മഞ്ജു ചേച്ചി സെറ്റിലെ എല്ലാവരുടേയും പേരെടുത്ത് ഹലോ പറയും, കൂടെ അഭിനയിക്കുമ്പോ ടെന്‍ഷനായി: അഭിരാമി
വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് അഭിരാമി. പത്രം, ഞങ്ങള്‍ സന്തുഷ്ടരാണ്, വിരുമാണ്ടി തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയില്‍ നിറഞ്ഞു നിന്നിരുന്ന അഭിരാമി ഈയ്യടുത്താണ് ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്ത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനൊപ്പം അഭിനയിക്കുന്ന സിനിമയടക്കം ചെയ്തു കൊണ്ട് വീണ്ടും സജീവമായി മാറുകയാണ് അഭിരാമി.
താനൊരു മഞ്ജു വാര്യര്‍ ആരാധികയാണെന്നാണ് അഭിരാമി പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മ അഭിരാമി പങ്കുവെക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കുമ്പോള്‍ പോലും അനുഭവിക്കാത്ത ടെന്‍ഷനാണ് മഞ്ജുവിനൊപ്പം അഭിനയിച്ചപ്പോള്‍ നേരിട്ടതെന്നാണ് അഭിരാമി പറയുന്നത്.

ആ സമയത്താണ് പത്രം എന്ന ചിത്രത്തില്‍ അവസരം കിട്ടിയത്. സമ്മര്‍ ഇന്‍ ബത്‌ലഹേം റിലീസ് ചെയ്ത സമയമായിരുന്നു. ഞാനും അച്ഛനും അമ്മയും കൂടി പോയാണ് ആ ചിത്രം കണ്ടത്. അതിന്റെ ഓര്‍മ്മകളൊക്കെയായി സെറ്റില്‍ എത്തിയപ്പോള്‍ ഒരു വശത്ത് ഡെന്നിസ് ആയി അഭിനയിച്ച സുരേഷ് ഗോപി. തൊട്ടപ്പുറത്ത് അഭിരാമി എന്ന ആമിയായി വന്ന മഞ്ജു വാര്യര്‍. ആ ഓര്‍മ്മയില്‍ സുരേഷേട്ടന്‍ മാത്രം ഇപ്പോഴും എന്നെ ആമി എന്നാണ് വിളിക്കുന്നത്. ബാക്കിയെല്ലാവര്‍ക്കും ഞാന്‍ അഭിയാണെന്നും അഭിരാമി പറയുന്നു.
ബിജു ചേട്ടനും ഏറെക്കുറെ തുടക്കക്കാരനായിരുന്നു പത്രത്തില്‍. ഞങ്ങള്‍ പെട്ടെന്ന് കൂട്ടായി. ആ സിനിമയില്‍ ഒരുപാട് മുതിര്‍ന്ന അഭിനേതാക്കള്‍ ഉണ്ടായിരുന്നു. മുരളി അങ്കിള്‍, എന്‍എഫ് വര്‍ഗ്ഗീസ് അങ്കിള്‍, പിന്നെ ജോഷി സാറും രഞ്ജി പണിക്കര്‍ സാറും. എന്നെ എല്ലാവരും കൊച്ചുകുട്ടിയായിട്ടായിരുന്നു കണ്ടിരുന്നത്. ചെറിയ വേഷം ആയിരുന്നെങ്കിലും അത്യാവശ്യം ഡയലോഗുകള്‍ ഉള്ള കഥാപാത്രം ആയിരുന്നു പത്രത്തിലെ ശില്‍പയെന്നും താരം പറയുന്നു.
അതില്‍ ഞാന്‍ ബിജു ചേട്ടനെ ഫോണില്‍ വിളിച്ച് ചീത്ത പറയുന്ന രംഗവും ഉമ്മ ചോദിക്കുന്ന രംഗവുമൊക്കെ ഉണ്ട്. ഇപ്പോള്‍ അതൊക്കെ കാണുമ്പോള്‍ എനിക്ക് അയ്യേ എന്താണ് കാണിച്ചു വച്ചേക്കുന്നത് എന്ന് തോന്നുമെന്നും അഭിരാമി പറയുന്നു.
മഞ്ജു ചേച്ചിയെ ഞാന്‍ പലതവണ സെറ്റില്‍ ആരാധനയോടെ നോക്കിയിരുന്നിട്ടുണ്ട്. ചേച്ചി സെറ്റില്‍ വന്നാല്‍ ആദ്യം അവിടുത്തെ എല്ലാ മനുഷ്യരോടും ഹലോ പറയും. എല്ലാവരുടേയും പേരറിയാം ചേച്ചിയ്ക്ക്. ചേട്ടാ സുഖാണോ എന്നൊക്കെ പേര് പറഞ്ഞ് ചോദിക്കും. ചേച്ചി വന്നു കഴിഞ്ഞാല്‍ ആകെ സന്തോഷവും ഊര്‍ജ്ജവും ആണ് അവിടെയെന്നാണ് അഭിരാമി ഓര്‍ക്കുന്നത്.
ചേച്ചിയോട് ഞാന്‍ അധികം സംസാരിച്ചിട്ടു പോലുമില്ല. എനിക്ക് കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു. സുരേഷേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ പോലും അത്ര ടെന്‍ഷന്‍ തോന്നിയിട്ടില്ല. ഷോട്ടിന്റെ സമയം ആകുമ്പോള്‍ പുള്ളിക്കാരി അധികം സംസാരിക്കാതെ എവിടെയെങ്കിലും മാറിപ്പോകും. ഞാനിതൊക്കെ നോക്കിയിരിക്കുമായിരുന്നുവെന്നും താരം പറയുന്നു. തന്റെ ഭര്‍ത്താവിനെക്കുറിച്ചും തങ്ങളുടെ പ്രണയ വിവാഹത്തെക്കുറിച്ചും അഭിമുഖത്തില്‍ അഭിരാമി സംസാരിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് സിനിമാ പശ്ചാത്തലമില്ലാത്ത ഒരു കുടംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ ഗോപികുമാറും അമ്മ പുഷ്പയും ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു. ഞാന്‍ ഒറ്റമകളാണ്. എന്റെ വീടിന്റെ തൊട്ടടുത്താണ് സ്‌കൂള്‍. സ്ഥിരമായി ലവ് ലെറ്റര്‍ തരികയും വീട്ടിലേക്ക് ഫോണ്‍ വിളിക്കുകയും ചെയ്തിരുന്ന കുറേ പേര്‍ ഉണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാനും രാഹുലും സുഹൃത്തുക്കളായിരുന്നുവെന്നാണ് അഭിരാമി പറയുന്നത്.
പിന്നീട് പുള്ളി യുഎസില്‍ വന്നപ്പോള്‍ എന്നെ വിളിച്ചു. ഞങ്ങളുടെ സൗഹൃദം വളര്‍ന്നു. പ്രണയമായി. അങ്ങനെ വിവാഹം കഴിച്ചു. സാഹിത്യകാരന്‍ പവനന്റെ കൊച്ചുമകനാണ് രാഹുല്‍. അദ്ദേഹത്തിന് സ്വന്തമായി കണ്‍സള്‍റ്റിങ് കമ്പനിയുണ്ട്. ഞങ്ങള്‍ക്ക് ഒരു മകളുണ്ട്. കല്‍ക്കി. ഒന്നര വയസായി. ബാംഗ്ലൂരിലാണ് ഞങ്ങള്‍ താമസിക്കുന്നതെന്നും താരം പറയുന്നു.


Click it and Unblock the Notifications