ദേഹമെല്ലാം മുറിഞ്ഞു, ആശുപത്രിയില്‍ കൊണ്ടു പോയി; കാലുകള്‍ പാറക്കെട്ടില്‍ കുടങ്ങി, എല്ലാവരും ദൂരെ!
ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു ഒരുകാലത്ത് ഊര്‍മില മണ്ഡോത്കര്‍. ഒരേസമയം സമാന്തര സിനിമകളിലും മുഖ്യധാര സിനിമകളിലും വിജയം കൈവരിച്ച നായിക. മുന്‍നിര നായകന്മാരും സംവിധായകരും ഊര്‍മിളയുടെ ഡേറ്റിനായി പിന്നാലെ നടക്കുമായിരുന്നു. തന്റെ അഭിനയ മികവുകൊണ്ടെന്നതു പോലെ തന്നെ തന്റെ നൃത്ത മികവിലൂടേയും ഊര്‍മിള കയ്യടി നേടുകയുണ്ടായി. ഊര്‍മിളയുടെ ഡാന്‍സ് നമ്പറുകള്‍ ഇന്നും ആരാധകരുടെ മനസിലുണ്ട്.
ഊര്‍മിളയുടെ ഡാന്‍സ് നമ്പറുകളില്‍ ഏറ്റവും വലിയ ഹിറ്റാണ് ചമ്മ ചമ്മ എന്ന ഗാനം. തൊണ്ണൂറുകളില്‍ ഇന്ത്യയാകെ തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു ഇത്. 1998 ല്‍ പുറത്തിറങ്ങിയ ചൈനാ ഗേറ്റ് എന്ന ചിത്രത്തിലെ ഗാനമായിരുന്നു ചമ്മ. ഇന്നും ഈ പാട്ടിന് ആരാധകരുണ്ട്. പരിപാടികളില്‍ ഈ പാട്ട് ഇപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്.

ഈ പാട്ടിലെ ഊര്‍മിളയുടെ ചുവടുകള്‍ വന്‍ കയ്യടി നേടിയിരുന്നു. ഒപ്പം ഈ പാട്ടിലെ ഊര്‍മിള ധരിച്ച വേഷവും ആഭരണവുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും ഭാരമേറിയ ആഭരണങ്ങളും വസ്ത്രവും ധരിക്കുന്നതും മേക്കപ്പുമെല്ലാം തനിക്ക് വലിയ വെല്ലുവിളിയായിരുന്നുവെന്നാണ് ഊര്‍മിള പറയുന്നത്. മുമ്പൊരിക്കല്‍ നല്‍കിയൊരു അഭിമുഖത്തില്‍ അതേക്കുറിച്ച് ഊര്‍മിള സംസാരിച്ചിരുന്നു.
''പാട്ടിന്റെ ഫോട്ടോഷൂട്ടിന് വേണ്ടി ആദ്യം ഞാന്‍ വേഷങ്ങളും ആഭരണങ്ങളുമെല്ലാം ധരിച്ച് ഒരു ലുക്ക് ടെസ്റ്റ് നടത്തി നോക്കിയിരുന്നു. അപ്പോള്‍ ചിത്രത്തിന്റെ സംവിധായകനായ രാജ് കുമാര്‍ സന്തോഷി തനിക്ക് ധരിച്ച് ഡാന്‍സ് ചെയ്യാന്‍ സാധിക്കുമോ എന്നും വേണമെങ്കില്‍ കുറച്ചു ആഭരണങ്ങള്‍ മാറ്റാമെന്നും പറഞ്ഞിരുന്നു.പക്ഷെ, ഞാന്‍ സമ്മതിച്ചില്ല, ആഭരണങ്ങള്‍ മാറ്റിയാല്‍ ഇപ്പോഴുള്ള ഭംഗി നഷ്ടപ്പെടുമായിരുന്നു എന്റെ അഭിപ്രായം. ഞാന്‍ അതേക്കുറിച്ച് കൂടുതല്‍ ചിന്തിച്ചില്ല എന്നതാണ് സത്യം'' എന്നാണ് ഊര്‍മിള പറയുന്നത്.
ഞാന്‍ പറഞ്ഞതുപ്രകാരമാണ് സംവിധായകന്‍ അങ്ങനെ തീരുമാനിച്ചത്. മറ്റൊന്നുകൂടി എന്നോട് പറഞ്ഞു, സെറ്റില്‍ വന്നശേഷം ഇതേലുക്ക് തന്നെ തുടരുമെന്നും യാതൊരു കാരണവശാലും മാറ്റില്ലെന്നും. എന്നാല്‍ പിന്നീട് ഗാനരംഗത്തിന്റെ ചിത്രീകരണത്തിന് ചെന്നപ്പോഴാണ് ഭീകരാവസ്ഥ മനസ്സിലായത്. അത്രയും ആഭരണങ്ങളും വസ്ത്രവും ധരിച്ച് ഞാന്‍ സ്റ്റെപ്പുകളൊന്നും നേരത്തെ ചെയ്തു നോക്കിയിരുന്നില്ലെന്നും ഊര്‍മിള പറയുന്നു.
അതുകൊണ്ട് സെറ്റിലെത്തിയപ്പോള്‍ നന്നേ കഷ്ടപ്പെട്ടു. നാല് ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നെ ദേഹത്തെല്ലാം മുറിവുകളായി എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു എന്നാണ് ഊര്‍മിള പറയുന്നത്. മറ്റൊരു ഗാന ചിത്രീകരണത്തെക്കുറിച്ചും ഊര്‍മിള സംസാരിക്കുന്നുണ്ട്. രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത രംഗീലയിലെ തന്‍ഹ എന്ന ഗാനത്തിന്റെ ചിത്രീകരണത്തെക്കുറിച്ചാണ് ഊര്‍മിള സംസാരിച്ചത്.

കടലിലെ പാറക്കെട്ടുകളുടെ മുകളില്‍ നിന്നുള്ള രംഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. പിന്നില്‍ ചീറിയടിക്കുന്ന കടലായിരുന്നു പശ്ചാത്തലം. ആ സമയം വേലിയേറ്റമായിരുന്നു. സ്‌ക്രീനില്‍ ഏറ്റവും മികച്ചതാകാന്‍ വേണ്ടിയായിരുന്നു ആ സമയം തിരഞ്ഞെടുത്തത്. ഡാന്‍സ് ചെയ്യുന്നതിനിടെ ഇടയ്ക്ക് തിരകള്‍ക്കിടയില്‍ പെട്ട് എന്റെ കാല്‍വിരലുകള്‍ പാറക്കെട്ടുകളില്‍ കുടുങ്ങിപ്പോയിരുന്നു. ക്യാമറയും ഷൂട്ടിങ്ങ് സംഘവുമെല്ലാം അര കിലോമീറ്റര്‍ ദൂരത്തിലായിരുന്നു എന്നാണ് ഊര്‍മിള പറയുന്നത്.
കടലിരമ്പത്തില്‍ എനിക്ക് പാട്ടു പോലും നേരാംവണ്ണം കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല. പാട്ടിനനുസരിച്ചായിരുന്നില്ല ആ സമയം ഞാന്‍ ചുവടുവെച്ചത്. അന്ന് അല്പനേരം എന്റെ ഫോക്കസ് നഷ്ടപ്പെട്ടിരുന്നെങ്കില്‍ പിന്നീട് ചിത്രം പുറത്തിറങ്ങുമ്പോള്‍ എന്റെ ചിത്രത്തില്‍ ഒരു പൂമാലയും ചാര്‍ത്തി നടിയുടെ ഓര്‍മ്മയ്ക്ക് എന്ന് ആദ്യം കൊടുക്കേണ്ടി വന്നേനെ എന്നും ഊര്‍മിള പറയുന്നുണ്ട്. അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ല ഊര്‍മിള.


Click it and Unblock the Notifications











