'നായികയാക്കാനുള്ള സൗന്ദര്യമില്ല, നന്നായി കഷ്ടപ്പെടേണ്ടി വരും'; അനുഷ്‌കയെ അപമാനിച്ച നിര്‍മ്മാതാവ്
ബോളിവുഡിലെ മുന്‍നിര നായികയാണ് അനുഷ്‌ക ശര്‍മ. താര കുടുംബങ്ങളുടെ പാരമ്പര്യമൊന്നുമില്ലാതെയാണ് അനുഷ്‌ക കടന്നു വരുന്നത്. ഗോഡ്ഫാദര്‍മാരും ഉണ്ടായിരുന്നില്ല. തന്റെ കഴിവും കഠിനാധ്വാനവുമായിരുന്നു അനുഷ്‌കയുടെ മുതല്‍ മുടക്ക്. ഷാരൂഖ് ഖാന്‍ നായകനായ രബ്‌നെ ബനാദി ജോഡിയായിരുന്നു ആദ്യ സിനിമ. ചിത്രം വിജയമാവുകയും അനുഷ്‌കയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. പിന്നാലെ വന്ന ചിത്രം ബാന്റ് ബജാ ബാരാത്ത് ആയിരുന്നു. ഈ ചിത്രം വന്‍ വിജയം നേടിയതോടെ അനുഷ്‌ക മുന്‍നിര നായികയായി മാറുകയായിരുന്നു.
അതിവേഗമാണ് അനുഷ്‌ക ശര്‍മ ബോളിവുഡിലെ മുന്‍നിര നായികയാകുന്നത്. പെട്ടെന്ന് വളരുന്നവര്‍ അതിലും വേഗത്തില്‍ വീഴുന്ന പതിവുണ്ട് ബോളിവുഡില്‍. എന്നാല്‍ അനുഷ്‌കയുടെ കരിയറില്‍ അങ്ങനൊന്നുണ്ടായിട്ടില്ല. 25-ാം വയസില്‍ സ്വന്തമായി നിര്‍മ്മാണ കമ്പനി ആരംഭിക്കുകയും ചെയ്തു അനുഷ്‌ക. ഇന്ന് ഇന്ത്യന്‍ ഒടിടി ലോകത്തും ബോളിവുഡിലുമെല്ലാം ശക്തമായ സാന്നിധ്യമാണ് അനുഷ്‌കയുടെ കമ്പനി.

അതേസമയം കരിയറില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് അനുഷ്‌ക ഇപ്പോള്‍. അമ്മയായതോടെയാണ് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനുഷ്‌ക ശര്‍മ. ഭര്‍ത്താവ് വിരാട് കോലിയുടെ മത്സരങ്ങള്‍ കാണാനും മറ്റുമൊക്കെ അനുഷ്‌ക എത്താറുണ്ട്. എന്നാലും ആരാധകരെ സംബന്ധിച്ച് അനുഷ്‌കയെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹം ബാക്കിയായി തുടരുകയാണ്. താരത്തിന്റെ തിരിച്ചുവരവിനായി അവര്‍ കാത്തിരിക്കുകയാണ്.
സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തിലാണ് അനുഷ്‌ക ജനിച്ചത്. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് അനുഷ്‌കയുടെ ജനനം. അച്ഛന്‍ അജയ് കുമാര്‍ ശര്‍മ ഇന്ത്യന്‍ ആര്‍മിയില്‍ കേണലായിരുന്നു. അമ്മ അഷ്മിയ ശര്‍മ വീട്ടമ്മയാണ്. ബാംഗ്ലൂരിലാണ് അനുഷ്‌ക വളര്‍ന്നത്. പിന്നീട് മോഡലിംഗിലൂടെ സിനിമയിലേക്ക് എത്തുകയായിരുന്നു.
അതേസമയം അനുഷ്‌കയുടെ തുടക്കത്തില്‍ തന്നെ താരത്തിന് ലഭിച്ചത് തിരിച്ചടിയായിരുന്നു. നിര്‍മ്മാതാവായ ആദിത്യ ചോപ്ര അനുഷ്‌കയ്ക്ക് കഴിവുണ്ടെങ്കിലും കാണാന്‍ ഭംഗിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അതേക്കുറിച്ച് ഒരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ അനുഷ്‌ക തന്നെ തുറന്ന് പറഞ്ഞിരുന്നു.

''എനിക്ക് നിന്റെ കഴിവില്‍ ഒരുപാട് വിശ്വാസമുണ്ട്. നീ നല്ലൊരു അഭിനേത്രിയാണെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ നിനക്ക് സൗന്ദര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നീ അതിസുന്ദരിയായ പെണ്‍കുട്ടിയല്ല. അതിനാല്‍ നീ കഠിനാധ്വാനം ചെയ്യണം'' എന്നായിരുന്നു ആദിത്യ ചോപ്ര അനുഷ്‌കയോട് പറഞ്ഞത്. രബ്‌നെ ബനാദി ജോഡിയുടെ നിര്‍മ്മാതാവായിരുന്നു ആദിത്യ ചോപ്ര. മൂന്ന് സിനിമകളായിരുന്നു അനുഷ്‌കയും വൈആര്‍എഫും തമ്മിലുണ്ടായിരുന്നു. മൂന്ന് സിനിമകളും വിജയം നേടുകയും ചെയ്തു.അനുഷ്‌ക താരമാവുകയും ചെയ്തു.
പികെ, സുല്‍ത്താന്‍, യേ ദില്‍ ഹേ മുഷ്ഖില്‍, സഞ്ജു, പരി, എന്‍എച്ച് 10, തുടങ്ങിയ സിനിമകളാണ് അനുഷ്‌ക അഭിനയിച്ചിട്ടുള്ളത്. സീറോ ആണ് അനുഷ്‌കയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അമ്മയായതോടെ ഇടവേളയെടുത്ത അനുഷ്‌ക ജുലന്‍ ഗോസ്വാമിയുടെ ജീവിതകഥ പറയുന്ന സിനിമയുമായി തിരികെ വരാന്‍ തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ രണ്ടാമതും ഗര്‍ഭിണിയായതോടെ ഇടവേള നീണ്ടു പോവുകയാണ്.


Click it and Unblock the Notifications











