എനിക്ക് വട്ടായെന്ന് കരുതരുതേ! സത്യത്തില്‍ സംഭവിക്കുന്നത് ഇതാണ്; ആരാധകനോട് അല്‍ഫോണ്‍സ്
ഒരൊറ്റ സിനിമ കൊണ്ട് മലയാള സിനിമയുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയുടെ തന്നെ ലാന്റ്‌സ്‌കേപ്പ് മാറ്റിമറിച്ച സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. നിവിന്‍ പോളിയെ സൂപ്പര്‍ താരമാക്കി മാറ്റിയ ചിത്രമായ പ്രേമം കേരളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. സിനിമാ പ്രേമികള്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസ് നേടിയെടുത്ത ചിത്രമാണ് പ്രേമം. കേരളത്തിലെ കോളേജുകളില്‍ പ്രേമം സ്റ്റൈല്‍ തീര്‍ത്ത ഓളം പറഞ്ഞറിയിക്കാന്‍ പറ്റില്ല.
ആദ്യ സിനിമ നേരത്തിലൂടെ തന്നെ വരവറിയിച്ച അല്‍ഫോണ്‍സ് പുത്രന്‍ രണ്ടാമത്തെ സിനിമയായ പ്രേമത്തിലൂടെ തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പ്രോമിസിംഗായ സംവിധായകരില്‍ ഒരാളായി മാറുകയായിരുന്നു. എന്നാല്‍ പ്രേമം കഴിഞ്ഞ് പിന്നെ അല്‍ഫോസ് പുത്രന്‍ ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കേണ്ടി വന്നത് ഏഴ് വര്‍ഷമാണ്. ഒടുവില്‍ പോയ വര്‍ഷം അല്‍ഫോണ്‍സ് പുത്രന്‍ സിനിമ തീയേറ്ററിലെത്തിയത്.

മൂന്നാമതും യാതൊരു പുതുമയുമില്ലാത്ത ചിത്രം എന്ന മുന്നറിയപ്പുമായാണ് അല്‍ഫോണ്‍സ് പുത്രനെത്തിയത്. ഗോള്‍ഡ് ആയിരുന്നു അല്‍ഫോണ്‍സിന്റെ തിരിച്ചുവരവ്. പൃഥ്വിരാജ് ആയിരുന്നു നായകന്‍. നായികയാകട്ടെ നയന്‍താരയും. ഒപ്പം ഷമ്മി തിലകന്‍, ലാലു അലക്‌സ്, മല്ലിക സുകുമാരന്‍, ബാബുരാജ് തുടങ്ങിയ നീണ്ടൊരു നിരയും. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ ചിത്രത്തിന് സാധിച്ചില്ല.
തന്റെ സിനിമയുടെ പരാജയത്തിന് പിന്നാലെ വിശദീകരണങ്ങളുമായി അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്ബുക്കിലെത്തിയെങ്കിലും ചിത്രത്തിന് കടുത്ത ട്രോളുകളാണ് നേരിടേണ്ടി വന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം സാക്ഷാല്‍ കമല്‍ ഹാസനുമായുള്ള അല്‍ഫോണ്‍സിന്റെ കൂടിക്കാഴ്ച സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കമലുമായുള്ള തന്റെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അല്‍ഫോണ്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഇതിനിടെ ഇപ്പോഴിതാ ഒരു ആരാധകന് അല്‍ഫോണ്‍സ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി മാറിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇതില്‍ താരം കമലിന്റെ പാട്ടിനൊപ്പം ചുണ്ട് ചലിപ്പിക്കുന്ന റീല്‍സുമൊക്കെയുണ്ടായിരുന്നു. താരത്തിന്റെ പോസ്റ്റിന് ഒരു ആരാധകന്‍ നല്‍കിയ കമന്റും അതില്‍ അല്‍ഫോണ്‍സ് നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.
അണ്ണാ സംശയാസ്പദമായി ഒന്നും ചെയ്യല്ലേ, പേടിയാകുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ പേടിക്കാനൊന്നുമില്ലെന്നും കമലിനെ കണ്ട ശേഷം തനിക്കൊരു പ്രത്യേക എനര്‍ജി ലഭിച്ചുവെന്നുമാണ് അല്‍ഫോണ്‍സ് പറയുന്നത്. ഇതോടെ താന്‍ കൂടുതല്‍ ക്രിയേറ്റീവ് ആകാന്‍ തീരുമാനിച്ചെന്നും തന്നെ കൂടുതല്‍ നന്നായി എക്‌സ്പ്രസ് ചെയ്യാന്‍ ഒരുക്കമായെന്നും അല്‍ഫോണ്‍സ് പറയുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

അതിന് ഇങ്ങനെയാണോ ചിന്തിക്കുന്നത്. കമല്‍ഹാസന്‍ സാറിനെ കണ്ട ശേഷം എനിക്കൊരു എനര്‍ജി കിട്ടി. അതിന് ശേഷം കുറേക്കൂടി ക്രീയേറ്റീവ് ആകണമെന്നും നിശബ്ദവും ഇന്‍ആക്ടീവുമായ വ്യാജ വ്യക്തിയായി ഇരിക്കുന്നതിലും നല്‍കുന്നത് എന്റെ യഥാര്‍ത്ഥ വ്യക്തിത്വം പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് തോന്നി. ഇപ്പോള്‍ റീലുകള്‍ ചെയ്യുകയും എഴുതുകയും കമ്പോസ് ചെയ്യുകയും നിങ്ങളൊക്കെയായും ബന്ധപ്പെടുകയും ചെയ്യുന്നു. മാറ്റം കാണാന്‍ സാധിക്കുന്നുണ്ടെന്നാണ് കരുതുന്നത് എന്നാണ് അല്‍ഫോണ്‍സിന്റെ മറുപടി.
സുഹൃത്തുക്കളേ ഇത് ശ്രദ്ധിക്കൂ. എനിക്ക് വട്ടായെന്ന് കരുതരുത്. എന്നെ തന്നെ എക്‌സ്പ്രസ് ചെയ്യുക മാത്രമാണ് ചെയ്യുന്നത് എന്ന ക്യാപ്ഷനോടെ തന്റെ മറുപടിയും അല്‍ഫോണ്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിനിടെ സംവിധായകന്റെ മറ്റ് പോസ്റ്റുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്.

നേരത്തിന് മുമ്പായി അല്‍ഫോണ്‍സ് പുത്രന്‍ നിവിന്‍ പോളിയേയും നസ്രിയ നസീമിനേയും ചേര്‍ത്തൊരുക്കിയ സംഗീത ആല്‍ബമായിരുന്നു യുവ്. ഇതിലെ നെഞ്ചോട് ചേര്‍ത്ത് എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. ഈ പാട്ടിന്റെ ചിത്രീകരണ വേളയില്‍ നിന്നുള്ള ചിത്രങ്ങളും അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
വീണ്ടും ഈ കോമ്പോയിലൊരു പടം ചെയ്യുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നസ്രിയയെ നായികയാക്കി വീണ്ടുമൊരു സിനിമ ചെയ്യുമോ എന്ന് ചോദിക്കുന്നവരുമുണ്ട്. നസ്രിയയ്ക്ക് ചേര്‍ന്നൊരു വേഷമുണ്ടെങ്കില്‍ വിളിക്കുമെന്നാണ് അല്‍ഫോണ്‍സ് നല്‍കുന്ന മറുപടി.


Click it and Unblock the Notifications











