എനിക്കെല്ലാം വാങ്ങിത്തരുന്നത് ദുബായ്ക്കാരി കാമുകി; ട്രോളാന്‍ വന്നയാള്‍ക്ക് താരുപത്രന്റെ മറുപടി
അച്ഛനമ്മമാരുടെ പാതയിലൂടെ മക്കള്‍ സിനിമയിലെത്തുന്നത് ബോളിവുഡില്‍ പതിവാണ്. ഒരു താരത്തിന് കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ വലുതാകുമ്പോള്‍ നടനോ നടിയോ ആകുമെന്ന് ആരാധകര്‍ ഉറപ്പിക്കും. അങ്ങനെ തങ്ങളുടെ അരങ്ങേറ്റത്തിനായി ക്യൂവില്‍ നില്‍ക്കുന്ന താരപുത്രന്മാരുടേയും പുത്രിമാരുടേയും നീണ്ടൊരു പട്ടിക തന്നെ ബോളിവുഡിലുണ്ട്. ആ വഴിയിലൂടെ സിനിമയിലെത്തിയ താരപുത്രനാണ് ഹര്‍ഷ് വര്‍ധന്‍ കപൂര്‍.
സൂപ്പര്‍ താരം അനില്‍ കപൂറിന്റെ മകനും നടി സോനം കപൂറിന്റെ സഹോദരനുമാണ് ഹര്‍ഷ്. അച്ഛന്റേയും സഹോദരിയുടേയും പാത തന്നെ ഹര്‍ഷും തിരഞ്ഞെടുത്തു. തുടക്കം ബോംബെ വെല്‍വെറ്റില്‍ സംവിധാന സഹായി ആയിട്ടായിരുന്നു. പിന്നാലെ മിര്‍സിയ എന്ന ചിത്രത്തിലൂടെ അരങ്ങേറുകയും ചെയ്തു. തുടര്‍ന്ന് ബാവേഷ് ജോഷി സൂപ്പര്‍ ഹീറോ, എകെ വെഴ്‌സസ് എകെ, താര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഹര്‍ഷ്. അതേസമയം തന്റെ അച്ഛനും സഹോദരിയും നേടിയത് പോലൊരു വിജയം അഭിനയ ജീവിതത്തില്‍ നേടാന്‍ ഹര്‍ഷിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ഹര്‍ഷ് പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ പുതിയ സ്‌നിക്കേഴ്‌സിന്റെ അണ്‍ബോക്‌സിംഗ് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഷൂസുകളോട് ഹര്‍ഷിനുള്ള പ്രിയം ആരാധകര്‍ക്ക് നന്നായി അറിയാവുന്നതാണ്.
ഇതിനിടെ ഒരാള്‍ ഹര്‍ഷിനെ അപമാനിക്കുന്ന കമന്റുമായി എത്തുകയായിരുന്നു. കരിയറില്‍ വിജയിക്കാന്‍ സാധിക്കാതെ കഷ്ടപ്പെടുന്ന ഹര്‍ഷിനോട് ഷൂസ് വാങ്ങിത്തന്നത് ആരെന്നാണ് ചിലര്‍ ചോദിച്ചത്. ''ആരാണ് ഇതിന് കാശ് കൊടുത്തത്, അനിലോ ആനന്ദോ?'' എന്നായിരുന്നു ഒരാളുടെ കമന്റ്. അച്ഛന്‍ അനില്‍ കപൂറോ സഹോദരി ഭര്‍ത്താവ് ആനന്ദ് അഹൂജയോ ആണോ ഷൂസ് വാങ്ങിത്തന്നത് എന്നായിരുന്നു ഇയാളുടെ ചോദ്യം. പിന്നാലെ തന്നെ കുറിക്കു കൊള്ളുന്ന മറുപടിയുമായി ഹര്‍ഷ് എത്തുകയായിരുന്നു.
''രണ്ടുമല്ല. ഞാന്‍ ദുബൈക്കാരിയായ ഒരു സമ്പന്ന സ്ത്രീയുമായി പ്രണയത്തിലാണ്. അവള്‍ വിവാഹിതയാണ്, പക്ഷെ എന്നോട് ഭ്രാന്തമായ പ്രണയമാണ്. അവളാണ് ഇതൊക്കെ വാങ്ങിത്തരുന്നത്. നിങ്ങള്‍ എനിക്ക് വളരെ പ്രധാനപ്പെട്ട ആളായതിനാലാണ് ഈ രഹസ്യം ഞാന്‍ നിങ്ങളോട് വെളിപ്പെടുത്തുന്നത്. ജീവിതം മാറ്റിമറിക്കാന്‍ ശക്തിയുള്ള ഈ അറിവ് ലഭിച്ചതോടെ നിങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു സഹോദരാ. ഒരുപാട് സ്‌നേഹം'' എന്നായിരുന്നു ഹര്‍ഷിന്റെ മറുപടി.

അതേസമയം ഇതാദ്യമായിട്ടല്ല ഹര്‍ഷിനെതിരെ സോഷ്യല്‍ മീഡിയ ഇത്തരത്തിലുള്ള പരിഹാസം നടത്തുന്നത്. മുമ്പൊരിക്കല്‍ മാര്‍ഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് ഹര്‍ഷ് തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. തനിക്ക് വേണ്ടത് വാങ്ങുന്നതില്‍ മാതാപിതാക്കള്‍ക്ക് ഒരു താല്‍പര്യവുമില്ല. ആരുടേയും സഹായമില്ലാതെ താന്‍ തന്നെയാണ് എല്ലാം വാങ്ങുന്നത്. അതേസമയം അച്ഛന്‍ തന്നെ സാമ്പത്തികമായി സഹായിക്കുന്നുവെന്ന ട്രോളുകള്‍ സത്യമായിരുന്നുവെങ്കില്‍ നന്നായേനെ എന്നും ഹര്‍ഷ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
''സത്യാവസ്ഥ എന്തെന്നാല്‍ എനിക്ക് എന്തെങ്കിലും വാങ്ങാന്‍ അച്ഛനും അമ്മയ്ക്കും താല്‍പര്യമില്ല. നിങ്ങളൊക്കെ ശരിയായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എങ്കില്‍ ഇപ്പോള്‍ എനിക്കുള്ളതിനേക്കാള്‍ പത്ത് മടങ്ങ് സാധനങ്ങള്‍ ഉണ്ടായേനെ. പക്ഷെ ഞാന്‍ തന്നെയാണ് എനിക്ക് വേണ്ടത് വാങ്ങുന്നത്. അതാണ് ജീവിതത്തിന്റെ സങ്കടകരമായ സത്യം. അല്ലായിരുന്നുവെങ്കില്‍ ഒരു കാറിന് പകരം അഞ്ച് കാറും മുപ്പത് വാച്ചും എനിക്ക് ഉണ്ടായേനെ'' എന്നാണ് ഹര്‍ഷ് പറഞ്ഞത്.


Click it and Unblock the Notifications











