എന്നോട് മിണ്ടരുതെന്ന് അവര്‍ പറഞ്ഞു, അഞ്ച് വര്‍ഷം ആരും മിണ്ടിയില്ല! തൃപ്തിയുടെ ഫോളോവേഴ്‌സില്‍ 320%ന്റെ വളര്‍ച്ച
രണ്‍ബീര്‍ കപൂര്‍ നായകനായ ആനിമല്‍ വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സ് ഓഫീസില്‍ അതിവേഗം കുതിക്കുകയാണ്. ചിത്രത്തിലെ രണ്‍ബീറിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. അതേസമയം ആനിമലിലൂടെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് തൃപ്തി ദിമ്രി. സോയ എന്ന കഥാപാത്രമായി എത്തിയാണ് തൃപ്തി കയ്യടി നേടിയിരിക്കുന്നത്. ചെറിയ വേഷമാണെങ്കിലും മിന്നും പ്രകടനം കാഴ്ചവച്ച തൃപ്തിയെ സോഷ്യല്‍ മീഡിയ നാഷണല്‍ ക്രഷ് ആക്കി മാറ്റിയിരിക്കുകയാണ്.
തൃപ്തിയുടെ റീലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ലൈല മജ്‌നു എന്ന ചിത്രത്തിലൂടെയായിരുന്നു തൃപ്തിയുടെ നായികയായുള്ള അരങ്ങേറ്റം. പിന്നീട് ഒടിടി ചിത്രങ്ങളായ ബുള്‍ബുള്ളിലും ഖാലയിലും മിന്നും പ്രകടനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തു. എന്നാല്‍ ആനിമല്‍ തൃപ്തിയ്ക്ക് നേടിക്കൊടുത്ത സ്വീകാര്യത സമാനതകളില്ലാത്തതാണ്.

ആനിമലിലൂടെ രാജ്യത്തിന്റെ പുതിയ ക്രഷ് ആയി മാറിയ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വന്‍ കുതിപ്പാണുണ്ടായിരിക്കുന്നത്. 320 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ തൃപ്തി നേടിയിരിക്കുന്നത്. നേരത്തെ 600000 ഫോളോവേഴ്‌സുണ്ടായിരുന്നിടത്ത് ആനിമലിന്റെ റിലീസോടെ 2.7 മില്യണ്‍ ആയി ഉയര്‍ന്നിരിക്കുകയാണ് തൃപ്തിയുടെ ഫോളോവേഴ്‌സ്.
ഇതിനിടെ ഇപ്പോഴിതാ തൃപ്തിയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും താന്‍ നേരിട്ട ബുള്ളിയിംഗിനെക്കുറിച്ചും വെളിപ്പെടുത്തുകയാണ് തൃപ്തി വീഡിയോയില്‍ പറയുന്നത്.
''കുട്ടിക്കാലത്ത് ആളുകളെ സമീപിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ എനിക്ക് സാധിച്ചിരുന്നില്ല. ഒരു തരം ഭയമായിരുന്നു. സംഭാഷണം തുടങ്ങുന്ന വ്യക്തിയാകാന്‍ പേടിയായിരുന്നു. രണ്ട് പെണ്‍കുട്ടികളുണ്ടായിരുന്നു. ഞാനിപ്പോഴും അവരുടെ പേരുകള്‍ ഓര്‍ക്കുന്നുണ്ട്. ഒന്നാം ക്ലാസിലായിരിക്കുമ്പോള്‍ ആരും ത്രിപ്തിയോട് സംസാരിക്കരുതെന്ന് അവര്‍ പറഞ്ഞു. ഒന്ന് മുതല്‍ അഞ്ച് വരെ എന്റെ ക്ലാസിലെ ആരും തന്നെ എന്നോട് സംസാരിച്ചിരുന്നില്ല. അവര്‍ ക്ലാസിലെ പോപ്പുലറായ കുട്ടികളായിരുന്നു'' എന്നാണ് തൃപ്തി പറയുന്നത്.
ഒരു കുട്ടി എന്ന നിലയില്‍ അതെന്റെ ആത്മവിശ്വാസം തകര്‍ത്തു. പിന്നെ ഞാന്‍ പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ത്ഥിയായിരുന്നില്ല. അതും കാരണമായി. ആറാം ക്ലാസ് ഒന്നു കൂടെ പഠിക്കേണ്ടി വന്നു. കണക്കില്‍ തോറ്റതിനാലാണ്. ഇന്നും ഞാന്‍ കണക്ക് പരീക്ഷയെഴുതാന്‍ ഇരിക്കുന്നതിന്റെ പേടിപ്പിക്കുന്ന സ്വപ്‌നം കാണാറുണ്ടെന്നും തൃപ്തി പറയുന്നു. തന്റെ നാട്ടിലെ രാംലീലയില്‍ അച്ഛന്‍ അഭിനയിക്കുന്നത് കണ്ടാണ് തനിക്ക് അഭിനയ മോഹം ഉടലെടുക്കുന്നതെന്നും വീഡിയോയില്‍ തൃപ്തി പറയുന്നുണ്ട്.

അദ്ദേഹം ആദ്യം അഭിനയിച്ചത് സീതയായിട്ടാണ്ട്. പിന്നീട് അഞ്ചാറ് വര്‍ഷം രാമനായി. പിന്നെ രാവണനായി. ഏറ്റവും ഒടുവില്‍ അദ്ദേഹം ദശരഥനുമായി. കുട്ടിയായിരിക്കെ അത് എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. എനിക്കും അഭിനയിക്കണമെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം എന്നെ സീതയുടെ കൂട്ടുകാരികളോ രാക്ഷസിമാരില്‍ ഒരാളോ ഒക്കെയായി സ്‌റ്റേജില്‍ ഇരുത്തുമായിരുന്നു. സീതയുടെ തൊട്ടടുത്ത് ഇരിക്കുമ്പോള്‍ ഒരുനാള്‍ എനിക്കും സീതയാകണം എന്നായിരുന്നു മനസില്‍. പക്ഷെ അതൊരിക്കലും നടന്നില്ലെന്നും തൃപ്തി പറയുന്നു.
കുടുംബത്തിലെ ഒരാള്‍ പോലും മാതാപിതാക്കളില്‍ നിന്നും അകന്ന് താമസിച്ചിട്ടില്ല. ഞാന്‍ എന്നും ഡല്‍ഹിയില്‍ തന്നെയായിരുന്നു. ഞാന്‍ ജോലിയ്ക്കായി മുംബൈയിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചില്ല. ഭാഗ്യത്തിനാണ് ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയ്ക്ക് മുംബൈയില്‍ പുതിയൊരു ഓഫീസ് തുടങ്ങിയത്. അവര്‍ എന്നെ നോക്കിക്കോളാം എന്ന് അച്ഛനോടും അമ്മയോടും പറഞ്ഞു. അവര്‍ എന്നെ ദിവസവും അഞ്ചോ ആറോ തവണ വിളിക്കും. കഴിച്ചോ അത് ചെയ്‌തോ ഇത് ചെയ്‌തോ എന്ന് ചോദിക്കുമെന്നും തൃപ്തി പറയുന്നുണ്ട്.


Click it and Unblock the Notifications











