തത്.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്നതിന് പിന്നാലെയാണ് ശ്രീദേവിയുടെ മരണം. 2018 ല്‍ ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ വീണാണ് താരം മരിക്കുന്നത്. ഇന്നും ആ മരണത്തിന്റെ ഓർമ്മകള്‍ ആരാധകരെ പിന്തുടരുന്നുണ്ട്.


Click it and Unblock the Notifications