'തടിച്ച കത്രീന'; മുന്‍കാമുകിയ്ക്കുള്ള 'സല്‍മാന്റെ പണി'; വീടിന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയെന്ന് നടി
പുതുമുഖ നായികമാരെ കണ്ടെത്തുന്നതില്‍ മിടുക്കനാണ് സല്‍മാന്‍ ഖാന്‍. ഭാഗ്യശ്രീ മുതല്‍ സൊനാക്ഷി സിന്‍ഹയും ഡെയ്‌സി ഷായും വരെയുള്ള ഒരുപാട് നടിമാര്‍ സല്‍മാന്‍ ഖാന്‍ ചിത്രങ്ങളിലൂടെ അരങ്ങേറിയിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ നായികയായി ബോളിവുഡ് അരങ്ങേറ്റം എന്നത് പലരും സ്വപ്‌നം കാണുന്ന തുടക്കമാണ്. എന്നാല്‍ ഇത്ര വലിയ തുടക്കം കിട്ടിയാലും ബോളിവുഡില്‍ നല്ലൊരു കരിയര്‍ പടുത്തുയര്‍ത്തുക എന്നത് ഉറപ്പുള്ള കാര്യമില്ല.
സല്‍മാന്റെ നായികയായി കരിയര്‍ ആരംഭിച്ചിട്ടും എവിടേയും എത്താന്‍ പറ്റാതെ പോയവരും നിരവധിയുണ്ട്. അവരില്‍ ഒരാളാണ് നടി സറീന്‍ ഖാന്‍. സല്‍മാന്‍ ഖാന്‍ നായകനായ വീര്‍ എന്ന ചിത്രത്തിലൂടെയാണ് സറീന്‍ ഖാന്‍ അരങ്ങേറുന്നത്. സിനിമ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയം നേരിടുകയും അധികം വൈകാതെ തന്നെ സറീന്റെ കരിയര്‍ അവസാനിക്കുകയും ചെയ്തുവെന്നതാണ് വസ്തുത.

സറീന്‍ ബോളിവുഡിലെത്തുന്നതിന് പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്. നേരത്തെ താനുമായുള്ള പ്രണയ ബന്ധം ഐശ്വര്യ റായ് അവസാനിപ്പിച്ചപ്പോള്‍ പ്രതികാരമെന്ന നിലയിലാണ് കാണാന്‍ ഐശ്വര്യയെ പോലെ തന്നെയുള്ള സ്‌നേഹ ഉള്ളാലിനെ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്നത്. സമാനമായ രീതിയില്‍ തന്റെ മുന്‍ കാമുകി കത്രീന കൈഫുമായുള്ള രൂപസാദൃശ്യമാണ് സല്‍മാന്‍ ഖാനെ സറീനിലേക്ക് എത്തിക്കുന്നത്.
സിനിമയിലെത്തുന്നതിന് മുമ്പ് കോള്‍ സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്നു സറീന്‍. പിന്നീട് ചില ബ്രാന്റുകളുടെ പ്രൊമോഷനുകളുടെ ഭാഗമാവുകയും മോഡലാവുകയുമായിരുന്നു. ഇതിനിടെയാണ് യുവരാജ് എന്ന സിനിമയുടെ സെറ്റില്‍ വച്ച് സറീന്‍ സല്‍മാന്‍ ഖാന്റെ ശ്രദ്ധയില്‍ പെടുന്നത്. പിന്നീട് വീര്‍ ഒരുക്കുമ്പോള്‍ സല്‍മാന്‍ നായികയായി സറീനെ തിരഞ്ഞെടുക്കുകയായിരുന്നു. വീറിന് ശേഷം ഹൗസ്ഫുള്‍ 2, അക്‌സര്‍ 2, ജാട്ട് ജെയിംസ് തുടങ്ങിയ സിനിമകളിലും സറീന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ സറീന്റെ കരിയര്‍ പ്രതീക്ഷിച്ചത് പോലെ കുതിച്ചുയര്‍ന്നില്ല.
കത്രീന കൈഫുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു സറീന്‍ ഖാന്‍. അതേസമയം ഇത് തന്നെയാണ് തന്റെ കരിയറില്‍ വെല്ലുവിളിയായതെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സറീന്‍ ഖാന്‍ പറയുന്നത്.

''വീറിന് ശേഷമുള്ള എന്റെ ജീവിതം വളരെ മോശമായിരുന്നു. എനിക്ക് ഒരുപാട് വിമര്‍ശനം നേരിടേണ്ടി വന്നു. എന്റെ ജീവിതം മാറ്റിയ സിനിമയായിരുന്നു അത്. തുടക്കത്തില്‍ കത്രീന കൈഫുമായി താരതമ്യം ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വളരെ മോശമായിക്കൊണ്ടിരുന്നു. എന്നെപ്പോലെ തടിയുള്ള ഒരാള്‍ക്ക് കത്രീനയുമായുള്ള താരതമ്യം ചെയ്യല്‍ വലിയ കാര്യമാണ്. പക്ഷെ അതെല്ലാം പിന്നീട് എനിക്ക് തിരിച്ചടിയായി'' എന്നാണ് സറീന്‍ പറയുന്നത്.
''ആളുകള്‍ എന്റെ വേഷത്തിന്റെ പേരില്‍ എന്നെ കളിയാക്കുമെന്ന് ഭയന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ മടിച്ചിരുന്ന കാലമുണ്ടായിരുന്നു. താരതമ്യം ചെയ്യല്‍ വളരെ നെഗറ്റീവായി മാറി. എന്നെ പല പേരുകളും വിളിച്ചു. അതോടെ ഞാന്‍ വീട്ടില്‍ തന്നെ ഇരിപ്പായി. എല്ലാവരും എന്നെ പരാജയമായിട്ടാണ് കണ്ടിരുന്നത്'' എന്നാണ് സറീന്‍ പറയുന്നത്. അവസാനമായി സറീന്‍ അഭിനയിച്ചത് ഹം ഭി അഖേലെ തും ഭി അഖേലെയിലായിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലായിരുന്നു സിനിമയുടെ റിലീസ്.


Click it and Unblock the Notifications











