കഥയെല്ലാം ഇഷ്ടപ്പെട്ടിട്ടും ആ ഷാരൂഖ് ചിത്രത്തോട് നോ പറഞ്ഞ ഐശ്വര്യ; കാരണം അഭിഷേക് ബച്ചന്‍?
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. എല്ലാ അര്‍ത്ഥത്തിലും ബോളിവുഡിലെ താര രാജാവ്. ഷാരൂഖ് ഖാന്റെ ചിത്രത്തില്‍ അഭിനയിക്കുക എന്നത് ഏതൊരു അഭിനേതാവിന്റേയും ആഗ്രഹമാണ്.പ്രത്യേകിച്ചും ഷാരൂഖിന്റെ നായികയായി അഭിനയിക്കുക എന്നത്. ഷാരൂഖ് ഖാന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചാല്‍ ചാടിപ്പിടിക്കാനായിരിക്കും ഒട്ടുമിക്കവരും ശ്രമിക്കുക. എന്നാല്‍ ആ അവസരം വേണ്ടെന്ന് വച്ച നായികയാണ് ഐശ്വര്യ റായ്.
പക്ഷെ ഐശ്വര്യ റായ്ക്ക് അത് സാധിക്കുമെന്നതാണ് വസ്തുത. താരപ്രൗഢിയുടെ കാര്യത്തില്‍ ഐശ്വര്യയോളം പോന്ന ഒരാള്‍ ഇന്നും ഇന്ത്യന്‍ സിനിമയിലില്ല. തെന്നിന്ത്യയിലൂടെ സിനിമാ ജീവിതം ആരംഭിച്ച് ഇന്ന് ലോകമെമ്പാടും ആരാധകരുള്ള നായികയായി നിറഞ്ഞു നില്‍ക്കുകയാണ് ഐശ്വര്യ റായ്. ആ താരപദവിയ്ക്ക് യാതൊരു മങ്ങലും ഏറ്റിട്ടിട്ടില്ലെന്നതാണ് വസ്തുത.

ഷാരൂഖ് ഖാന്‍ നായകനായ ഹാപ്പി ന്യു ഇയര്‍ എന്ന ചിത്രമാണ് ഐശ്വര്യ റായ് നിരസിച്ചത്. 2014ല്‍ പുറത്തിറങ്ങിയ സിനിമയുടെ സംവിധാനം ഫറാ ഖാന്‍ ആയിരുന്നു. ഷാരൂഖ് ഖാന്‍-ഫറ ഖാന്‍ കോമ്പോയില്‍ പുറത്തിറങ്ങിയ മുന്‍ സിനിമകളൊക്കെ വലിയ വിജമായിരിക്കെ ഐശ്വര്യയുടെ ആ നോ അന്ന് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ദീപിക പദുക്കോണ്‍ ആണ് പിന്നീട് ചിത്രത്തിലെ നായികയായി എത്തിയത്. അഭിഷേക് ബച്ചന്‍, ബൊമ്മന്‍ ഇറാനി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഒരിക്കല്‍ താന്‍ എന്തുകൊണ്ടാണ് ഹാപ്പി ന്യു ഇയര്‍ നിരസിച്ചതെന്ന് ഐശ്വര്യ തന്നെ വെളിപ്പെടുത്തിയിരുന്നു. അതേസമയം ചിത്രത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ മോഹിപ്പിക്കുന്നതായിരുന്നു എന്നും ഐശ്വര്യ പറയുന്നുണ്ട്. ''അതെ, ആ സിനിമയുമായി എന്നെ സമീപിച്ചിരുന്നു. രസകരമായിരിക്കുമെന്ന് എനിക്ക് തോന്നുകയും ചെയ്തു'' എന്നാണ് ഐശ്വര്യ പറഞ്ഞത്. എന്നിട്ടും ഐശ്വര്യ ആ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം അഭിഷേക് ബച്ചനായിരുന്നു.
തന്റെ ഭര്‍ത്താവായ അഭിഷേക് ബച്ചന്‍ സഹനടനായി അഭിനയിക്കുന്ന സിനിമയില്‍ നായികയായി അഭിനയിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു എന്നാണ് ഐശ്വര്യ തന്നെ പറഞ്ഞത്. തങ്ങള്‍ രണ്ട് പേര്‍ക്കും അതൊരു ബുദ്ധിമുട്ടായേനെ എന്നാണ് ഐശ്വര്യ പറഞ്ഞത്. അതിനാലാണ് ഐശ്വര്യ ചിത്രത്തോട് നോ പറഞ്ഞത്. അതേ തുടര്‍ന്നാണ് ചിത്രത്തിലേക്ക് നായികയായി ദീപിക പദുക്കോണ്‍ എത്തുന്നത്. എന്തായാലും തന്റെ തീരുമാനത്തില്‍ ഐശ്വര്യയ്ക്ക് കടുത്ത നിരാശ തോന്നേണ്ടതില്ല. കാരണം ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

അതേസമയം മോശം സിനിമകള്‍ മാത്രമല്ല ഐശ്വര്യ നിരസിച്ചിട്ടുള്ളത്. ഹോളിവുഡ് ചിത്രം ട്രോയ് മുതല്‍, മുന്നാഭായ് എംബിബിഎസ്, ഭൂല്‍ ഭുലയ്യ, ക്രിഷ് തുടങ്ങിയ സിനിമകള്‍ ഐശ്വര്യ റായ് നിരസിച്ചവയാണ്. എന്നാല്‍ തന്റെ ബോധ്യങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത കഥാപാത്രങ്ങളും സിനിമകളും ചെയ്യില്ലെന്ന നിലപാടില്‍ നിന്നും ഇപ്പോഴും ഐശ്വര്യ വ്യതിചലിച്ചിട്ടില്ല. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ പരമ്പരയിലാണ് ഐശ്വര്യ റായ് ഒടുവിലായി അഭിനയിച്ചത്. ചിത്രവും ഐശ്വര്യയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. ഇന്ന് ഐശ്വര്യ റായിയുടെ ജന്മദിനമാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications