നിങ്ങളുടെ അമ്മ ചങ്കുപൊട്ടി കരയുമ്പോഴും കാണണം ഇത്, സ്വർണപത്രമിട്ടു മൂടിയാലും സത്യം പുറത്തുവരും: അഭിരാമി
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്. നടിയായും മോഡലായും ഗായികയായുമെല്ലാം അഭിരാമി തിളങ്ങിയിട്ടുണ്ട്. എന്നാൽ അമൃതയ്‌ക്കൊപ്പം ബിഗ് ബോസിൽ എത്തിയതോടെയാണ് കൂടുതൽ പേർക്ക് സുപരിചിതയാകുന്നത്. ഇരുവരും ഒന്നിച്ചു നടത്തിയിരുന്ന യൂട്യൂബ് ചാനലും ബന്ധുമൊക്കെ ആരാധകർക്കിടയിൽ ഹിറ്റായിരുന്നു.
ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്ന അനിയത്തിയാണ് അഭിരാമി സുരേഷ്. സഹോദരി എന്നതിനൊപ്പം അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. അമൃതയെ എല്ലാ കാര്യങ്ങളിലും പിന്തുണയ്ക്കുന്ന ആളാണ് അഭിരാമി. ചേച്ചിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങള്‍ക്കെതിരെ രംഗത്തെത്താറുള്ളത് അഭിരാമിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമൃതയ്‌ക്കെതിരെ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് സൈബർ ഇടങ്ങളിൽ നിന്നും ഉണ്ടാകുന്നത്.

അമൃതയുടെ മുൻഭർത്താവും നടനുമായ ബാല അടുത്തിടെ അമൃതയെക്കുറിച്ചു നടത്തിയ ചില പരാമർശങ്ങളും തുറന്നുപറച്ചിലുകളുമാണ് ഇതിനു കാരണം. ബാലയുടെ പരാമര്‍ശത്തെ വളച്ചൊടിച്ചും അമൃതയെ അധിക്ഷേപിച്ചും നിരവധി യുട്യൂബ് ചാനലുകള്‍ വാര്‍ത്തകള്‍ നൽകുന്നുണ്ട്. തുടർന്ന് അമൃതയ്ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായപ്പോൾ പ്രതികരണവുമായി അഭിരാമി രംഗത്തെത്തിയിരുന്നു.
വിവാഹമോചനത്തിന്‍റെ പേരില്‍ കഴിഞ്ഞ പത്തുവര്‍ഷമായി തങ്ങളുടെ കുടുംബത്തിന്റെ വിശേഷദിവസങ്ങളെല്ലാം നശിപ്പിക്കപ്പെടുകയാണെന്നും തന്‍റെ സഹോദരിയെ മൂന്നാംകിടക്കാരി ആക്കുന്ന പ്രവൃത്തിയാണ് ചിലർ നടത്തുന്നതെന്നും അഭിരാമി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒരുപാട് കാലം മൗനം പാലിച്ചെന്നും അച്ഛന്‍റെ മരണ ശേഷവും തുടരുന്ന ഈ വേട്ടയാടല്‍ വേദനിപ്പിക്കുന്നുവെന്നും അഭിരാമി പറഞ്ഞു.
എന്നിട്ടും സൈബർ ആക്രമങ്ങൾക്കും ചർച്ചകൾക്കും അവസാനമില്ലാതായതോടെ വീണ്ടും മൂർച്ചയേറിയ പ്രതികരണക്കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. ഗായിക പങ്കുവെച്ച പുതിയ കുറിപ്പും വൈറലാവുകയാണ്.
"കള്ളക്കണ്ണീരുകളുടെയും നുണകളുടെയും രോധനങ്ങളുടെയും പകൽമാന്യതയുടെയും ഈ ലോകത്തിനോട് പോരാടാൻ എളുപ്പമല്ല കൂട്ടരേ. പക്ഷേ ചങ്കു പിടഞ്ഞു നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരൽ ഒക്കെ. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും. സത്യം സ്വർണപത്രമിട്ടു മൂടിയാലും പുറത്തു വരും. കണ്ണുനീരൊഴുക്കി എന്നത് മാനുഷികം മാത്രമാണ്. പക്ഷേ, അത് കള്ളക്കണ്ണീരാണോ എന്ന് കൂടെ ഉറപ്പു വരുത്തണം. അല്ലെങ്കിൽ നാളെ വേദനിക്കും. ആമേൻ", അഭിരാമി സുരേഷ് കുറിച്ചു.

അഭിരാമിയുടെ കുറിപ്പിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. തനിക്ക് പിന്തുണ പ്രഖ്യാപിച്ചവരോടും വിമർശിച്ചവരോടുമൊക്കെ ഗായിക കമന്റിലൂടെ പ്രതികരിക്കുന്നുമുണ്ട്. വിമർശകർക്ക് ചുട്ട മറുപടിയാണ് അഭിരാമി നൽകുന്നത്. എല്ലാ പ്രശ്നവും സോഷ്യൽ മീഡിയയിൽ ഇട്ട് ചർച്ച ചെയ്തിട്ട് പരിഹാരം കിട്ടുന്നുണ്ടോ എന്ന് ചോദിച്ച ആളോട് ഇത് തന്റെ ഡിഫൻസ് മെക്കാനിസം ആണെന്നാണ് അഭിരാമി നൽകിയ മറുപടി. ഇവിടെ വെറുതെയിരുന്ന് സംസാരിച്ചവൾ അല്ല താനെന്നും അഭിരാമി പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ ബാല രംഗത്തെത്തിയത്. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടെന്നും അതിനാലാണ് വിവാഹ മോചിതരായത് എന്നുമായിരുന്നു ബാലയുടെ ആരോപണം. മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ ഈ പരാമർശം വലിയ ചർച്ചയായി മാറിയിരുന്നു. നിരവധി പേർ ബാലയെ വിമർശിച്ചും രംഗത്തെത്തുണ്ടായി. വിവാഹമോചനം കഴിഞ്ഞ് ഇത്രവർഷം കഴിഞ്ഞിട്ടും ആദ്യ ഭാര്യയെ വെറുതെ വിടാതെ, അനാവശ്യ ആരോപണങ്ങൾ നടത്തുന്നത് എന്തിനാണ് എന്നായിരുന്നു ആരാധകരുടെ ചോദ്യം.


Click it and Unblock the Notifications











