തെറ്റുകള്‍ ചെയ്തിട്ടുണ്ട്, പക്ഷെ കുറ്റബോധമില്ല; ഇപ്പോള്‍ കൂടുതല്‍ സന്തോഷവതിയെന്ന് പറയുന്നവരോട് അഭയ
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ഗായിക അഭയ ഹിരണ്‍മയി. താരത്തിന്റെ ഫോട്ടോഷൂട്ടുകളും പാട്ടുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള മോശം സമീപനങ്ങളും അഭയയ്ക്ക് നേരിടേണ്ടി വരാറുണ്ട്.
ഗോപി സുന്ദറുമായിട്ടുള്ള അഭയയുടെ പ്രണയവും പ്രണയ തകര്‍ച്ചയും വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇരുവരും അതില്‍ നിന്നെല്ലാം ഒരുപാട് മുന്നോട്ട് പോന്നുവെങ്കിലും സോഷ്യല്‍ മീഡിയ പഴയതൊന്നും വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇപ്പോഴും അഭയയുടെ കമന്റ് ബോക്‌സില്‍ ഗോപി സുന്ദറിനെക്കുറിച്ച് സംസാരിക്കുന്നവരെ കാണാം. കഴിഞ്ഞ ദിവസം അഭയ പങ്കുവച്ച വീഡിയോയ്ക്കും സംഭവിച്ചത് ഇത് തന്നെയായിരുന്നു.

തന്റെ അമ്മയ്‌ക്കൊപ്പം പാടുന്നൊരു വീഡിയോയാണ് അഭയ പങ്കുവച്ചത്. മനോഹരമായ വീഡിയോ വൈറലായി മാറിയതോടെ ചിലര്‍ ഗോപി സുന്ദറിനെക്കുറിച്ചുള്ള കമന്റുമായി എത്തുകയായിരുന്നു. ഗോപി സുന്ദര്‍ ജീവിതത്തില്‍ നിന്നും പോയതോടെ അഭയ കൂടുതല്‍ സന്തോഷവതിയാണെന്നായിരുന്നു ചിലരുടെ പ്രതികരണങ്ങള്‍. ഇത്തരം കമന്റുകള്‍ക്ക് അഭയ തന്നെ മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ കൂടെ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്താക്കുകയാണ് അഭയ.
താന്‍ ഇപ്പോള്‍ കൂടുതല്‍ സന്തോഷിച്ച് കാണുന്നുവെന്ന് പറയുന്നവര്‍ തന്റെ പഴയ ജീവിതത്തെക്കുറിച്ച് അറിയാത്തവരാണന്നാണ് അഭയ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുച്ച കുറിപ്പിലൂടെയായിരുന്നു അഭയയുടെ പ്രതികരണം. ജീവിതത്തില്‍ തനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ടാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും അഭയ കുറിപ്പില്‍ പറയുന്നുണ്ട്.
''ഇപ്പോള്‍ നിന്നെ കാണാന്‍ കൂടുതല്‍ സന്തോഷവതിയായി തോന്നുന്നുവെന്ന് ആളുകള്‍ പറയുമ്പോള്‍, എനിക്കുണ്ടായിരുന്നു ജീവിതം നിങ്ങള്‍ കണ്ടിട്ടേയില്ല. ഞാന്‍ എല്ലായിപ്പോഴും സന്തോഷവതിയായ കുട്ടിയായിരുന്നു. എന്റെ അമ്മ പറയും പോലെ, എന്ത് സംഭവിച്ചാലും അവള്‍ ഹാപ്പിയാണ്. എനിക്കും തിരിച്ചടികളുണ്ടായിട്ടുണ്ട്. പക്ഷെ എന്റെ സന്തോഷം ഒരിക്കലും ആരേയും ആശ്രയിച്ചിട്ടുള്ളതായിരുന്നില്ല'' അഭയ പറയുന്നു.

ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങളെല്ലാവരേയും പോലെ എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ എനിക്ക് അതില്‍ യാതൊരു കുറ്റബോധവുമില്ല. ജീവിതം എന്നും പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. തെറ്റുകള്‍ വരുത്തുക, അതില്‍ നിന്നും പഠിക്കുക. അടുത്ത തെറ്റ് വരുത്തുക. അതില്‍ നിന്നും പഠിക്കുക. അങ്ങനെയാണ് ജീവിക്കേണ്ടത്. പ്രസന്റായിരിക്കുക. നിങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതം ജീവിക്കുക. നിങ്ങള്‍ക്ക് എന്റെ റോസാപൂക്കള്‍, എന്നു പറഞ്ഞാണ് അഭയ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പിന്നാലെ കമന്റുമായി ആരാധകരെത്തി. ഇപ്പോള്‍ നിങ്ങള്‍ കൂടുതല്‍ സന്തോഷവതിയായി കാണുന്നു. കാണുന്നതല്ലേ അഭയ ഹിരണ്‍മയി പറയാന്‍ പറ്റൂ എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങള്‍ ഇപ്പോള്‍ കാണുന്ന കാഴ്ച ഞാന്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കൂടെ അറിയുന്നു. പണ്ടു ഞാന്‍ ആഗ്രഹിച്ചില്ല എന്നേ പറഞ്ഞുള്ളൂ എന്നായിരുന്നു അതിന് അഭയ നല്‍കിയ മറുപടി. നിരവധി പേരാണ് താരത്തിന് പിന്തുണയും സ്നേഹവും അറിയിച്ചെത്തുന്നത്.


Click it and Unblock the Notifications











