'അന്നുമുതൽ ലൈഫിന്റെ കീ ഭാര്യക്ക് നൽകി; മകൻ ലിവിങ് റിലേഷനിലാണ്, മകൾക്കും പ്രണയമുണ്ട്': അബ്ബാസ്
റൊമാന്റിക് ഹീറോയായി ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്ന താരമാണ് അബ്ബാസ്. പല നടന്മാരും കൊതിക്കുന്നത് പോലൊരു തുടക്കമാണ് അബ്ബാസിന് ചലച്ചിത്ര ലോകത്ത് ലഭിച്ചത്. 1996ൽ പുറത്തിറങ്ങിയ കാതൽ ദേശം എന്ന തന്റെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തരംഗമായി മാറാൻ അബ്ബാസിന് കഴിഞ്ഞു. പ്രത്യേകിച്ചും സ്ത്രീ പ്രേക്ഷകരാണ് അബ്ബാസിനെ ഏറ്റെടുത്തത്. സെൻസേഷനായി മാറിയ അബ്ബാസിനെ തേടി കൈനിറയെ അവസരങ്ങളെത്തി.
എന്നാൽ സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ പിഴവുകളും തുടർച്ചയായ പരാജയങ്ങളും നടന്റെ കരിയറിനെ ബാധിച്ചു. നായക വേഷങ്ങളില്‍ നിന്നും മാറി സഹതാര വേഷങ്ങളിലേക്ക് നടന് ഒതുങ്ങേണ്ടി വന്നു. ഇരുപത് വർഷങ്ങൾക്ക് ശേഷം പതിയെ സിനിമ തന്നെ വിടുകയായിരുന്നു അബ്ബാസ്. ഇപ്പോൾ കുടുംബത്തോടൊപ്പം വിദേശത്താണ് നടൻ. അടുത്തിടെ അബ്ബാസിന്റെ ഒരു വീഡിയോ വൈറലായി മാറിയിരുന്നു.

ഭാര്യയ്‌ക്കൊപ്പം ന്യൂസിലൻഡിൽ ആണെന്നും ബൈക്ക് മെക്കാനിക്കായി ജോലി ചെയ്യുകയാണെന്നും നടൻ വെളിപ്പെടുത്തി. അതിന് പിന്നാലെ നടന്റെ കരിയർ സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ് നടൻ. ഇതിനുപിന്നാലെ നിരവധി അഭിമുഖങ്ങളാണ് അബ്ബാസ് നൽകുന്നത്.
അതിനിടെ ഒരു അഭിമുഖത്തിൽ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അബ്ബാസ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. തന്റെ വിവാഹത്തെ കുറിച്ചും മക്കളെ കുറിച്ചുമാണ് അബ്ബാസ് സംസാരിച്ചത്. മുൻപൊരു പ്രണയം തകർന്നതിന്റെ പേരിൽ താൻ ആത്മഹത്യ ചെയ്യാൻ പോയതിനെ കുറിച്ചും അബ്ബാസ് പറയുന്നുണ്ട്.
'22-ാം വയസ്സിലായിരുന്നു വിവാഹം. അതിനു മുന്‍പ് പലരെയും പ്രണയിച്ചിട്ടുണ്ട്. അതിന്റെ കണക്കുകളൊന്നുമില്ല. പത്താം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായിരുന്ന പ്രണയം പരാജയപ്പെട്ടപ്പോൾ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയിരുന്നു. അന്ന് പതിനഞ്ചോ പതിനാറോ വയസ്സ് കാണും. പ്രണയം പൊട്ടിയപ്പോള്‍ ഇനി ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി. പക്ഷേ ഭയങ്കര ഉയരത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല',
'ഏതെങ്കിലും വണ്ടിയ്ക്ക് മുന്നിലേക്ക് ചാടാം എന്ന് കരുതി നാഷണല്‍ ഹൈവേയില്‍ പോയി നിന്നു. മരിക്കാനുള്ള സംഭരിച്ചു. അപ്പോൾ വന്ന ഒരു ലോറിയ്ക്ക് മുന്നിലേക്ക് ചാടി മരിക്കാനായിരുന്നു തീരുമാനം. ചാടാനായി റെഡിയായപ്പോള്‍ അതിന്റെ തൊട്ടു പിന്നില്‍ ഒരു ബൈക്ക് വരുന്നതു കണ്ടു. ഞാന്‍ ലോറിയ്ക്ക് മുന്നിലേക്ക് ചാടിയാല്‍ പിന്നില്‍ വരുന്ന ബൈക്കിലുള്ള രണ്ടു പേര്‍ക്കും അപകടം സംഭവിക്കുമെന്ന് മനസ്സിലായപ്പോള്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എനിക്കൊരു രണ്ടാം ജന്മവും ഒപ്പം തിരച്ചറിവും നല്‍കിയ സംഭവമാണത്', അബ്ബാസ് പറഞ്ഞു.
'അമ്മയുടെ ഇഷ്ടപ്രകാരം നടന്ന വിവാഹമായിരുന്നു എന്റേത്. അതുവരെയും അമ്മ പറയുന്നതൊന്നും അനുസരിക്കാത്ത മകനായിരുന്നു ഞാൻ. ഇതിലെങ്കിലും അമ്മയെ അനുസരിക്കണമെന്ന് കരുതി ഓക്കെ പറഞ്ഞതാണ്. അത് പെട്ടു. ഇരുപത്തിരണ്ടാം വയസ്സില്‍ വിവാഹം കഴിഞ്ഞു. പിന്നീട് കുടുംബത്തിനായിരുന്നു പ്രധാന്യം. ലൈഫിന്റെ കീ ഭാര്യയ്ക്ക് നല്‍കി. വളരെ സക്‌സസ്ഫുള്ളായ ദാമ്പത്യ ജീവിതമാണെന്നൊന്നും പറയാന്‍ പറ്റില്ല',

'എന്നെയൊരു നല്ല ഭര്‍ത്താവും അച്ഛനുമാക്കിയത് എന്റെ ഭാര്യയും മക്കളും തന്നെയാണ്. ഇടയ്ക്ക് എന്റെ ഈഗോയും ദേഷ്യവുമെല്ലാം പുറത്തുവന്നിട്ടുണ്ട്. എന്റെ അമ്മായിയമ്മ സ്വഭാവം കാരണം മക്കള്‍ വീടുവിട്ടുപോകാന്‍ വരെ ഒരുങ്ങി. വിവാഹ മോചനത്തിന്റെ വക്കില്‍ എത്തിയിരുന്നു. പക്ഷെ അതുകൊണ്ടൊന്നും കാര്യമില്ല, ഈഗോയല്ല കുടുംബം തന്നെയാണ് പ്രധാനമെന്ന് തോന്നിയപ്പോള്‍ തിരിച്ചറിവു വന്നു. മകന്‍ ഇപ്പോൾ ലിവിങ് റിലേഷനിലാണ്. മകള്‍ക്കും പ്രണയമുണ്ട്', അബ്ബാസ് മനസുതുറന്നു.
സിനിമയിലേക്ക് തിരിച്ചുവരാനുള്ള തന്റെ ആഗ്രഹവും അബ്ബാസ് അഭിമുഖത്തിൽ പ്രകടിപ്പിച്ചു. സിനിമ തനിക്ക് തന്നെ ബോര്‍ അടിച്ചപ്പോഴാണ് അഭിനയം അവസാനിപ്പിച്ച് ന്യൂസിലാന്റിലേക്ക് പോയത്. അവിടെ പെട്രോള്‍ പമ്പില്‍ ഉള്‍പ്പടെ ജോലി ചെയ്തു. ഇപ്പോള്‍ ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹമുണ്ടെന്ന് അബ്ബാസ് പറഞ്ഞു.


Click it and Unblock the Notifications