ചില നഷ്ടങ്ങള്‍ വാക്കുകള്‍ക്കുമപ്പുറം, അച്ഛന്‍, ഇപ്പോള്‍ ലിവി അമ്മയും; ഗോപി സുന്ദറിനെ ചേര്‍ത്തുപിടിച്ച് അഭിരാമി
കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗം. പിന്നാലെ അമ്മയെക്കുറിച്ച് വിങ്ങുന്ന വാക്കുകള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പിന്നാലെ ഗോപി സുന്ദറിനെ ചേര്‍ത്തു പിടിക്കുകയായിരുന്നു ആരാധക ലോകം. സംഗീത രംഗത്തു നിന്നും നിരവധി പേരാണ് ലിവി സുരേഷിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയത്.
ഇതിനിടെ ഗോപി സുന്ദറിന്റെ മുന്‍ പങ്കാളിമാരായ അമൃത സുരേഷും അഭയ ഹിരണ്‍മയിയും പങ്കുവച്ച പോസ്റ്റുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അമൃതയുടെ സഹോദരി അഭിരാമി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. തന്റെ അച്ഛനേയും ലിവി അമ്മയേയും നഷ്ടമായെന്നാണ് അഭിരാമി പറയുന്നത്. ഗോപി സുന്ദറിന്റേയും തങ്ങളുടേയും കുടുംബങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും അഭിരാമി പങ്കുവച്ചിട്ടുണ്ട്.

''ചില നഷ്ടങ്ങള്‍ വാക്കുകള്‍ക്കും അധീതമാണ്. എത്ര ശ്രമമിച്ചാലും ആ വേദനയുടെ ആഴം വിവരിക്കാനാകില്ല. ഇന്ന് ഞാന്‍ എഴുന്നേറ്റത് ലിവി അമ്മയുടെ വേര്‍പാടിന്റെ വാര്‍ത്തയിലേക്കാണ്. പഴയ ചാറ്റുകളിലൂടെ കടന്നു പോകവെ, ഞാന്‍ ഒരു ഫോട്ടോയിലേക്ക് എത്തി. അത് എന്നെ കൂടുതല്‍ സങ്കടത്തിലാക്കി. ഫോട്ടോയില്‍, എനിക്ക് നഷ്ടമായ രണ്ട് മനോഹരമായ ആത്മാക്കളെ ഞാന്‍ കണ്ടു. എന്റെ അച്ഛനും, ഇപ്പോള്‍ ലിവി അമ്മയും. ഈ ദുഖം എങ്ങനെ വാക്കുകളിലേക്ക് പകര്‍ത്തണമെന്ന് എനിക്കറിയില്ല.'' എന്നാണ് അഭിരാമി പറയുന്നത്.
''നമ്മളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുക എന്നാല്‍ നമ്മുടെ തന്നെ ഒരു ഭാഗം നഷ്ടപ്പെടുക എന്നാണ്. ഒരിക്കലും തിരിച്ചു കിട്ടാത്തൊരു ഭാഗം. പക്ഷെ ഒരു തരത്തില്‍, അവര്‍ ഇപ്പോള്‍ പ്രകൃതിയുടെ ഭാഗമാണെന്ന് കരുതുന്നു. കാവല്‍ മാലാഖമാരെപ്പോലെ നമ്മളെ കാക്കുന്നു. ചേട്ടനും അച്ഛനും ഈ നഷ്ടം നേരിടാനുള്ള കരുത്ത് നേടിയെടുക്കട്ടെ എന്നാണ് ഈ നിമിഷം ഞാന്‍ പ്രത്യാശിക്കുന്നത്. അവര്‍ ഇപ്പോള്‍ കുറേക്കൂടി മെച്ചപ്പെട്ട ഇടത്താണ്. അവര്‍ എന്നും താരകങ്ങള്‍ക്കിടയില്‍ നിന്നും നിങ്ങളെ നോക്കിക്കാണും. പ്രണാമം ലിവി അമ്മ.'' എന്നും അഭിരാമി പറയുന്നുണ്ട്.
ഗോപി സുന്ദറിനും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം അഭയ ഹിരണ്‍മയി പങ്കുവെച്ചത്. ' നിങ്ങളുടെ സംഗീതത്തിന്റെ നാള്‍വഴികള്‍ എനിക്കറിയാം. അമ്മയിലൂടെ കേട്ട റേഡിയോയിലെ തമിഴ് പാട്ടുകളിലൂടെ തുടങ്ങിയ യാത്രയാണത്. ഇനിയുള്ള കാലവും നിങ്ങളുടെ വഴികാട്ടിയായി അമ്മ ഒപ്പമുണ്ടാവും. ഈ വേദന മറികടക്കാനുള്ള ശക്തി പ്രപഞ്ചം നല്‍കും. അമ്മയിലൂടെ തന്നെ ഏട്ടന്റെ മുറിവ് സുഖപ്പെടും,' എന്നാണ് അഭയ ഹിരണ്‍മയി പറഞ്ഞത്. ഗോപി സുന്ദറിന്റെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രമാണ് അമൃത പങ്കുവച്ചിരുന്നത്.

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതിന് ശേഷമാണ് ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലാകുന്നത്. എന്നാല്‍ ആ ബന്ധവും പിന്നീട് പിരിയുകയായിരുന്നു.
അമ്മയുടെ വിയോഗത്തില്‍ ഗോപി സുന്ദർ പങ്കുവച്ച വികാരഭരിതമായ കുറിപ്പും വാർത്തയായിരുന്നു. അമ്മ, നിങ്ങളെനിക്ക് ജീവിതം തന്നു, സ്‌നേഹവും എന്റെ സ്വപ്‌നങ്ങള്‍ പിന്തുടരാനുള്ള കരുത്തും തന്നു. ഞാന്‍ സൃഷ്ടിക്കുന്ന സംഗീതത്തിന്റെ ഓരോ നോട്ടിലും നിങ്ങളെനിക്ക് തന്ന സ്‌നേഹമുണ്ട്. നിങ്ങള്‍ എവിടേയും പോയിട്ടില്ല. എന്റെ ഹൃദയത്തിലും സംഗീതത്തിലും ഞാന്‍ വെക്കുന്ന ഓരോ ചുവടിലും നിങ്ങളുണ്ടെന്നാണ് ഗോപി സുന്ദർ കുറിപ്പിലൂടെ പറഞ്ഞത്.


Click it and Unblock the Notifications











