'ഫ്‌ളോപ്പ് സ്റ്റാര്‍ കിഡ്‌സ്'; സൗന്ദര്യം 'ശാപമായ' ശശി കപൂറിന്റെ മക്കൾ; ബോളിവുഡ് തള്ളിക്കളഞ്ഞവര്‍ ഇന്നെവിടെ?
ബോളിവുഡിലെ ഐക്കോണിക് നായകനാണ് ശശി കപൂര്‍. താരകുടുംബത്തിലായിരുന്നു ശശി കപൂര്‍ ജനിച്ചത്. പൃഥ്വിരാജ് കപൂറിന്റേയും രാംസര്‍നി കപൂറിന്റേയും മകനായി കൊല്‍ക്കത്തയിലായിരുന്നു ജനനം. ബല്‍ബീര്‍ രാജ് കപൂര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. തന്റെ സഹോദരന്മാരായ രാജ് കപൂറിനേയും ഷമ്മി കപൂറിനേയും പോലെ ശശിയും നടനായി മാറുകയായിരുന്നു. നാല് പതിറ്റാണ്ട് നീണ്ട കരിയറില്‍ 125 സി നിമകളില്‍ ശശി കപൂര്‍ അഭിനയിച്ചിട്ടുണ്ട്.
ധര്‍മ്മപുത്ര, വഖ്ത്, ആ ഗലേ ലഗ് ജാ, ദീവാര്‍, കഭീ കഭീ, ജുനൂണ്‍, ബോംബെ ടോക്കീസ് തുടങ്ങി ശശി കപൂറിന്റെ പ്രതിഭയെ അടയാളപ്പെടുത്തിയ സിനിമകള്‍ നിരവധിയാണ്. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വം കൊണ്ടും അദ്ദേഹം ആരാധകരെ നേടിയിട്ടുണ്ട്. ഒരിക്കല്‍ തനിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം പോലും നിരസിച്ചിട്ടുണ്ട് ശശി കപൂര്‍.

ധര്‍മ്മപുത്ര എന്ന യാഷ് ചോപ്ര സംവിധാനം ചെയ്ത ചിത്രത്തിനായിരുന്നു ശശിയെ തേടി ദേശീയ പുരസ്‌കാരമെത്തുന്നത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അവാര്‍ഡ് അദ്ദേഹം നിരസിക്കുകയായിരുന്നു. ദേശീയ അവാര്‍ഡ് ലഭിക്കാനും മാത്രമുള്ള പ്രകടനം താന്‍ ചിത്രത്തില്‍ കാഴ്ച വച്ചിട്ടില്ലെന്നായിരുന്നു അതിന് അദ്ദേഹം നല്‍കിയ വിശദീകരണം. എന്നാല്‍ പിന്നീട് ജുനൂന്‍, ഇന്‍ കസ്റ്റഡി തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹത്തെ തേടി ദേശീയ പുരസ്‌കാരങ്ങളെത്തി.
1958 ലാണ് ശശി ജെന്നിഫര്‍ കെന്‍ഡലും വിവാഹിതരാകുന്നത്. രണ്ട് സംസ്‌കാരങ്ങളുടെ ഒരുമിക്കലായിരുന്നു ആ വിവാഹം. 1959 ജൂണ്‍ 26 ന് ദമ്പതികളുടെ മൂത്ത മകന്‍ കുണാല്‍ കപൂര്‍ ജനിച്ചു. 1962 ല്‍ രണ്ടാമത്തെ മകന്‍ കരണ്‍ കപൂറും ജനിച്ചു. 1967 ല്‍ രണ്ട് സഹോദരന്മാരുടേയും സഹോദരിയായ സഞ്ജനയും ജനിച്ചു. ക്യാന്‍സര്‍ ബാധിതയായ ജെന്നിഫര്‍ 1984 സെപ്തംബര്‍ 7 ന് മരണപ്പെട്ടു. ശശിയുടെ ജീവിതത്തെ പിടിച്ചുലയ്ക്കുന്നതായിരുന്നു ആ മരണം.
ഭാര്യയുടെ മരണം അദ്ദേഹത്തെ വിഷാദരോഗിയാക്കി. എന്നാല്‍ തന്റെ മക്കളോടുള്ള സ്‌നേഹം അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. അച്ഛനും മക്കളും തമ്മില്‍ വളരെ ആഴത്തിലുള്ള ആത്മബന്ധം തന്നെയുണ്ടായിരുന്നു. 2017 ലാണ് കരള്‍ രോഗത്തെ തുടര്‍ന്ന് ശശി കപൂര്‍ മരണപ്പെടുന്നത്. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 79 ആയിരുന്നു.
കപൂര്‍ കുടുംബത്തിലെ മറ്റ് പലരേയും പോലെ തന്നെ ശശിയുടെ മൂന്ന് മക്കളും അഭിനയത്തിലേക്ക് കടന്നു വന്നിരുന്നു. എന്നാല്‍ മൂന്ന് പേരേയും പ്രേക്ഷകര്‍ നിരസിക്കുകയായിരുന്നു. അഭിനയത്തിലെ കുറവുകള്‍ക്കൊപ്പം മൂവരുടേയും ലുക്കും അവര്‍ക്ക് വെല്ലുവിൡയായി മാറി. മൂവരുടേയും ബ്രീട്ടീഷ് ലുക്കും സംസാര ശൈലിയും അവരുടെ കരിയറിനെ ബാധിക്കുന്നതായിരുന്നു. ഇതോടെ അഭിനയം ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് തിരിയുകയായിരുന്നു മൂവരും.
ഇംഗ്ലീഷ് സിനിമയായ സിദ്ധാര്‍ത്ഥയിലൂടെയായിരുന്നു മൂത്ത മകന്‍ കുണാല്‍ കപൂര്‍ അരങ്ങേറുന്നത്. പിന്നീട് ജുനൂന്‍, ആഹിസ്ത ആഹിസ്ത, വിജേത, ഉത്സവ്, ത്രികാല്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ഇപ്പോഴും അദ്ദേഹം അങ്ങിങ്ങായി അഭിനയിച്ചു കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ തന്റെ അച്ഛനെപ്പോലേയോ കുടുംബത്തിലെ മറ്റുള്ളവരെ പോലേയോ വിജയം നേടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇതോടെ സിനിമാ അഭിനയം നിര്‍ത്തി പരസ്യ ചിത്ര സംവിധാനത്തിലേക്ക് കടക്കുകയായിരുന്നു കുണാല്‍. ആ രംഗത്ത് തിളങ്ങാന്‍ പക്ഷെ കുണാലിന് സാധിച്ചു. രാജ്യത്തിലെ ഏറ്റവും പ്രശസ്ത പരസ്യ ചിത്ര സംവിധായകനാണ് കുണാല്‍ ഇന്ന്.
കപൂര്‍ കുടുംബത്തിലെ തന്നെ ഏറ്റവും സുന്ദരനെന്നാണ് ശശിയുടെ രണ്ടാമത്തെ മകന്‍ കരണ്‍ കപൂറിനെ വിശേഷിപ്പിക്കുന്നത്. അമ്മയില്‍ നിന്നും ലഭിച്ച ബ്രിട്ടീഷ് ലുക്കായിരുന്നു അതിന് കാരണം. ഹോളിവുഡ് താരങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു കരണിന്റെ കണ്ണുകളും മുടിയും ആകാരവുമൊക്കെ. പക്ഷെ അത് കരണിന് ബോളിവുഡില്‍ ഒരു കരിയറുണ്ടാക്കുന്നതിന് തടസമായി മാറുകയായിരുന്നു. നാല് സിനിമകള്‍ മാത്രമാണ് കരണിന് അഭിനയിക്കാന്‍ സാധിച്ചത്.

സിനിമ കൈ വിട്ടതോടെ കരണ്‍ ഫോട്ടോഗ്രഫയിലേക്ക് തിരിയുകയായിരുന്നു. ലണ്ടനില്‍ സ്വന്തമായി ഫോട്ടോഗ്രാഫി കമ്പനി ആരംഭിക്കുകയും ചെയ്തു. ഈ മേഖലയില്‍ രാജ്യാന്തര പ്രശസ്തിയുള്ള പേരാണ് ഇന്ന് കരണ്‍ കപൂര്‍ എത്തുന്നത്. 2009 ല്‍ അദ്ദേഹത്തെ തേടി അദ്ദേഹത്തെ ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രഫി പുരസ്‌കാരവുമെത്തി. ഫോട്ടോഗ്രഫിയില്‍ ലോകം ആദരിക്കുന്ന വ്യക്തിത്വമാണ് ഇന്ന് കരണ്‍ കപൂര്‍.
തന്റെ സഹോദരന്മാരെപ്പോലെ സിനിമ കൈ വിട്ടതോടെ അഭിനയത്തോട് മുഖം തിരിച്ചവളല്ല സഞ്ജന. സിനിമയ്ക്ക് പകരം അവര്‍ തിരഞ്ഞെടുത്തത് തീയേറ്ററായിരുന്നു. ഉത്സവ്, സാലം ബോംബെ, ആരണ്യക തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച സഞ്ജനയ്ക്ക് പക്ഷെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. എന്നാല്‍ തീയേറ്റര്‍ രംഗത്ത് അവര്‍ തിളങ്ങി. 2012 ല്‍ സ്വന്തമായി തീയേറ്റര്‍ ഗ്രൂപ്പും തുടങ്ങി. രാജ്യത്തുടനീളം തന്റെ ഗ്രൂപ്പിനൊപ്പം സഞ്ചരിച്ച് ഷോകള്‍ ചെയ്യുകയാണ് സഞ്ജന ഇപ്പോള്‍.


Click it and Unblock the Notifications











