കുട്ടിയെ പറഞ്ഞ് പഠിപ്പിച്ചതല്ല, അമ്മ കരയുന്നത് കണ്ടാണ് വീഡിയോ ഇട്ടത്; ലാപ്‌ടോപ് ചോദിച്ചുവെന്നത് പച്ചക്കള്ളം!
അമൃത സുരേഷിന്റെ തുറന്നു പറച്ചിലുകള്‍ക്കു ശേഷവും തുടരുന്ന സൈബര്‍ ആക്രമണത്തിനെതിരെ സഹോദരി അഭിരാമി സുരേഷ്. ബാലയ്‌ക്കെതിരെ മകള്‍ സംസാരിച്ച് ആരും പറഞ്ഞു കൊടുത്തിട്ടല്ലെന്നും തന്റെ അമ്മ വേദനിക്കുന്നത് കണ്ട് മകള്‍ എന്ന നിലയില്‍ പ്രതികരിച്ചു പോയതാണെന്നാണും അഭിരാമി സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
സാധാരണ ഞാന്‍ ഇത് വീഡിയോയിലൂടെയാണ് അഭിസംബോധന ചെയ്യുക. പക്ഷെ ഇന്ന് ഞാന്‍ തകര്‍ന്നിരിക്കുകാണ്. വൈകാരികമായി തകര്‍ന്നിരിക്കുകയാണ്. ധീരതയുടെ മുഖം എടുത്തളിഞ്ഞ് വന്നിരുന്ന് സംസാരിക്കാനാകില്ല. എന്റെ പോസിറ്റിവിറ്റി കൊണ്ട് പിടിച്ചുയര്‍ത്താന്‍ ശ്രമിച്ച ആളുകളിലുണ്ടായിരുന്ന വിശ്വാസം തന്നെ നഷ്ടമായിരിക്കുന്നു. അവിശ്വാസത്തിന്റെയും ദുഃഖത്തിന്റെയും അതിരുകള്‍ക്കപ്പുറത്തേക്ക് എന്നെ തള്ളിവിട്ട, വേദനിപ്പിക്കുന്ന ഒരു സത്യം പങ്കുവെക്കാനാണ് ഈ സന്ദേശത്തിന്റെ കാരണം.

അടുത്തിടെ, എന്റെ സഹോദരീപുത്രിയായ 12 വയസ്സുള്ള കുട്ടിയെക്കുറിച്ച് ഒരുപാട് നുണകളാണ് പ്രചരിപ്പിക്കപ്പെട്ടത്. അതിന്റെ ക്രൂരത അസഹനീയമാണ്. തന്റെ പിതാവ് അസുഖബാധിതനായി ആശുപത്രിയില്‍ കിടപ്പിലായപ്പോള്‍ അവള്‍ സന്ദര്‍ശിക്കുകയും ലാപ്ടോപ്പ് ആവശ്യപ്പെട്ടുവെന്നും തെറ്റായ വാദം ഉയര്‍ന്നിരുന്നു. അവള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചുവെന്നത് സത്യമാണെങ്കിലും, ഈ സംസാരം ഒരിക്കലും നടന്നിട്ടില്ല. അവളുടെ പ്രതിച്ഛായ തകര്‍ക്കാനും അവളുടെ ആത്മാവിനെ തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള വളച്ചൊടിച്ച കെട്ടുകഥയായിരുന്നു അത്. ഇതൊരു ചെറിയ തെറ്റിദ്ധാരണ മാത്രമായിരുന്നില്ല. ഒരു നിരപരാധിയായ കുട്ടിയെ അത്യാഗ്രഹിയായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു. എന്തിന് വേണ്ടി? ഇതിനകം തന്നെ തകര്‍ന്നുപോയ ഒരു കുടുംബത്തിന് മേല്‍ മറ്റൊരു മുറിവ് വരുത്താനോ?
ഇന്നത്തെ കുട്ടികള്‍ മുന്‍ തലമുറകളെപ്പോലെയല്ല. ഒന്നോ രണ്ടോ വയസ്സ് മുതല്‍, മൊബൈല്‍ ഫോണുകളിലേക്കും ടാബ്ലെറ്റുകളിലേക്കും എത്തുന്ന അവര്‍ നാല് വയസ്സാകുമ്പോഴേക്കും, ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ഡിജിറ്റല്‍ ലോകത്ത് എളുപ്പത്തില്‍ സഞ്ചരിക്കുന്നു. അവര്‍ സാങ്കേതികമായി അവബോധമുള്ളവരും, അറിവുള്ളവരും, അവരുടെ പ്രായത്തില്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ സ്വയം എങ്ങനെ അവതരിപ്പിക്കണമെന്ന് അറിയുന്നവരുമാകും. ഞങ്ങളുടെ കുട്ടിയും വ്യത്യസ്തയല്ല. അവള്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു വ്‌ലോഗര്‍ ആയതാണ്, തനിക്ക് തോന്നുമ്പോള്‍ സ്വന്തം താല്‍പര്യം അനുസരിച്ച് വീഡിയോ ചെയ്ത് സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.അവള്‍ തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത ഒരു നിഷ്‌ക്രിയ കുട്ടിയുമല്ല. താന്‍ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് അറിവുള്ളവളും അതുമായി സംവദിക്കുകയും ഇടപെടുകയും ചെയ്യുന്നവളുമാണ്.
ഏറ്റവും വേദനാജനകമായ കാര്യം എന്തെന്നാല്‍, ആളുകള്‍ അവളുടെ സത്യസന്ധമായ പ്രസ്താവനകളെ എങ്ങനെ പൂര്‍ണ്ണമായും അവഗണിക്കുന്നു, അവളുടെ അമ്മ അവളെ ബ്രെയിന്‍വാഷ് ചെയ്തുവെന്ന് പറയുന്നതാണ്. രണ്ടോ മൂന്നോ വയസ്സുള്ള ഒരു കുട്ടിക്ക് ആഘാതകരമായ സംഭവങ്ങള്‍ ഓര്‍ക്കാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍ അത് സത്യമല്ല. വളരെ ചെറിയ പ്രായത്തില്‍ പോലും, ആഘാതകരമായ അനുഭവങ്ങള്‍ ഒരു കുട്ടിയുടെ മനസ്സില്‍ ശാശ്വതമായ മുദ്ര പതിപ്പിക്കുന്നു എന്നത് മനഃശാസ്ത്രത്തിന്റെയും മനോരോഗചികിത്സയുടെയും പിന്‍ബലത്തില്‍, രേഖപ്പെടുത്തപ്പെട്ട വസ്തുതയാണ്.
ഒരു കുട്ടി വളരുന്നതുകൊണ്ട് മാത്രം ഈ ഓര്‍മ്മകള്‍ മായ്ക്കപ്പെടുന്നില്ല. പകരം, അവ മനസില്‍ തങ്ങി കിടക്കും. ചിലപ്പോള്‍ മറഞ്ഞിരുന്നുവെങ്കിലും എല്ലായ്പ്പോഴും അവിടെയുണ്ട്, ട്രിഗര്‍ ചെയ്യപ്പെടുമ്പോള്‍ അവ വീണ്ടും ഉയര്‍ന്നുവരുന്നു, മൂര്‍ച്ചയുള്ളതും വ്യക്തവുമായിരിക്കുമത്. മറക്കാനുള്ള അവസരം ലഭിക്കാത്തതിനാല്‍ ഞങ്ങളുടെ കുട്ടി ഒന്നും മറന്നില്ല. തുടക്കത്തിലെ ട്രൊമാറ്റിക് സംഭവങ്ങള്‍ക്ക് ശേഷം, വിവാഹമോചന നടപടികളിലും അതിനപ്പുറവും അവളുടെ പിതാവ് കുടുംബത്തെ കൂടുതല്‍ വേദനിപ്പിച്ചു കൊണ്ടിരുന്ന അന്തരീക്ഷത്തില്‍ അവള്‍ തുടര്‍ന്നു. അവള്‍ കോടതിയിലേക്ക് വലിച്ചിഴക്കപ്പെട്ടു. ഒരു കുട്ടിക്കും ഒരിക്കലും സഹിക്കാന്‍ പാടില്ലാത്ത ഒരു അനുഭവം. ഈ നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ അവള്‍ക്ക് ആ വേദനാജനകമായ ഓര്‍മ്മകളെ കുഴിച്ചുമൂടുന്നത് അസാധ്യമാക്കി. അതിനാല്‍, ഇത് അവളുടെ മനസ്സില്‍ പതിഞ്ഞ ഒന്നായിരുന്നില്ല, മറിച്ച് ഇത് അവളുടെ യാഥാര്‍ത്ഥ്യമായിരുന്നു, അതിനെക്കുറിച്ച് സംസാരിക്കാനുള്ള ധൈര്യവും അവള്‍ക്കുണ്ടായിരുന്നു.
അതിലും വേദനിപ്പിക്കുന്ന കാര്യം, വിശ്വസിക്കുന്നതിനുപകരം അവളെ വിധിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു എന്നതാണ്. ഓര്‍ത്തിരിക്കാന്‍ വളരെ ചെറുപ്പമാണെന്നും സത്യം അറിയാന്‍ ചെറുപ്പമാണെന്നും അവകാശപ്പെട്ട് ആളുകള്‍ അവളെ ഉപദ്രവിച്ചയാളുടെ പക്ഷം ചേര്‍ന്നു. പക്ഷേ അവള്‍ക്കറിയാമായിരുന്നു, മറ്റാരും അങ്ങനെ ചെയ്യില്ലെന്ന് അവള്‍ മനസ്സിലാക്കിയതിനാല്‍ അവള്‍ സംസാരിച്ചു. അവളുടെ ധീരമായ പ്രവൃത്തി ആരും നിര്‍ബന്ധിച്ചതിന്റെയോ അല്ലെങ്കില്‍ അവളെ മാനുപ്പുലേറ്റ് ചെയ്തതിന്റെയോ ഫലമായിരുന്നില്ല. തന്റെ അമ്മ ആക്രമിക്കപ്പെടുന്നത് കണ്ട് അവള്‍ക്കുവേണ്ടി നിലകൊള്ളാന്‍ തീരുമാനിച്ച ഒരു കുട്ടിയുടെ ധീരമായ തീരുമാനമായിരുന്നു അത്. ആളുകള്‍ തന്നെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്യുമെന്ന് നന്നായി അറിഞ്ഞിട്ടാണ് അവള്‍ ഇത് ചെയ്തത്. അതാണ് അവളുടെ ശക്തി.
എന്റെ സഹോദരി ഒരുപാട് കഷ്ടപ്പെട്ടു. 18-19 വയസ്സില്‍ നടന്ന, തന്നെ തകര്‍ത്ത ദുരന്തമായി മാറിയ വിവാഹത്തിന് ശേഷം അവള്‍ അവളുടെ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചു. അവളുടെ സ്ഥാനത്തുള്ള പല സ്ത്രീകളെയും പോലെ അവളും പൂര്‍ണമായും ശരിയല്ലാത്ത ചല തിരഞ്ഞെടുപ്പുകള്‍ നടത്തി, സമാധാനവും സ്‌നേഹവും ആവശ്യമായി വന്നപ്പോള്‍ എടുത്ത തീരുമാനങ്ങളായിരുന്നു അവ. ട്രോമ നമ്മളെ വ്യക്തമായ മനസ്സോടെ വിടുകയില്ല. അത് നിങ്ങളുടെ വിവേചന ശേഷിയ ബാധിക്കും. ചിലപ്പോള്‍ ആശ്വാസം പോലെ തോന്നുന്ന കാര്യങ്ങളില്‍ നിങ്ങള്‍ എത്തിച്ചേരും. അതാണ് അവള്‍ ചെയ്തത്, അത് തെറ്റാണെന്ന് മനസ്സിലായപ്പോള്‍ അവള്‍ പടിയിറങ്ങി. അവളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് അവള്‍ ഒളിച്ചോടിയില്ല. അവള്‍ കുടുംബത്തെ ഉപേക്ഷിച്ചില്ല. സ്വയം മല്ലിടുമ്പോഴും ഞങ്ങളെ സംരക്ഷിച്ചും പിന്തുണച്ചും അവള്‍ എപ്പോഴും ഉണ്ടായിരുന്നു
വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് ഒടുവിലായി സന്തോഷം കണ്ടെത്താന്‍ ശ്രമിച്ചതിന് അവളെ വിധിച്ച അതേ ആളുകള്‍ ഇപ്പോള്‍ അവളെ ഉപദ്രവിച്ചയാളുടെ പക്ഷം പിടിക്കുന്നു എന്നതാണ് ഏറ്റവും മോശം കാര്യം. അവര്‍ അവന്റെ നുണകള്‍ വിശ്വസിക്കുന്നു, അവര്‍ അവന്റെ ശബ്ദത്തിന് ശക്തി നല്‍കുന്നു. അതിജീവിക്കാന്‍ ശ്രമിക്കുന്നു, അവളുടെ കുടുംബത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന, മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒരു സ്ത്രീയോട് അവര്‍ പുറം തിരിഞ്ഞു നില്‍ക്കുന്നു. കുറച്ച് ഫോട്ടോകളില്‍ പുഞ്ചിരിക്കുന്നതോ അവള്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളുടെ പെരുമാറ്റം പ്രതിഫലിപ്പിക്കുന്നതോ കുറ്റകരമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? വര്‍ഷങ്ങളുടെ അവഗണനയ്ക്കും വേദനയ്ക്കും ശേഷം അവള്‍ ഒരിക്കല്‍ തനിക്കായൊരു തിരഞ്ഞെടുപ്പ് നടത്തി. അതിനാണോ നിങ്ങള്‍ അവളെ അവഹേളിക്കുന്നത്?
അവള്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നതാണ് സത്യം. വര്‍ഷങ്ങളോളം പീഡിപ്പിക്കപ്പെട്ട് സമാധാനം തേടിയതല്ലാതെ മറ്റൊന്നും ചെയ്തില്ല, ആ സമാധാനം ഹാനികരമായ ഒന്നായി മാറിയപ്പോള്‍ അവള്‍ നടന്നകന്നു. എന്നിട്ടും, അവളെ പിന്തുണയ്ക്കേണ്ട ആളുകളാല്‍ തന്നെ അവള്‍ ഇപ്പോള്‍ നിന്ദിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവളുടെ മുന്‍ പങ്കാളി അവളെ പൊതുസമൂഹത്തിലേക്ക് വലിച്ചിഴയ്ക്കുകയും പരിഹാസത്തിനും മോറല്‍ അബ്യസിന് വിധേയയാക്കുകയും ചെയ്തപ്പോള്‍, നിങ്ങള്‍ എവിടെയായിരുന്നു? നിങ്ങളുടെ വിധിക്കലുകളാല്‍ ഛിന്നഭിന്നമായപ്പോള്‍ കുടുംബത്തെ ചേര്‍ത്തുപിടിച്ച് അവള്‍ ഒറ്റയ്ക്ക് കരയുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? അവന്റെ നുണകള്‍ കേള്‍ക്കുന്നതിന്റെ തിരക്കിലായിരുന്നു നിങ്ങള്‍. അവന്റെ ക്രൂരതയുടെ തീ ആളി കത്തിക്കുന്ന തിരക്കിലായിരുന്നു.
ഇപ്പോള്‍ ഞങ്ങളുടെ അച്ഛന്‍ ഇല്ല, ഞങ്ങളുടെ കുടുംബത്തിലെ പുരുഷന്റെയും സ്ത്രീയുടെയും വേഷം ഏറ്റെടുക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. പിന്തുണയ്ക്കായി ഞങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തുമ്പോള്‍, ഞങ്ങള്‍ നേരിടുന്നത് ചില വ്യക്തികള്‍ വര്‍ഷങ്ങളായുള്ള മാനുപ്പുലേഷനും കളവും കാരണം ശക്തമായി മാറിയ നിന്ദയും നിര്‍ദയമായ പരിഹാസവുമാണ്. ഒരു പിഞ്ചു കുട്ടിയും പ്രായമായ അമ്മയും ശുശ്രൂഷിക്കാന്‍ ഉള്ളതിനാല്‍ എഴുന്നേറ്റു നിന്ന് പോരാടുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. അവസാന ശ്വാസം വരെ നമ്മള്‍ പോരാടും. ഞങ്ങള്‍ പരാജയപ്പെടുന്നത് കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ ശ്വാസം ഞങ്ങളില്‍ നിന്ന് അകറ്റാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം. എന്നാല്‍ ഇതറിയുക: ലോകം ഞങ്ങളെ ഉച്ചത്തിലും വ്യക്തമായും കേള്‍ക്കും. ഈ കഷ്ടപ്പാട് നിങ്ങളുടെ കൈകളിലാണ്.

ഇതൊക്കെയാണെങ്കിലും ഞങ്ങള്‍ വിട്ടുകൊടുക്കില്ല. മറ്റാരും ചെയ്യാത്തപ്പോള്‍ അമ്മയ്ക്ക് വേണ്ടി നിലകൊണ്ട ഈ ധീരയായ പെണ്‍കുട്ടിക്ക് വേണ്ടി നമ്മള്‍ പോരാടും. വര്‍ഷങ്ങളോളം സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വേദനയിലൂടെ കടന്നു പോവുകയും കരയുകയും കഷ്ടപ്പെടുകയും ചെയ്ത, ഞങ്ങളെ ഒരുമിച്ച് ചേര്‍ത്ത ഞങ്ങളുടെ അമ്മയ്ക്കായി ഞങ്ങള്‍ പോരാടും. അവര്‍ക്ക് 60 വയസ്സിനു മുകളിലാണ് പ്രായം, മിക്ക ആളുകള്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതിലും കൂടുതല്‍ അവര്‍ സഹിച്ചു. അവര്‍ സമാധാനം അര്‍ഹിക്കുന്നു, അവര്‍ സ്‌നേഹം അര്‍ഹിക്കുന്നു, അവരുടെ അന്തസ്സിനും കുടുംബത്തിനുമെതിരായ ഈ നിരന്തരമായ ആക്രമണത്തില്‍ നിന്ന് സ്വതന്ത്രയാകാന്‍ അവര്‍ അര്‍ഹയാണ്.
ഞങ്ങള്‍ക്ക് കുറവുകളുണ്ടാകാം, ഞങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം, പക്ഷേ അതൊന്നും നമ്മള്‍ അനുഭവിച്ച നരകത്തെ ന്യായീകരിക്കുന്നില്ല. ഞങ്ങള്‍ കഷ്ടപ്പെട്ടു, ഞങ്ങള്‍ പോരാടി, പക്ഷേ ഞങ്ങള്‍ പിന്നോട്ട് പോകില്ല. ഞങ്ങള്‍ പോരാട്ടം തുടരും, കാരണം ഇത് ഞങ്ങളെ സംബന്ധിച്ചുള്ള കാര്യമല്ല - ഇത് വളരെയധികം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ക്രൂരതയ്ക്കും അനീതിക്കുമെതിരെ നിലകൊള്ളുന്നതിനെക്കുറിച്ചാണ്.
ഞങ്ങള്‍ വിട്ടുകൊടുക്കില്ല. ഇപ്പോഴുമില്ല, ഒരിക്കലുമില്ല. ഞങ്ങള്‍ പോരാടുന്നത് തുടരും, ശരിയായതിന് വേണ്ടി നിലകൊള്ളും, ഞങ്ങളെ വേര്‍പെടുത്താന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കും. കാരണം ഞങ്ങള്‍ അല്ലെങ്കില്‍, ആരു ചെയ്യും?


Click it and Unblock the Notifications