'എന്നെ ദഹിപ്പിക്കരുത്, മറവ് ചെയ്യണം'; നര്‍ഗിസിന്റെ അവസാന ആഗ്രഹം; സുനില്‍ ദത്ത് നേരിട്ട വെല്ലുവിളികള്‍
ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് നര്‍ഗിസ് ദത്ത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടുമെല്ലാം ഒരു തലമുറയെ ആവേശം കൊള്ളിച്ച നായിക. ബോളിവുഡിന് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത പേരുകളിലൊന്നാണ് നര്‍ഗിസ് ദത്ത് എന്നത്. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും അവരൊരു നായികയായിരുന്നു. സ്‌ക്രീനില്‍ അഭിനയിച്ച് തീര്‍ത്ത ജീവിതങ്ങളേക്കാള്‍ ഹീറോയിക് ആയിരുന്നു നര്‍ഗിസിന്റെ ജീവിതം.
പക്ഷെ നര്‍ഗിസിന്റെ മരണം വലിയൊരു വിവാദത്തിനാണ് തിരികൊളുത്തിയത്. ബോളിവുഡിന്റെ സൂപ്പര്‍ താരം സഞ്ജയ് ദത്തിന്റെ അമ്മയും ഇതിഹാസ നടന്‍ സുനില്‍ ദത്തിന്റെ ഭാര്യയും കൂടിയാണ് നര്‍ഗിസ്. മകന്‍ സഞ്ജയ് ദത്തിന്റെ ആദ്യ സിനിമ റീലിസാകുന്നതിന് ദിവസങ്ങള്‍ മുമ്പാണ് നര്‍ഗിസ് മരണപ്പെടുന്നത്. 1981 ല്‍ റോക്കി എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ദത്ത് അരങ്ങേറുന്നത്. മകന്റെ അരങ്ങേറ്റത്തിനായി ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു നര്‍ഗിസ്.

ക്യാന്‍സര്‍ രോഗിയായിരുന്നു നര്‍ഗിസ്. മകന്റെ ആദ്യ സിനിമ കാണാനുള്ള അവരുടെ സ്വപ്‌നം ബാക്കിയാക്കിയാണ് നര്‍ഗിസ് യാത്രയാകുന്നത്. നര്‍ഗിസിനായി കരുതിയിരുന്ന സീറ്റ് ഒഴിച്ചിട്ടാണ് സഞ്ജുവും സുനിലും റോക്കി കണ്ടത്. ഇപ്പോഴിതാ അമ്മയുടെ അവസാന ആഗ്രഹത്തെക്കുറിച്ച് സംസാരിക്കുകയാണ് മകള്‍ പ്രിയ ദത്ത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ ദത്ത് മനസ് തുറന്നത്.
യുഎസില്‍ വച്ചായിരുന്നു നര്‍ഗിസിന്റെ ചികിത്സ നടന്നിരുന്നത്. ഒരാഴ്ച ഏഴ് സര്‍ജറികള്‍ക്കാണ് അമ്മ വിധേയായത്. ഇത്ര കഠിനമായ ചികിത്സരീതികള്‍ നര്‍ഗിസ് താങ്ങില്ലെന്നും എന്തിനും തയ്യാറാകണമെന്നും സുനില്‍ ദത്തിനോട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അമ്മ അതിനെയെല്ലാം തരണം ചെയ്യുകയും ഇന്ത്യയിലേക്ക് മടങ്ങി വരികയും ചെയ്തുവെന്നാണ് പ്രിയ ഓര്‍ക്കുന്നത്. അതേസമയം മരിക്കുന്നതിന് തൊട്ട് മുമ്പുള്ള വിവാഹ വാര്‍ഷികത്തിന് ഇനിയൊരു വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ താനുണ്ടാകില്ലെന്ന് അമ്മ പറഞ്ഞതും പ്രിയ ഓര്‍ക്കുന്നുണ്ട്.
നര്‍ഗിസിന്റെ മരണശേഷം അവരുടെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കാന്‍ സുനില്‍ ദത്ത് തീരുമാനിച്ചു. തന്നെ ദഹിപ്പിക്കരുത്, പകരം മറവ് ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു നര്‍ഗിസിന്റെ അവസാന ആഗ്രഹം. അത് സാധിച്ചു കൊടുക്കാന്‍ സുനില്‍ ദത്തിന് ഏറെ കഷ്ടപ്പെടേണ്ടി വന്നു. തന്റെ ഭാര്യയുടെ ആഗ്രഹം അതായിരുന്നു. അത് താന്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് അച്ഛന്‍ എല്ലാവരോടും പ്രഖ്യാപിച്ചുവെന്നാണ് പ്രിയ ഓര്‍ക്കുന്നത്.
''അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ വളരെ സര്‍റിയല്‍ ആയിരുന്നു. എന്റെ അച്ഛന്‍ എല്ലായിടത്തു നിന്നും പൂജാരിമാരെ കൊണ്ടു വന്നിരുന്നു. അവര്‍ ഹിന്ദുവിനെ വിവാഹം കഴിച്ചതിനാല്‍ ഹിന്ദു ആചാരം നോക്കിയാണ് സംസ്‌കരിക്കേണ്ടതെന്ന് പലരും അദ്ദേഹത്തോട് പറഞ്ഞു. പക്ഷെ അദ്ദേഹം നിരസിച്ചു. മറവ് ചെയ്യണമെന്നതാണ് അവളുടെ ആഗ്രഹം. അവളുടെ ആഗ്രഹം അനുസരിച്ച് ചെയ്യാനുള്ളതൊക്കെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു'' എന്നാണ് പ്രിയ ഓര്‍ക്കുന്നത്.
യുഎസില്‍ നിന്നും തിരികെ വന്ന് ദിവസങ്ങള്‍ക്കകമാണ് നര്‍ഗിസ് മരണപ്പെടുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ സിനിമ റിലീസാകാന്‍ വെറും നാല് ദിവസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അമ്മയുടെ മരണം സഞ്ജുവിനെ വല്ലാതെ തളര്‍ത്തിയെന്നാണ് പ്രിയ ഓര്‍ക്കുന്നത്. സ്ട്രച്ചറില്‍ കിടന്നാണെങ്കിലും മകന്റെ സിനിമയ്ക്ക് എത്തുമെന്ന് അമ്മ പറഞ്ഞിരുന്നതാണ്.
''തന്റെ ആദ്യത്തെ സിനിമയ്ക്ക് അമ്മയില്ലെന്നത് അവന് വല്ലാതെ ബാധിച്ചിരുന്നു. റോക്കിയുടെ പ്രീമിയറില്‍ ഞങ്ങള്‍ അച്ഛന്റെ തൊട്ടടുത്ത സീറ്റ് ഒഴിച്ചിട്ടു. അമ്മയ്ക്ക് വേണ്ടി'' പ്രിയ പറയുന്നു. ''അമ്മയുടെ ശരീരം വീട്ടിലേക്ക് കൊണ്ടു വന്നപ്പോള്‍ വീട് നിറയെ പത്രക്കാരായിരുന്നു. ഒരാള്‍ എന്നോട് എന്ത് തോന്നുന്നുവെന്ന് ചോദിച്ചു. ഞാന്‍ എന്തോ പറഞ്ഞു കാണണം. കാരണം പപ്പ ഞങ്ങളെ റൂമിലേക്ക് കൊണ്ടു പോയി. കരയാനും നിലവിളിക്കാനുമുണ്ടെങ്കില്‍ തനിക്കൊപ്പം ആകാം. പുറത്ത് നിയന്ത്രണം പാലിക്കണം എന്ന് അദ്ദേഹം പറഞ്ഞു'' എന്നും പ്രിയ ഓര്‍ക്കുന്നുണ്ട്.
അമ്മയുടെ മരണം അച്ഛനെ വല്ലാതെ തളര്‍ത്തിയെന്നാണ് പ്രിയ പറയുന്നത്. അ്‌ദേഹത്തിന്റെ ജീവിതത്തിന്റെ താളം തന്നെ തെറ്റിപ്പോയി. രാത്രി ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് അമ്മയുടെ കല്ലറയുടെ അരികില്‍ പോയിരിക്കുമായിരുന്നുവെന്നും പ്രിയ ഓര്‍ക്കുന്നുണ്ട്. എന്നാല്‍ തനിക്ക് മൂന്ന് മക്കളെ നോക്കാനുണ്ടെന്ന ബോധ്യം അദ്ദേഹത്തെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടു വന്നുവെന്നാണ് പ്രിയ പറയുന്നത്. ആ സമയത്ത് സഞ്ജയ് ദത്ത് മയക്കുമരുന്നിന് അടിമയായി മാറിയിരുന്നു. മകനെ രക്ഷിച്ചെടുക്കാന്‍ അദ്ദേഹം തിരികെ വന്നു.
സിനിമ താരം എന്നതിന് പുറമെ രാജ്യ സഭാ അംഗം കൂടിയായിരുന്നു നര്‍ഗിസ്. അപ്രതീക്ഷിതമായി ഒരുനാള്‍ താരത്തിന്റെ ആരോഗ്യം മോശമാവുകയായിരുന്നു. ആദ്യം കരുതിയിരുന്നത് മഞ്ഞപ്പിത്തം ആണെന്നാണ്. പിന്നീട് നടന്ന പരിശോധകളിലാണ് നര്‍ഗിസിന് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് താരത്തെ യുഎസിലേക്ക് കൊണ്ടു പോവുകയും വിദഗ്ധ ചികിത്സ നടത്തുകയും ചെയ്തു. ചികിത്സയ്ക്കിടെ നര്‍ഗിസ് കോമയിലേക്ക് വഴുതി വീഴുകയുണ്ടായി.
പലവട്ടം ഡോക്ടര്‍മാര്‍ ശ്രമിച്ചും നര്‍ഗിസ് കോമയില്‍ നിന്നും പുറത്ത് വന്നല്ല. ഇതോടെ നര്‍ഗിസിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചിരുന്ന സപ്പോര്‍ട്ട് സിസ്റ്റം പിന്‍വലിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സുനില്‍ ദത്ത് അതിന് അനുവദിച്ചില്ല. നാല് മാസമാണ് നര്‍ഗിസ് കോമയില്‍ കിടന്നത്. ഭാര്യയുടെ അരികില്‍ സുനില്‍ ദത്ത് അവരുടെ തിരിച്ചുവരവും കാത്ത് ആ നാളുകളത്രയും ഇരുന്നു. ഒടുവില്‍ അവര്‍ തിരികെ വന്നു. അങ്ങനെയാണ് ഇന്ത്യയിലേക്ക് മടങ്ങി വരുന്നത്. എന്നാല്‍ ഇന്ത്യയിലെത്തി ദിവസങ്ങള്‍ക്കകം മരണം അവരെ തേടിയെത്തി. 1981 മെയ് മൂന്നിനാണ് നര്‍ഗിസ് മരണപ്പെടുന്നത്.
സിനിമയെ വെല്ലുന്ന പ്രണയകഥയാണ് നര്‍ഗിസിന്റേയും സുനില്‍ ദത്തിന്റേയും. സുനില്‍ ദത്തിന് നര്‍ഗിസിനോട് നേരത്തെ തന്നെ പ്രണയം തോന്നിയിരുന്നു. എന്നാല്‍ തന്നേക്കാളും വലിയ താരമായ നര്‍ഗിസിനോട് പ്രണയം തുറന്നു പറയാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇരുവരും മദര്‍ ഇന്ത്യ സിനിമയില്‍ അഭിനയിക്കുന്നതിനിടെ സെറ്റില്‍ വലിയൊരു തീപിടുത്തമുണ്ടായി. അന്ന് എല്ലാവരും മാറി നിന്നപ്പോള്‍ തീയിലേക്ക് എടുത്ത് ചാടി നര്‍ഗിസിനെ രക്ഷിച്ചെടുക്കുന്നത് സുനില്‍ ദത്താണ്. മുഖത്ത് സാരമായി പരുക്കേറ്റ സുനില്‍ ദത്തിനെ ശുശ്രൂഷിക്കാന്‍ ആശുപത്രിയിലും തുടര്‍ന്നുമെല്ലാം നര്‍ഗീസ് കൂടെ തന്നെ നിന്നു. ആ ബന്ധമാണ് അവരുടെ പ്രണയത്തിലേക്ക് നയിക്കുന്നത്.

മൂന്ന് മക്കളാണ് നര്‍ഗിസും സുനില്‍ ദത്തിനും. മകന്‍ സഞ്ജയ് ദത്തും പെണ്‍മക്കളായ പ്രിയ ദത്തും നമ്രത ദത്തും. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെയാണ് സഞ്ജയ് സിനിമയിലെത്തുന്നത്. എന്നാല്‍ ആ അരങ്ങേറ്റം കാണാന്‍ നര്‍ഗിസ് ഉണ്ടായിരുന്നില്ല. കരിയറിന്റെ തുടക്കത്തില്‍ കടുത്ത രീതിയില്‍ മയക്കുമരുന്നിന് അടിമയായിരുന്നു സഞ്ജയ് ദത്ത്. കുത്തഴിഞ്ഞ ജീവിതം. അച്ഛന്‍ സുനില്‍ ദത്ത് ഏറെ പണിപ്പെട്ടാണ് സഞ്ജയ് ദത്തിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നത്. ഇതിനിടെ ജയില്‍ വാസം പോലും അനുഭവിക്കേണ്ടി വന്നു.
എന്തായാലും തന്റെ അമ്മയുടെ ആഗ്രഹം പോലെ ദുശ്ശീലങ്ങളെല്ലാം ഉപേക്ഷിച്ച് അഭിനയത്തില്‍ ശ്രദ്ധിക്കാന്‍ പിന്നീട് സഞ്ജയ് ദത്ത് തീരുമാനിച്ചു. അങ്ങനെ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറാന്‍ സഞ്ജയ് ദത്തിന് സാധിച്ചു. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന സിനിമയാണ് സഞ്ജു. രണ്‍ബീര്‍ കപൂര്‍ ആണ് സഞ്ജയ് ദത്തായി അഭിനയിച്ചത്. രാജ്കുമാര്‍ ഹിറാനിയായിരുന്നു സിനിമയുടെ സംവിധാനം.


Click it and Unblock the Notifications











