ഞാന്‍ കുട്ടിയുടുപ്പിട്ട് ജിമ്മില്‍ പോകുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നം? തുറന്നടിച്ച് ജാന്‍വി കപൂര്‍
ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ജാന്‍വി കപൂര്‍. സൂപ്പര്‍നായികയായിരുന്ന ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി. അമ്മയുടെ പാതയിലൂടെ മകളും സിനിമയിലെത്തുകയായിരുന്നു. ജാന്‍വിയുടെ അരങ്ങേറ്റം കാണാന്‍ ശ്രീദേവിയുണ്ടായിരുന്നില്ലെങ്കിലും അമ്മയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ തുടക്കത്തില്‍ തന്നെ ജാന്‍വിയെ തേടിയെത്തി. ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് ജാന്‍വിയെ ഉറ്റു നോക്കുന്നത്. സോഷ്യല്‍ മീഡിയയിലും താരമാണ് ജാന്‍വി. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ ജാന്‍വി മനസ് തുറന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയുടെ സ്വാധീനം തന്റെ ജീവിതത്തില്‍ എത്രത്തോളമുണ്ടെന്നായിരുന്നു ജാന്‍വി മനസ് തുറന്നത്. ജാന്‍വിയോടൊപ്പം അച്ഛന്റെ സഹോദരനും സൂപ്പര്‍താരവുമായ അനില്‍ കപൂറുമുണ്ടായിരുന്നു. ജാന്‍വിയുടെ ജിം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതിനെക്കുറിച്ചും പാപ്പരാസികള്‍ ജാന്‍വിയുടെ ചിത്രങ്ങളെടുക്കാനായി കാത്തു നില്‍ക്കുന്നതിനെക്കുറിച്ചുമെല്ലാം താരങ്ങള്‍ മനസ് തുറന്നിരുന്നു.

ജിമ്മില്‍ നിന്നും വിയര്‍ത്ത് കുളിച്ച് പുറത്തേക്ക് വരുമ്പോഴും തന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ആളുകളുണ്ടെന്നും ആരാധകര്‍ അത് കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നതും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് ജാന്‍വി പറയുന്നത്. ''എന്റെ എല്ലാ ജിം ലുക്കും കണ്ടിട്ടുണ്ടെന്ന് എന്നോട് ആളുകള്‍ പറയാറുണ്ട്. അവരോട് എനിക്ക് പറയാനുള്ളത് അത് മാത്രമല്ല ഞാന്‍ ചെയ്യാറുള്ളത് എന്നാണ്. ഒരു നുള്ള് ഉപ്പു കൂടി എടുത്ത് വേണം കാണാന്‍. ഇതെന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട്. ഇത് അറ്റന്‍ഷന്‍ ആണ്. എന്റെ ജിം ഷോര്‍ട്ട്‌സിനെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് സാരമില്ല. കാരണം അതെന്റെ ജോലിയല്ല. എന്റെ ജോലിയുടെ അന്തരഫലം മാത്രമാണ്''എന്നായിരുന്നു ജാന്‍വി പറഞ്ഞത്.

അതേസമയം അനില്‍ കപൂര്‍ ഇടപെടുകയും പാപ്പരാസികള്‍ തന്റെ ജിം ചിത്രങ്ങള്‍ പകര്‍ത്താറില്ലെന്ന് ്പരാതിപ്പെടുകയുമായിരുന്നു. ''അവര്‍ക്ക് എന്റെ ചിത്രങ്ങള്‍ വേണ്ട. അവര്‍ക്ക് ജാന്‍വിയുടെ ചിത്രം മാത്രം മതി. അല്ലെങ്കില്‍ ഞാനും ജിമ്മിന്റെ മുന്നില്‍ പോയി ചിത്രങ്ങള്‍ക്കായി നിന്നു കൊടുക്കുമായിരുന്നു'' അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. അതേസമയം തന്റെ ജീവിതത്തില്‍ സോഷ്യല്‍ മീഡിയയ്ക്കുള്ള സ്വാധീനത്തെക്കുറിച്ചും ജാന്‍വി മനസ് തുറക്കുന്നുണ്ട്. ''ഞാനതിന് ഒരുപാട് പ്രാധാന്യം നല്‍കിയിരുന്നു. ഓഡിയന്‍സിന്റെ പള്‍സ് അറിയണമെന്നായിരുന്നു സ്വയം പഠിപ്പിച്ചിരുന്നത്. അവര്‍ എന്ത്് പറയുന്നു, എവിടെയാണ് ഞാന്‍ പിന്നോട്ട് പോകുന്നത്. എവിടെയാണ് ഞാന്‍ നന്നാക്കേണ്ടത് എന്നൊക്കെ അറിയാന്‍ വേണ്ടിയായിരുന്നു. പക്ഷെ എല്ലാത്തിനും പോസിറ്റീവും നെഗറ്റീവും ഉണ്ട്'' എന്നായിരുന്നു ജാന്‍വി പറഞ്ഞത്.

അതേസമയം തന്റെ ജോലിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും ജാന്‍വി പറയുന്നുണ്ട്. ''വിമര്‍ശനം എനിക്ക് സുപരിചിതമാണ്. എന്റെ ജീവിതകാലം മുഴുവന്‍ വിമര്‍ശനം കേട്ടിട്ടുണ്ട്. ഞങ്ങളുടെ കുടുംബം തന്നെ വിമര്‍ശനം ശീലമാക്കിയവരാണ്'' എന്നായിരുന്നു താരം പറഞ്ഞു. അതേസമയം തന്റെ കുടുംബത്തിലെ ഓരോ അംഗത്തേയും കുറിച്ച് തനിക്ക് അഭിമാനമാണെന്ന് അനില്‍ കപൂര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിന്നുമുള്ള മോശം അനുഭവങ്ങളുണ്ടാകുമ്പോഴും തന്റെ മക്കളും മരുമക്കളുമെല്ലാം നല്ല സ്‌നേഹത്തോടെ കഴിയുന്നത് കാണുമ്പോള്‍ തനിക്ക് അഭിമാനമുണ്ടെന്ന് താരം പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ അത് കുടുംബജീവിതത്തെ ബാധിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Recommended Video

ധഡക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഗുഞ്ജന്‍ സക്‌സേനയിലെ ജാന്‍വിയുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടതായിരുന്നു. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കായ മിലിയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നിരവധി സിനിമകളാണ് ജാന്‍വിയുടേതായി പുറത്തിറങ്ങാനുള്ളത്. ദോസ്താന 2, ഗുഡ് ലക്ക് ജെറി എന്നിവയാണ് ജാന്‍വിയുടെ പുതിയ സിനമകള്‍.


Click it and Unblock the Notifications