സുരേഷ് അങ്കിള്‍ അച്ഛനെ പോലെ, പരസ്യമായി മാപ്പ് പറഞ്ഞിട്ടും തീരാത്തത് സങ്കടം! പ്രതികരിച്ച് അഭിരാമി
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിവാദത്തില്‍ കുടുങ്ങഇയിരിക്കുകയാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ചായിരുന്നു സംഭവം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇതിനിടെയാണ് താരം തന്നോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുന്നത്. ഉടനെ തന്നെ മാധ്യമ പ്രവര്‍ത്തക ഒഴിഞ്ഞു മാറിയെങ്കിലും അദ്ദേഹം വീണ്ടും കൈവച്ചതോടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് കൈ എടുത്തു മാറ്റേണ്ടി വരികയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായി മാറുകയും ചെയ്തു.
പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും സുരേഷ് ഗോപിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഒടുവില്‍ സംഭവത്തില്‍ സുരേഷ് ഗോപി മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാല്‍ ഗോപിയുടെ മാപ്പ് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ നിലപാട്. ഈ സംഭവത്തിന് പിന്നാലെ സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. മിമിക്ര താരങ്ങളുടെ സംഘടനയായ മായും താരത്തിന് പിന്തുണയായി എത്തുകയുണ്ടായി.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അഭിരാമിയുടെ പ്രതികരണം. മാധ്യമ പ്രവര്‍ത്തകയ്ക്കുണ്ടായ ബുദ്ധിമുട്ടില്‍ വിഷമമുണ്ടെന്ന് അഭിരാമി പറയുന്നു. അതേസമയം സുരേഷ് ഗോപി അച്ഛനെ പോലെയാണെന്നും താരം പറയുന്നുണ്ട്. പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫ് ചെയ്ത് വച്ചാണ് അഭിരാമിയുടെ പ്രതികരണം.
ഞാന്‍ ഒരു വശം ചേരാനല്ല വന്നിരിക്കുന്നത്. പക്ഷെ എനിക്ക് അടുത്തറിയുന്ന ഒരാളെക്കുറിച്ച് എന്തെങ്കിലും കേള്‍ക്കുകയോ കാണുകയോ ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ അതെന്നെ ട്രിഗര്‍ ചെയ്യാറുണ്ട്. ഈ സാഹചര്യത്തില്‍, പരസ്യമായി മാപ്പ് പറഞ്ഞിട്ടും കാര്യങ്ങള്‍ നന്നായി അവസാനിച്ചില്ല എന്നത് സങ്കടകരമാണെന്നാണ് അഭിരാമി പറയുന്നത്.
ആ മാധ്യമപ്രവര്‍ത്തകയ്ക്ക് അനുഭവപ്പെട്ട കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. സത്യസന്ധമായി തന്നെ. അവര്‍ക്ക് അനുഭവപ്പെട്ട രീതിയോട് യാതൊരു അനാദരവുമില്ല. ഏതെങ്കിലും തരത്തില്‍ അപമാനിക്കപ്പെട്ടുവെന്ന് ആ സഹോദരിയ്ക്ക് തോന്നിയെങ്കില്‍ സങ്കടമുണ്ട്. ചേച്ചി, സോറി എന്ന് അഭിരാമി പറയുന്നു.
പക്ഷെ സുരേഷ് അങ്കിള്‍, അദ്ദേഹം അച്ഛനെ പോലെയാണ്. ഞങ്ങള്‍ക്ക് അദ്ദേഹത്തെ വര്‍ഷങ്ങളായി അറിയാം. അദ്ദേഹത്തെ എനിക്ക് അറിയുന്നത് വച്ച് പറയുകയാണെങ്കില്‍ അദ്ദേഹത്തിന് ഒരു ശരീര ഭാഷയുണ്ട്, ലൗഡ് ആയ ജെസ്റ്ററുകളും. പക്ഷെ അതിനെ അതിക്രമമായി വ്യാഖ്യാനിക്കുക സാധ്യമല്ല. പൊതു ഇടത്ത് ആ സഹോദരിയോട് പരിധി വിട്ട് പെരുമാറുക എന്നതിക്കുറിച്ച് അദ്ദേഹം വിദൂരത്ത് പോലും ചിന്തിച്ചിട്ടുണ്ടാകില്ല. എല്ലാം നന്നായി തീരട്ടെ എന്ന് പ്രതീക്ഷിക്കുന്നു. അങ്കിള്‍, സോറി എന്ന് അഭിരാമി പറയുന്നു.
എനിക്ക് തോന്നിയത് എന്തെന്നാല്‍, അവര്‍ നിന്നത് അദ്ദേഹത്തിന്റെ മുന്നിലായാണ്. അദ്ദേഹം തന്റെ സ്പീച്ച് അവസാനിക്കാന്‍ ഒരുങ്ങുകയായിരുന്നു. അദ്ദേഹം പലവട്ടം അവിടെ നിന്നും പോകാനായി ശ്രമിച്ചത് പോലെയാണ് തോന്നിയത്. എന്റേത് പോലത്തെ ചിന്ത പങ്കുവെക്കുന്ന കുറച്ച് വീഡിയോകള്‍ കാണാനിടയാവുകയും ചെയ്തുവെന്നും താരം പറയുന്നു.
പക്ഷെ ഞാന്‍ എന്നും പറയാറുള്ളത് പോലെ, സമ്മതമില്ലാതെ ദേഹത്ത് എവിടെയെങ്കിലും സ്പര്‍ശിക്കുന്നതും അതില്‍ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്നത് ശാരീരിക സ്വകാര്യതയുടെ ഭാഗം തന്നെയാണ്. പക്ഷെ ഞാന്‍ വീണ്ടും പറയുന്നു, അതിന്റെയെല്ലാം ഗൗരവ്വം എന്ത് എവിടെ എങ്ങനെ എപ്പോള്‍ എന്നതിനെയെല്ലാം പരിഗണിച്ചിരിക്കുന്നു. വ്യക്തിപരമായി പരസ്യമായ മാപ്പ് പറച്ചിലിനും ഇതിനൊരു അവസാനമുണ്ടാക്കാന്‍ സാധിക്കാത്തതില്‍ എനിക്ക് വിഷമമുണ്ടെന്നും അഭിരാമി പറയുന്നു.

നേരത്തെ നടി അശ്വതിയും സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഒരു നല്ല മനുഷ്യന്‍. ഒരു നല്ല മനുഷ്യ സ്നേഹി. അകാലത്തില്‍ വിധി അടര്‍ത്തി മാറ്റിയ പൊന്നോമനയുടെ ഓര്‍മ്മകള്‍ ഇന്നും ഹൃദയത്തില്‍ പേറുന്ന ഒരു നല്ല അച്ഛനാണെന്നുമാണ് സുരേഷ് ഗോപിയെക്കുറിച്ച് അശ്വതി പറഞ്ഞത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുതെന്നാണ് അശ്വതി പറഞ്ഞത്. തന്റെ പ്രവര്‍ത്തി ആ കുട്ടിയെ വേദനിപ്പിച്ചു എന്ന് അറിഞ്ഞ നിമിഷം തന്നെ നിരുപാധികം ക്ഷമ ചോദിച്ചത് തന്നെ ആ മനസിന്റെ വലിപ്പമെന്നും അശ്വതി പറഞ്ഞിരുന്നു.
സ്ത്രീ സംരക്ഷണത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ വ്യക്തി ഹത്യ നടത്താനും രാഷ്ട്രീയ മുതലെടുപ്പിനും ആയി ഉപയോഗിക്കാതിരിക്കുക. അതിന് ലഭിക്കുന്ന തിരിച്ചടികളുടെ കാലം വിദൂരം അല്ലെന്നും അശ്വതി തന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു. നേരത്തെ സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി ഒരിക്കലും മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടുള്ള വ്യക്തിയല്ലെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.


Click it and Unblock the Notifications